22 November Friday

പുന്നപ്ര‑വയലാർ മണ്ണിന്റെ പ്രിയപ്പെട്ടവൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

പുതുക്കിപ്പണിത സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് (പി കൃഷ്‌ണപിള്ള സ്‌മാരക മന്ദിരം ) 2004 ആഗസ്‌ത്‌ 19ന് അന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ ഉദ്ഘാടനംചെയ്‌തപ്പോൾ. എം എ ബേബി, 
വി എസ് അച്യുതാനന്ദൻ, ഇ ബാലാനന്ദൻ, പിണറായി വിജയൻ, ഡോ. ടി എം തോമസ് ഐസക്‌, എസ് ശർമ തുടങ്ങിയവർ സമീപം (ഫയൽച്ചിത്രം)

സ്വന്തം ലേഖകൻ
ആലപ്പുഴ
സിപിഐ എം നേതാവും പശ്ചിമ ബം​ഗാൾ മുൻ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യയുടെ വിയോഗം പുന്നപ്ര വയലാറിന്റെ ചുവന്ന മണ്ണിനെ സങ്കടത്തിലാഴ്‌ത്തി. 2004 ആഗസ്ത്‌ 19ന്‌, സിപിഐ എം ആലപ്പുഴ ജില്ലാകമ്മിറ്റിക്കുവേണ്ടി പണിത പി കൃഷ്ണപിള്ള സ്മാരകമന്ദിരസമുച്ചയം ഉദ്‌ഘാടനംചെയ്യാനെത്തിയിരുന്നത്‌ ബുദ്ധദേബ് ഭട്ടാചാര്യയായിരുന്നു. ദൂരസ്ഥലങ്ങളിൽ പരിപാടികളിൽ പങ്കെടുക്കാൻ അത്ര തന്നെ താൽപര്യം കാണിക്കാതിരുന്നയാൾ പി കൃഷ്‌ണപിള്ളയുടെ പേരിലുള്ള സ്മാരകമാണെന്ന്‌ കേട്ടപ്പോൾ സന്തോഷപൂർവം വരുകയായിരുന്നു. അന്നത്തെ സിപിഐ എം ജില്ലാസെക്രട്ടറിയായിരുന്ന എം എ ബേബിയാണ്‌ പി കൃഷ്‌ണപിള്ളയുടെ പ്രവർത്തനങ്ങളും മേഖലയുമടക്കമുള്ള കാര്യങ്ങൾ കൂടുതൽ പറഞ്ഞുകൊടുത്തത്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ആയിരക്കണക്കിനാളുകൾ, രാഷ്ട്രീയ‐സാമൂഹ്യ‐സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരടക്കം അന്ന്‌ ബുദ്ധദേബ് ഭട്ടാചാര്യയെ കാണാനും  പ്രസംഗം കേൾക്കാനുമായെത്തി. പിണറായി വിജയൻ, വി എസ് അച്യുതാനന്ദൻ, ഇ ബാലാനന്ദൻ, ഡോ. ടി എം തോമസ് ഐസക്‌, എസ് ശർമ തുടങ്ങിയവർ പങ്കെടുത്തു. 2003 ആഗസ്ത് 19ന്‌ സ്മാരകമന്ദിരത്തിന് ഹർകിഷൻസിങ് സുർജിതായിരുന്നു തറക്കല്ലിട്ടത്. തറക്കല്ലിട്ട സമയം മുതൽ ഉദ്‌ഘാടനത്തിനായി ബുദ്ധദേബ് ഭട്ടാചാര്യയെ എത്തിക്കണമെന്നുള്ളത്‌ ജില്ലാ കമ്മിറ്റിയുടെ ആഗ്രഹമായിരുന്നു. 2009 ജനുവരിയിൽ ആലപ്പുഴയിൽ നടന്ന ജില്ലാറാലിയിലും പിന്നീട്‌ ബുദ്ധദേബ് ഭട്ടാചാര്യ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top