മാവേലിക്കര
രാഷ്‌ട്രീയത്തിലും എഴുത്തിലും എന്നും പുരോഗമനപക്ഷത്തായിരുന്നു പ്രൊഫ. പ്രയാർ പ്രഭാകരൻ. ‘അനുഭൂതിയുടെ അനുപല്ലവി’ എന്ന ഗ്രന്ഥത്തിന്റെ അവതാരികയിൽ ഇ എം എസ് കുറിച്ച വാക്കുകൾ ഇതിനു നേർസാക്ഷ്യമാണ്. ‘‘പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെയും മാർക്‌സിയൻ സൗന്ദര്യശാസ്‌ത്രത്തിന്റെയും ചേരിയിലാണ് പ്രൊഫ. പ്രയാർ പ്രഭാകരൻ നിലയുറപ്പിച്ചിട്ടുള്ളത്. സമൂഹത്തിന്റെ ജീവിതത്തിന് സാഹിത്യകാരന്റെ വ്യക്തിപ്രഭയിൽനിന്നുണ്ടാകുന്ന പ്രതികരണമായാണ് നല്ല സാഹിത്യം വരുന്നതെന്ന മാർക്‌സിയൻ സിദ്ധാന്തത്തിൽ അദ്ദേഹം ഉറച്ചു നിൽക്കുന്നു'’.
സ്വാമി ബ്രഹ്മവ്രതന്റെയും (കെ ശങ്കരപ്പിള്ള) ലക്ഷ്‌മിക്കുട്ടിയമ്മയുടെയും മകനായി 1930 ആഗസ്‌ത് 14ന് പ്രയാറിലാണ് പ്രയാർ പ്രഭാകരൻ (കെ പ്രഭാകരൻ) ജനിച്ചത്. പ്രയാർ ഗവ. ലോവർ പ്രൈമറി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1950 ൽ ശൂരനാട് ഹൈസ്‌കൂളിലും പിന്നീട് കൊല്ലം ശ്രീനാരായണ വനിതാ കോളേജിലും അധ്യാപകനായി. വർക്കല, ചെമ്പഴന്തി, ചേർത്തല, നാട്ടിക എസ്എൻ കോളേജുകളിൽ പ്രൊഫസറായി. 1986 ൽ കൊല്ലം എസ്എൻ കോളേജിൽനിന്നാണ് വിരമിച്ചത്. പിന്നീട് ആലപ്പുഴ ആര്യാട് ബിഎഡ് സെന്ററിൽ ഓണററി അധ്യാപകനും മാവേലിക്കര മെക്‌സ് കോ-–-ഓപ്പറേറ്റീവ് കോളേജ് പ്രിൻസിപ്പലുമായി.
അനുഭൂതിയുടെ അനുപല്ലവി, കവി: ഭാരതീയ സാഹിത്യശാസ്‌ത്രങ്ങളിൽ, ഭാരതീയ സാഹിത്യശാസ്‌ത്ര പഠനങ്ങൾ, പ്രതിഭയുടെ പ്രകാശഗോപുരങ്ങൾ, ശ്രീനാരായണഗുരു: അഭേദ ദർശനത്തിന്റെ ദീപ്തസൗന്ദര്യം, ആശാൻ കവിതയുടെ ഹൃദയതാളം, സൗന്ദര്യബോധത്തിൽ ഒരു കന്നിക്കൊയ്‌ത്ത്, ഭരതമുനിയുടെ നാട്യശാസ്‌ത്രത്തിലൂടെ, വേദങ്ങൾ ആത്മവിദ്യയുടെ ആദിമരേഖ എന്നിവയടക്കം നിരവധി കൃതികൾ രചിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സാഹിത്യ സംഭാവനയ്ക്കുള്ള പുരസ്‌കാരം, അബുദാബി ശക്തി അവാർഡ്, വീണപൂവ് ശതാബ്‌ദി പുരസ്‌കാരം, ഡോ. കെ പ്രസന്നൻ സ്‌മാരക സാഹിത്യപുരസ്‌കാരം, ഇൻഡിവുഡ് ഭാഷാഗവേഷണ സാഹിത്യപുരസ്‌കാരം, ഗുരുദേവൻ ബുക്ക് ട്രസ്‌റ്റ് സാഹിത്യ പുരസ്‌കാരം, ഡോ. സുകുമാർ അഴീക്കോട് വിചാരവേദി സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചു.
