മങ്കൊമ്പ്
വേലിയേറ്റം ശക്തമായതോടെ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ. പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാണ്. പമ്പിങ് ആരംഭിച്ച 200 ഏക്കർ വരുന്ന പുളിങ്കുന്ന് മേച്ചേരിവാക്ക പാടശേഖരത്തിൽ ബുധനാഴ്ച രാവിലെ മടവീണു. മടകുത്താൻ കർഷകർ ശ്രമമാരംഭിച്ചു.
തുലാമഴയോടൊപ്പം വേലിയേറ്റം കൂടിവന്നതാണ് വിനയായത്. പുലർച്ചെ ആരംഭിക്കുന്ന വേലിയേറ്റം പകൽ 11 വരെ തുടരും. പിന്നീട് വെള്ളം ഇറങ്ങിത്തുടങ്ങും. കിഴക്കൻ പ്രദേശങ്ങളിൽ മഴ കനത്തതിനാൽ വെള്ളത്തിന്റെവരവും ശക്തമായതോടെയാണ് കുട്ടനാട്ടിൽ വെള്ളപ്പൊക്കം പോലെ ജലനിരപ്പുയരുന്നത്.
ജലനിരപ്പ് ക്രമാതീതമായി ഉയരുമ്പോൾ താണ പ്രദേശങ്ങിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിൽ മുങ്ങും. നടവഴികളും ഇടറോഡുകളും വെള്ളത്തിലാണ്. മങ്കൊമ്പ് ആറാട്ടുവഴിയിൽ ഒരടിയോളം വെള്ളമുണ്ട്. പുഞ്ചകൃഷിക്കായി പമ്പിങ് ആരംഭിച്ചതിനാൽ പാടശേഖരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളെ ഇപ്പോൾ വെള്ളപ്പൊക്കം ബാധിച്ചിട്ടില്ല.
വേലിയേറ്റമായതോടെ രണ്ടാംകൃഷി ചെയ്യുന്നതും പുഞ്ചകൃഷിക്കായി പമ്പിങ് ആരംഭിച്ചതുമായ പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലാണ്. പുളിങ്കുന്ന് പഞ്ചായത്തിലെ 13, 14 വാർഡുകളിലെ ഭൂരിഭാഗം വീടുകളും വെള്ളത്തിലാണ്. വൃശ്ചിക മാസമാകുന്നതോടെ വേലിയേറ്റം ഇനിയും ശക്തമാകുമെന്നാണ് കർഷകർ പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..