ഹരിപ്പാട്
തൃക്കുന്നപ്പുഴ പാലത്തിന്റെ പുനർ നിർമാണം വൈകുന്നത് തീരമേഖലയിൽ ഗുരുതരമായ യാത്ര ക്ലേശത്തിന് കാരണമാവുന്നു. കരാറുകാർ നിർമാണം വേഗത്തിലാക്കാൻ ഒരു നടപടിയുമെടുക്കാത്തത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നു.
2018 ലാണ് 36 കോടി രൂപയുടെ നിർമാണ കരാർ കമ്പനി ഏറ്റെടുത്തത്. 2020 ഫെബ്രുവരി ഒമ്പതിന് പണി പൂർത്തിയാക്കുമെന്ന കരാർ ഒപ്പിട്ട കമ്പനി നിർമാണം മന്ദഗതിയിലാക്കുകയും 41.78 കോടിയിൽ നിർമാണ കരാർ പുതുക്കി വാങ്ങുകയും ചെയ്തു.
ആറു വർഷത്തിനിടെ പാലത്തിന്റെ ഒരു വശത്തായി നാലു തൂണുകളും ഒരു വശത്തെ റെഗുലേറ്റർ സ്‌പാനും മാത്രമാണ് കമ്പനി പൂർത്തിയാക്കിയത്. അതിനിടെ പാലം പൂർണമായി പൊളിച്ചു മാറ്റിയതോടെ ഇതുവഴിയുള്ള ഗതാഗതം നാമമാത്രമായി. ഇരുചക്ര വാഹനങ്ങളുടെ സഞ്ചാരത്തിന് ഒരു താത്കാലിക ഇരുമ്പ് പാലവും ചെറിയവാഹനങ്ങൾക്കായി ജങ്കാർ സർവീസും ഏർപ്പാടാക്കേണ്ടി വന്നു. ജങ്കാറിനായി പ്രതിമാസം 13 ലക്ഷത്തിലേറെ രൂപയുടെ അധിക ബാധ്യതയും സർക്കാരിനുണ്ടാക്കുന്നു.
കമ്പനിയുടെ കെടുകാര്യസ്ഥത മൂലം നാട്ടുകാർക്കുണ്ടാകുന്നതാകട്ടെ തീരാ ദുരിതങ്ങളും. ജല വിഭവ മന്ത്രി റോഷി അഗസ്റ്റിൻ തൃക്കുന്നപ്പുഴയിലെത്തി നിർമാണ നടപടികൾ വേഗത്തിലാക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് സിപിഐ എം ലോക്കൽ സെക്രട്ടറി എസ് സുധീഷ് നിവേദനം നൽകി.
ദേശീയ ജലപാത തന്നെ അടച്ചുകൊണ്ടുള്ള നിർമാണമാണ് ഇവിടെ നടക്കുന്നത്. നിലവിൽ പാലത്തിനായി നിർമിച്ച തൂണുകൾക്കിടയിലൂടെ താത്കാലിക റോഡുണ്ടാക്കി വാഹനങ്ങൾക്ക് ഒറ്റവരി സഞ്ചാരം നിയന്ത്രിത രീതിയിൽ നടത്താനുള്ള സാധ്യത പരിശോധിക്കാതെ ജങ്കാർ സർവീസിന്റെ പേരിൽ കോടികളുടെ അധികബാധ്യതയുണ്ടാക്കുകയാണെന്നും ഇത് അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..