ആലപ്പുഴ
ജില്ലയിലെ ത്രിതലപഞ്ചായത്തുകളിൽ 97 വാർഡുകളാണ് വർധിപ്പിച്ചത്. 72 പഞ്ചായത്തിലായി 84 വാർഡും 12 ബ്ലോക്ക് പഞ്ചായത്തിലായി 12 വാർഡുമാണ് വർധിപ്പിച്ചത്. ജില്ലാ പഞ്ചായത്തിൽ ഒരു ഡിവിഷനും വർധിച്ചു. ഇതോടെ ജില്ലയിലെ പഞ്ചായത്തുകളിൽ 1253 വാർഡുകളും ബ്ലോക്കിൽ 170 വാർഡുകളുമായി. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ എണ്ണം 24 ആയി ഉയർന്നു.
വനിതകൾക്കും പിന്നാക്ക ജനവിഭാഗങ്ങൾക്കുമുള്ള സംവരണവും ഇതോടെ വർധിച്ചു. 85 തദ്ദേശസ്ഥാപനങ്ങളിലായി ജില്ലയിലാകെ 726 വനിതകൾക്ക് 2025 തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യം ഉറപ്പാകും. 50 ശതമാനത്തിന് മുകളിൽ സ്‌ത്രീകൾക്ക് സംവരണം ലഭിക്കും. പഞ്ചായത്തുകളിൽ 605 സീറ്റിൽനിന്ന് 639 സീറ്റുകളിലേക്കാണ് സ്‌ത്രീകൾക്ക് അവസരം ലഭിക്കുക.
അരൂക്കുറ്റി, ചേന്നംപള്ളിപ്പുറം, പാണാവള്ളി, വയലാർ, പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, അരൂർ, മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി, തണ്ണീർമുക്കം, മുഹമ്മ, ചേർത്തല തെക്ക്, ആര്യാട്, പുറക്കാട്, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര വടക്ക്, തകഴി, മുളക്കുഴ, ബുധനൂർ, മാന്നാർ, ചെന്നിത്തല തൃപ്പെരുന്തുറ, വള്ളികുന്നം, ചുനക്കര, പത്തിയൂർ, ചേപ്പാട്, ആറാട്ടുപുഴ പഞ്ചായത്തുകളിൽ ഓരോ സീറ്റ് വീതവും പാലമേൽ, പണ്ടനാട് രണ്ട് സീറ്റിലും സ്‌ത്രീകൾക്ക് അധികമായി അവസരം ലഭിക്കും.
പട്ടികവർഗ സംവരണം പഞ്ചായത്തുകളിൽ 125ൽനിന്ന് 132 ആയി ഉയർന്നു. ഏഴ് സീറ്റ് അധികം. തെക്കേക്കര, ചെട്ടികുളങ്ങര, ചെന്നിത്തല, തഴക്കര, വള്ളികുന്നം, ഭരണിക്കാവ്, ചുനക്കര പഞ്ചായത്തുകളിൽ എസ്‌സി പ്രാതിനിധ്യം ഓരോ സീറ്റ് വർധിച്ചു. പട്ടികവർഗ വിഭാഗത്തിലെ വനിതകൾക്ക് മൂന്ന് സീറ്റിൽക്കൂടി മത്സരിക്കാം. -52ൽനിന്ന് ഇത് 55 ആയി ഉയർന്നു. ചുനക്കര, വള്ളികുന്നം, ചെന്നിത്തല–-തൃപ്പെരുന്തുറ പഞ്ചായത്തുകളിലാണിത്.
ബ്ലോക്ക് പഞ്ചായത്തുകളിൽ മൂന്ന് സീറ്റുകളിൽ വനിതകൾക്ക് അധികമായി മത്സരിക്കാം. 83ൽനിന്ന്- 86 ആയാണ് ബ്ലോക്കുകളിലെ വനിതസംവരണം ഉയരുന്നത്. പട്ടണക്കാട്, ആര്യാട്, മുതുകുളം എന്നിവ. ബ്ലോക്കുകളിൽ പട്ടികവർഗ സംവരണത്തിലും (16) പട്ടികവർഗ വനിതകളുടെ സംവരണത്തിലും (4) മാറ്റമില്ല. ജില്ലാ പഞ്ചായത്തിൽ അധികമായി ഒരു സീറ്റ് വനിതയ്‌ക്ക് ലഭിക്കും. അതിന് പുറമേ പട്ടികവർഗ വിഭാഗത്തിനും പട്ടികവർഗത്തിലെ വനിതയ്‌ക്കും ഓരോ സീറ്റ് അധികമായി ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..