22 December Sunday

ലക്ഷം നേടി ജ്യോതിയുടെ 
ജാക്ക്‌ വേൾഡ്

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024

കർഷകക്കൂട്ടത്തിലെ അംഗങ്ങൾക്കൊപ്പം ജ്യോതി ലിഖിതരാജ് (നടുവിൽ) പാർസലുകൾ തയ്യാറാക്കുന്നു

 ആലപ്പുഴ 

ചക്ക ഉപ്പേരിയും ചക്കവരട്ടിയതുമൊക്കെ മലയാളികൾക്ക്‌ സുപരിചിതമാണ്‌. എന്നാൽ ചക്കക്കുരു ചെമ്മീൻ ചമ്മന്തിയും ചക്ക കുക്കീസുമൊക്കെ മലയാളികൾ പരിചയപ്പെട്ടുവരുന്നേ ഉള്ളൂ. മലയാളികളുടെ തീൻമേശയിലേക്ക്‌ ചക്കയുടെ 60ലധികം രുചികൾ എത്തിക്കുകയാണ്‌ ആലപ്പുഴ ആറാട്ടുപുഴ കളപ്പുര വെളിപറമ്പിൽ ജ്യോതി ലിഖിതാരാജ്‌.  
ചക്ക ഉപയോഗിച്ച്‌ അറുപതിലധികം ഉൽപ്പന്നങ്ങളാണ്‌ ജ്യോതിയുടെ നേതൃത്വത്തിലുള്ള ‘ജാക്ക്‌ വേൾഡ്’ കൃഷിക്കൂട്ടം ഉത്‌പാദിപ്പിക്കുന്നത്‌. കായംകുളം കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്ന്‌ ചക്ക ഉപയോഗിച്ച്‌ മൂല്യവർധിത ഉൽപന്നങ്ങൾ എങ്ങനെ ഉണ്ടാക്കാം എന്ന്‌ പഠിച്ചതിന്‌ ശേഷമാണ്‌ സംരംഭക മേഖലയിലേക്ക്‌ ഇറങ്ങിയത്‌. 2010ൽ ആദ്യം ഒറ്റയ്ക്ക്‌ തുടങ്ങിയ സംരംഭം 2019ലാണ്‌ കൃഷിക്കൂട്ടത്തിന്റെ ഭാഗമായി യൂണിറ്റായി വിപുലീകരിക്കുന്നത്‌. 
‘ഞങ്ങളുടെ കുടുംബത്തിന്റെ വരുമാന മാർഗമാണിത്‌, കുടുംബത്തെ കൈപിടിച്ചുയർത്താൻ ഈ സംരംഭമായിരുന്നു കരുത്ത്‌’ ജ്യോതി പറയുന്നു. അഞ്ച്‌ വർഷത്തിന്‌ ശേഷം 10 അംഗങ്ങളുള്ള യൂണിറ്റിൽ നിന്നായി മാസം 1.15 ലക്ഷം രൂപയാണ്‌ ലാഭമായി ലഭിക്കുന്നത്‌.
സംസ്ഥാനത്തെ കൃഷി അടിസ്ഥാന വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ കേരള അഗ്രോയിലും ജ്യോതിയുടെ ഉൽപ്പന്നങ്ങൾ ഇടംനേടി. ചക്ക വരട്ടി, ചക്കക്കുരു ചെമ്മീൻ അച്ചാർ, ചക്ക കുക്കീസ്‌, ഇടിച്ചക്ക അച്ചാർ, സ്‌ക്വാഷ്‌ എന്നിവയാണ്‌ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ കേരള അഗ്രോ വഴി വിറ്റഴിക്കുന്നത്‌. ‘കേരള അഗ്രോയിലൂടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ തുടങ്ങിയപ്പോൾ വയനാട്, കോട്ടയം തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ഓർഡറുകൾ ലഭിക്കാറുണ്ട്‌’ –-  ജ്യോതി പറഞ്ഞു. ഓർഡറുകൾ കെഎസ്‌ആർടിസി പാഴ്‌സൽ സർവീസ്‌ വഴിയാണ്‌ അയച്ചുനൽകുന്നത്‌.
ഭർത്താവ്‌ ലിഖിതാരാജാണ്‌ സംരംഭത്തിന്‌ കരുത്തായി കൂടെയുള്ളത്‌. കോട്ടയത്തെ ഫാമിൽ നിന്ന്‌ ചക്കയുടെ ഓർഡറെത്തിച്ച ശേഷം ഉൽപ്പന്നങ്ങളെല്ലാം വീട്ടിൽ തന്നെയാണ്‌ ഉണ്ടാക്കുന്നത്‌. സംരംഭം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷി വകുപ്പ്‌ ചക്ക ഉണക്കാനുള്ള  ഡ്രൈയർ കൃഷിക്കൂട്ടത്തിന്‌ നൽകിയിരുന്നു. 70000 രൂപയുടെ ഡ്രൈയർ 20000 രൂപയ്ക്കാണ്‌ നൽകിയത്‌.  
പ്രിസർവേറ്റീസ്‌ ചേർക്കാതെയാണ്‌ ഉൽപ്പന്നങ്ങൾ നിർമിക്കുന്നത്‌ എന്നതാണ്‌ ജാക്ക്‌ വേൾഡിനെ മികച്ചതാക്കുന്നത്‌. 2023ലെ സംസ്ഥാനതല വനിതാ കർഷക സംഗമത്തിൽ കൃഷി വകുപ്പിന്റെ മികച്ച വനിതാ സംരംഭകയെന്ന അവാർഡ്‌ ലഭിച്ചിരുന്നു. 2022ൽ നടന്ന കുടുംബശ്രീ സരസ്‌ മേളയിലെ ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ ജ്യോതിയുടെതായിരുന്നു. ആലപ്പുഴ റയിൽവേ സ്‌റ്റേഷനിൽ ജാക്ക്‌ വേൾഡിന്റെ ഔട്ട്‌ലെറ്റ്‌ തുറക്കാനും ഈ 51കാരിക്കായി. പന്തളം മാന്തുകയിലും ചക്കക്കടയെന്ന പേരിൽ ചക്ക ഉൽപ്പന്നങ്ങൾ ജ്യോതി വിറ്റഴിക്കുന്നുണ്ട്‌. അരവിന്ദ്‌, അനുപം, അഭിഷേക്‌ എന്നിവരാണ്‌ മക്കൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top