17 September Tuesday
ഓണം പൊലിപ്പിക്കാൻ കുടുംബശ്രീയും

ഓണച്ചന്ത നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024
നെബിന്‍ കെ ആസാദ്
ആലപ്പുഴ
ഓണം ശ്രീയോടെ പൊലിപ്പിക്കാൻ കുടുംബശ്രീ. വയനാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷമില്ലെങ്കിലും വിപുല സജ്ജീകരണങ്ങളാണ്‌ കുടുംബശ്രീ ജില്ലയിലാകെ ഒരുക്കുന്നത്‌.  പച്ചക്കറി, പൂകൃഷി, ഓണച്ചന്ത തുടങ്ങിയവയുണ്ട്‌ പട്ടികയിൽ. ഓണം മുന്നിൽക്കണ്ട്‌ മാസങ്ങൾക്ക്‌ മുമ്പ്‌ പൂകൃഷി ആരംഭിച്ചു. 
   നഗരമധ്യത്തിൽ കുടുംബശ്രീ ഒരുക്കിയ ബന്തിപ്പൂന്തോട്ടത്തിൽ സന്ദർശകരുടെ തിരക്കാണ്‌. ആലപ്പുഴ നോർത്ത്‌ സിഡിഎസിൽ ജില്ലാ കോടതി വാർഡിലെ "ഒത്തൊരുമ' ജെഎൽജി ഗ്രൂപ്പാണ്‌ പിച്ചു അയ്യർ ജങ്‌ഷന്‌ സമീപം  50 സെന്റിൽ ബന്തിക്കൃഷിയിറക്കിയത്‌. ഒരേക്കർ പച്ചക്കറിക്കൃഷിയുമുണ്ട്‌ ജെഎൽജിക്ക്‌. നഗരസഭയുടെ മികച്ച കർഷകയായി തെരഞ്ഞെടുത്ത സോഫിയ റൊണാൾഡിന്റെ നേതൃത്വത്തിൽ മിനി സുരേഷ്‌, ഉഷാകുമാരി, ദീപ, സീമ എന്നീ അംഗങ്ങൾ ചേർന്നാണ്‌ കൃഷി നടത്തുന്നത്‌. പച്ചമുളക്‌, പയർ, വെണ്ട, തക്കാളി, വഴുതന, കുക്കുമ്പർ തുടങ്ങിയവയാണ്‌ ഇനങ്ങൾ. വിളവെടുക്കുന്ന പച്ചക്കറി കലക്‌ടറേറ്റിലെയും നഗരസഭയിലെയും ജൈവ സ്‌റ്റാളിലാണ്‌ നൽകുന്നത്‌. രണ്ട്‌ ദിവസം കൂടുമ്പോൾ 10 മുതൽ 15 വരെ കിലോ ഓരോ ഇനവും വിളവെടുക്കാൻ കഴിയുന്നുണ്ടെന്നും വരുംവർഷങ്ങളിൽ കൃഷി കൂടുതൽ വ്യാപിപ്പിക്കുമെന്നും സോഫിയ പറഞ്ഞു. 
  ഒത്തൊരുമ ജെഎൽജിപോലെ നിറപ്പൊലിമ പദ്ധതിയിലൂടെ 76 സിഡിഎസിലായി 962 ജെഎൽജി 119.64 ഏക്കറിൽ പൂകൃഷി ചെയ്യുന്നുണ്ട്. വിഷരഹിത പച്ചക്കറിക്കായി ഓണക്കനി പദ്ധതിയിലൂടെ 69 സിഡിഎസിലായി 1745 ജെഎൽജികൾ 508.85 ഏക്കറിൽ പച്ചക്കറികൃഷിയും ചെയ്യുന്നു.
80 പഞ്ചായത്തിൽ
ചന്ത തുറക്കും 
ഓണദിനങ്ങളിൽ ജില്ലയിലെമ്പാടും കുടുംബശ്രീ ഓണച്ചന്തകൾ പ്രവർത്തിക്കും. ഒമ്പതുമുതലാണ്‌ ചന്ത പ്രവർത്തിക്കുക. 80 പഞ്ചായത്തുകളിൽ ചന്തയുണ്ടാകും. ഒരു പഞ്ചായത്തിൽ രണ്ടെണ്ണം വീതം. നഗരസഭകളിൽ ആവശ്യമെങ്കിൽ നാല്‌ ചന്തകൾ വരെയുണ്ടാകും. ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ നിർമിക്കുന്ന മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗോതമ്പുപൊടി, കറിമസാലകൾ, അരിപ്പൊടി, ഫ്ലോർ ക്ലീനർ, വസ്‌ത്രനിർമാണ യൂണിറ്റുകളിലെ വസ്‌ത്രങ്ങൾ തുടങ്ങിയവ ഓണച്ചന്തകളിൽ ലഭിക്കും. ഓണസദ്യക്ക്‌  ‘ഫ്രഷ്‌ബൈറ്റ്‌സ്‌’ ചിഫ്‌സും ശർക്കരവരട്ടിയുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top