മാവേലിക്കര
ബംഗളൂരുവിൽ ക്രൂരമർദനത്തിനിരയായ ഒന്നാം വർഷ നഴ്‌സിങ് വിദ്യാർഥി തഴക്കര മാങ്കാംകുഴി പുത്തൻപുരയിൽ ആദിൽ ഷിജി (19) കുറത്തികാട് പൊലീസിന് മൊഴി നൽകി. ഞായർ ഉച്ചയോടെ ആദിലിന്റെ വീട്ടിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. ആദിലിന്റെ മാതാപിതാക്കളായ ഷിജിയും അജീനയും ശനിയാഴ്‌ച ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നെത്തിയ ആദിലിനെ ചെങ്ങന്നൂർ ഡിവൈഎസ്‌പി എം കെ ബിനുകുമാറിന്റെ നിർദേശപ്രകാരമാണ് പൊലീസ് വിളിച്ചത്. മൊഴിയെടുത്തശേഷം പൊലീസ് കേസെടുത്തു.
മർദിച്ച മലപ്പുറം നിലമ്പൂർ സ്വദേശി അർജുൻ, പത്തനംതിട്ട റാന്നി സ്വദേശി റെജി ഇമ്മാനുവേൽ എന്നിവർക്കെതിരെയാണ് കേസ്. റെജി റാന്നിയിൽ ഇമ്മാനുവേൽ എഡ്യൂക്കേഷണൽ കൺസൾട്ടൻസി നടത്തുകയാണ്. സുഹൃത്തായ അർജുൻ നിലമ്പൂരിലെ യുവമോർച്ച നേതാവാണെന്ന് ആദിൽ പറഞ്ഞിരുന്നു.
ആദിൽ പഠിക്കുന്ന ബംഗളൂരുവിലെ സുശ്രുതി കോളേജിൽ റെജി വഴി പ്രവേശനം നേടിയ വിദ്യാർഥികളെ മറ്റൊരു കോളേജിൽ കയറാൻ സഹായിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഒക്‌ടോബർ നാലിന് കോളേജ് ഓഫീസിൽ വിളിച്ചുവരുത്തി, പൂട്ടിയിട്ടും കെട്ടിയിട്ടും തന്നെയും സുഹൃത്തിനെയും മൃഗീയമായി മർദിച്ചശേഷം നഗ്‌നചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയെന്നും ആദിൽ വെളിപ്പെടുത്തിയിരുന്നു. മറ്റ് വിദ്യാർഥികളെ മർദിക്കുന്നതിന്റെ വീഡിയോകൾ കാട്ടിയും ഭീഷണിപ്പെടുത്തി.
24 മണിക്കൂറിലേറെ നീണ്ട പീഡനത്തിന്റെ നടുക്കത്തിൽനിന്ന് ആദിൽ മോചിതനല്ല. ഒരുവർഷത്തിനിടെ ഫീസ് ഉൾപ്പെടെ മൂന്നരലക്ഷത്തിലേറെ രൂപ ചെലവായതായി ഷിജി പറയുന്നു. ഇനി മകനെ ബംഗളൂരുവിലേക്ക് അയക്കുന്നില്ല. ഇതേ സംഘത്തിന്റെ പീഡനത്തിനിരയായ നിരവധി പേർ പരാതി നൽകാനൊരുങ്ങുകയാണ്. ആദിലിന് വേണ്ട എല്ലാ സർക്കാർ സഹായവും ഉറപ്പാക്കുമെന്ന് എം എസ് അരുൺകുമാർ എംഎൽഎ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..