കേരള സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് അംഗം, കേരള ലളിതകലാ അക്കാദമി ഭരണസമിതി അംഗം, അമ്പലപ്പുഴ കുഞ്ചൻ സ്‌മാരക സമിതി അംഗം, ഗ്രന്ഥശാലാസംഘത്തിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവംഗം, പത്രാധിപസമിതി അംഗം, കേരള യൂണിവേഴ്‌സിറ്റി മലയാളം എംഎ ബോർഡ് ഓഫ് സ്‌റ്റഡീസ് അംഗം, ബോർഡ് ഓഫ് എക്‌സാമിനേഷൻ അംഗം, ഫാക്കൽറ്റി ഓഫ് ഓറിയന്റൽ സ്‌റ്റഡീസ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
എൽപിജി നമ്പൂതിരി, ദേവികുളങ്ങര എ ഭരതൻ എന്നിവരുമായി ചേർന്ന് പ്രയാറിൽ പാർടി സെൽ രൂപീകരിക്കാൻ നേതൃത്വം നൽകി. ചുനക്കരയിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ചു. കായംകുളത്ത് വള്ളത്തൊഴിലാളികളെ സംഘടിപ്പിക്കാനും പാർടി നിയോഗിച്ചു. വിവിധ ജില്ലകളിൽ ദേശാഭിമാനി സ്‌റ്റഡി സർക്കിൾ രൂപീകരിച്ചു. സിപിഐ എം ചുനക്കര ലോക്കൽ കമ്മിറ്റിയംഗമായിരുന്നു. പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃപദവിയിൽ പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കൊല്ലം എസ്എൻ കോളേജിൽനിന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌തു.
മുൻമന്ത്രിമാരായ എം എ ബേബി, മുല്ലക്കര രത്‌നാകരൻ, ജി കാർത്തികേയൻ, സാഹിത്യകാരൻമാരായ കുരീപ്പുഴ ശ്രീകുമാർ, അശോകൻ ചെരുവിൽ, പി കെ ഗോപി അടക്കം നിരവധി പ്രമുഖർ ശിഷ്യരാണ്.
നികത്താനാകാത്ത നഷ്‌ടം: സി എസ് സുജാത
മാവേലിക്കര
പ്രൊഫ. പ്രയാർ പ്രഭാകരന്റെ വേർപാട് പാർടിക്കും ഇടതുപക്ഷത്തിനും നികത്താനാകാത്ത നഷ്‌ടമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത പറഞ്ഞു. തൂലിക പടവാളാക്കി ജീവിതാന്ത്യംവരെ അദ്ദേഹം പ്രവർത്തിച്ചു. എല്ലാ അർഥത്തിലും പുരോഗമനാശയത്തിന് ഒപ്പമായിരുന്ന അദ്ദേഹം എല്ലാക്കാലവും ജനമനസുകളിൽ നിറഞ്ഞുനിൽക്കുമെന്നും സി എസ് സുജാത പറഞ്ഞു.
സംഭാവന അവിസ്‌മരണീയം: മന്ത്രി സജി ചെറിയാൻ
മാവേലിക്കര
വാഗ്‌മിയും എഴുത്തുകാരനുമായ പ്രൊഫ. പ്രയാർ പ്രഭാകരന്റെ സംഭാവന അവിസ്‌മരണീയമെന്ന് മന്ത്രി സജി ചെറിയാൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു. ഭാരതീയ സാഹിത്യശാസ്‌ത്രത്തിൽ നിരവധി പഠനങ്ങൾ നടത്തിയ അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യത്തിനുള്ള സമഗ്രസംഭാവനാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ബന്ധുക്കളുടെയും സുഹൃത്തുകളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.
പ്രൊഫ. പ്രയാർ പ്രഭാകരൻ ഒരേസമയം മികച്ച അധ്യാപകനായും വാഗ്‌മിയായും നിരൂപകനായും തിളങ്ങിയ മാതൃകാ കമ്യൂണിസ്‌റ്റായിരുന്നെന്ന് എം എസ് അരുൺകുമാർ എംഎൽഎ അഅനുശോചന സന്ദേശത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..