കായംകുളം
ഡിസംബർ അവസാന വാരം കായംകുളത്ത് നടത്താൻ നിശ്ചയിച്ച ജില്ലാ സ്കൂൾ കലോത്സവ സ്വാഗത സംഘ രൂപീകരണ യോഗം തർക്കത്തെ തുടർന്ന് പൂർത്തീകരിക്കാതെ പിരിഞ്ഞു. കായംകുളം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ് ചില അധ്യാപക സംഘടനകൾ തർക്കം ഉണ്ടാക്കിയത്.
യോഗം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷ പി ശശികല അധ്യക്ഷയായി. തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ എസ് ശ്രീലത വിവിധ കമ്മിറ്റികളെക്കുറിച്ച് വിശദീകരണം നൽകിയപ്പോഴാണ് ചില അധ്യാപക സംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയത്. കമ്മിറ്റി രൂപീകരണവുമായി എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാമെന്ന് അറിയിച്ചിട്ടും പിന്തിരിയാൻ അവർ തയ്യാറായില്ല. ബഹളം വച്ച് സംഘർഷം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. സംഘർഷത്തിലേക്ക് നീങ്ങിയപ്പോൾ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ യോഗം അവസാനിപ്പിച്ചു.
വെള്ളിയാഴ്ച അധ്യാപക സംഘടനാ നേതാക്കളുമായി ചർച്ച ചെയ്തശേഷം സ്വാഗതസംഘം രൂപീകരിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഡി ഡി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..