19 September Thursday

വഞ്ചിപ്പാട്ടിൽ അലിഞ്ഞ് 
ചെന്നിത്തല പള്ളിയോടം നീരണിഞ്ഞു

സ്വന്തം ലേഖകൻUpdated: Monday Sep 9, 2024

ചെന്നിത്തല പള്ളിയോടം നീരണിഞ്ഞപ്പോൾ

മാന്നാർ
വഞ്ചിപ്പാട്ടി​ലും ആർപ്പുവിളിയിലും വായ്‌ക്കുരവയിലും മുഖരിതമായ അന്തരീക്ഷത്തിൽ ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ പങ്കെടുക്കാൻ ചെന്നിത്തല പള്ളിയോടം പള്ളിയോടക്കടവിൽ നീരണിഞ്ഞു. ചെന്നിത്തല തെക്ക് 93–--ാം നമ്പർ എൻഎസ്എസ് കരയോഗത്തി​ന്റെ പള്ളിയോടം 130–-ാം തിരുവാറന്മുള ദർശനത്തിന് പോകാൻ അച്ചൻകോവിലാറിലെ വലിയപെരുമ്പുഴ പള്ളിയോടക്കടവിലാണ് നീരണിഞ്ഞത്. ചടങ്ങുകൾക്ക് വാലാടത്ത് കേശവൻനമ്പൂതിരി നേതൃത്വം നൽകി. 
  ചെന്നിത്തല തെക്ക് ചാലാ ശ്രീ മഹാദേവർ ക്ഷേത്രത്തിൽനിന്ന്‌ ഘോഷയാത്രയായി പള്ളിയോടപുരയിലെത്തിയാണ് നീറ്റിലിറക്കിയത്. ചെറുകോൽ ക്ഷേത്രദർശനം നടത്തി കൊട്ടാരത്തിലെത്തി നിറപറ, താംബൂലാദി വഴിപാടുകൾ സ്വീകരിച്ചു. കരയോഗം പ്രസിഡ​ന്റ് ദിപു പടകത്തിൽ, സെക്രട്ടറി ഗോപാലകൃഷ്‌ണപിള്ള, ജോയി​ന്റ് സെക്രട്ടറി സന്തോഷ് ചാല, ട്രഷർ വിനീത് കിണറുവിള, രാകേഷ് മഠത്തിൽ വടക്കേതിൽ, എസ് സുധീഷ്‌കുമാർ, അനിത വിജയൻ, വിജയകുമാരി, രമേശ്, ശ്രീകുമാർ, മോഹൻദാസ്, ഉഷ ആർ പിള്ള, സുമ പ്രദീപ്, ശശിധരൻനായർ, വിജയകുമാർ, സതീശ് ചെന്നിത്തല, സദാശിവൻപിള്ള, അഭിലാഷ് തൂമ്പിനാത്ത് എന്നിവർ നേതൃത്വം നൽകി. 
  ആറന്മുള യാത്രയ്‌ക്ക്‌ മുന്നോടിയായി 16ന് പകൽ മൂന്നിന് പള്ളിയോടക്കടവിൽ സാംസ്‌കാരികസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. വഞ്ചിപ്പാട്ട്, വായ്‌ക്കുരവ അകമ്പടിയോടെ പള്ളിയോടം 17ന് രാവിലെ ഒമ്പതിന് പുറപ്പെടും. അച്ചൻകോവിലാർ, കുട്ടമ്പേരൂർ ആറ്, പമ്പാ നദികളിലൂടെ 80 കിലോമീറ്ററോളം തുഴഞ്ഞാണ് പള്ളിയോടം ആറന്മുളയിലെത്തുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top