22 November Friday
ജാപ്പനീസ് സാങ്കേതികവിദ്യ പരീക്ഷിച്ചു

മലിനജലം ശുചീകരിച്ച്
കൃഷിക്ക്‌ ഉപയോഗിക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

സ്‌ക്വാസ് സൊല്യൂഷൻസിന്റെ ജലമാലിന്യ സംസ്‌കരണ സംവിധാനം

അഞ്‌ജലി ഗംഗ
ആലപ്പുഴ
ഹോട്ടലുകളിലെ മലിനജലത്തിന്‌ പരിഹാരവുമായി ജാപ്പനീസ്‌ സാങ്കേതികവിദ്യ. ഹരിതകേരളം മിഷനും കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിഷനും ചേർന്നാണ്‌ സ്‌ക്വാസ് സൊല്യൂഷൻസിന്റെ ജാപ്പനീസ്‌ സാങ്കേതികവിദ്യ പരീക്ഷിച്ചത്‌. പയ്യന്നൂർ സ്വദേശിയും കംപ്യൂട്ടർ ശാസ്‌ത്രജ്ഞനുമായ ഡോ. ഹരീഷ് നമ്പ്യാരാണ്‌ നേതൃത്വം നൽകിയത്‌. അരമന റെസ്‌റ്റോറന്റിൽ കലക്‌ടർ അലക്‌സ്‌ വർഗീസ് പരീക്ഷണം ഉദ്‌ഘാടനംചെയ്‌തു. 
   മിനിലോറിയിൽ സജ്ജീകരിച്ച സഞ്ചരിക്കുന്ന സംസ്‌കരണ സംവിധാനമാണ് സ്‌ക്വാസ് സൊല്യൂഷൻസ് ജില്ലയിലെത്തിച്ചത്. ഒരുമണിക്കൂറിൽ 2000 ലിറ്റർ മലിനജലം സംസ്‌കരിക്കാൻ ശേഷിയുണ്ട്‌. ജലത്തിലെ 90 ശതമാനം മാലിന്യവും നീക്കാം. പൊടിമിശ്രിതം ചേർത്ത് മോട്ടോർ ഉപയോഗിച്ച് ശക്തമായി ഇളക്കുമ്പോൾ മലിനജലത്തിൽ അലിഞ്ഞുചേർന്ന ഖരമാലിന്യങ്ങൾ കൂടിച്ചേരും. ഇതിനെ സ്‌ക്രൂപ്രസ് ചെയ്‌ത്‌ എടുത്തുമാറ്റാനാകും. 
  സംസ്‌കരിച്ച ജലം കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കാം. എണ്ണയടക്കം വേർതിരിക്കാനാകും. വാഷിങ്‌ മെഷീൻ പ്രവർത്തിപ്പിക്കുന്ന ചെലവിൽ ജലശുദ്ധീകരണം നടത്താനാകുമെന്നതാണ്‌ സവിശേഷത. അമൃത് പദ്ധതിയുടെ സ്‌റ്റാർട്ടപ്പായി തെരഞ്ഞെടുത്ത സ്‌ക്വാസ് സൊല്യൂഷൻ കോഴിക്കോട് നഗരത്തിൽ കനാൽ ശുദ്ധീകരണപ്രവർത്തനങ്ങൾ പരീഷണാടിസ്ഥാനത്തിൽ നടത്തുന്നുണ്ട്‌. കേരളീയം, ഗ്ലോബൽ സയൻസ് ഫെസ്‌റ്റിവൽ കേരള എന്നിവിടങ്ങളിലും എറണാകുളം ജിസിഡിഎയിലെയും പാചകപ്പുരകളിലെ മലിനജലം ശുദ്ധീകരിക്കാൻ സ്ഥാപനത്തിനായി.
  ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിഷൻ ജില്ലാ പ്രസിഡന്റ്‌ മനാഫ് എസ്‌ കുബാബ അധ്യക്ഷനായി. ചെയർപേഴ്സൺ കെ കെ ജയമ്മ,  സ്ഥിരംസമിതി അധ്യക്ഷ കവിത, നഗരസഭാ സെക്രട്ടറി മുംതാസ്, ഹെൽത്ത് ഇൻസ്‌പെക്‌ടർ വർഗീസ്, എൻവയോൺമെന്റ് എൻജിനിയർ സി വി സ്‌മിത, ഹരിതകേരളം മിഷൻ ജില്ലാ കോ–-ഓർഡിനേറ്റർ കെ എസ്‌ രാജേഷ് എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top