23 December Monday

ഇടതുപക്ഷത്തിനെതിരെ ജമാഅത്തെ ഇസ്‌ലാമി മുതൽ ആർഎസ്‌എസ്‌ വരെ മുന്നണി: ഐസക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

സിപിഐ എം മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസ് (എം കെ വേലായുധൻ സ്മാരക മന്ദിരം) ഉദ്ഘാടനത്തിനുശേഷം ചേർന്ന പൊതുസമ്മേളനത്തിൽ 
കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് സംസാരിക്കുന്നു

മണ്ണഞ്ചേരി
കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമിമുതൽ ആർഎസ്‌എസുവരെ ഇടതുപക്ഷത്തിനെതിരെ അണിചേർന്നിരിക്കുകയാണെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. മണ്ണഞ്ചേരി ലോക്കൽ കമ്മിറ്റി ഓഫീസായ എം കെ വേലായുധൻ സ്‌മാരകമന്ദിരം ഉദ്‌ഘാടനംചെയ്യുകയായിരുന്നു ഐസക്‌. പത്രമാധ്യമങ്ങളുടെ പിന്തുണയോടെ ഇടതുപക്ഷത്തെ തകർക്കമെന്നാണ്‌ കമ്യൂണിസ്‌റ്റ്‌വിരുദ്ധ മുന്നണി കരുതുന്നത്‌. 
സിപിഐ എമ്മിനെതിരെ നിരന്തര അപവാദപ്രചാരണമാണ്‌. ജമാഅത്തെ ഇസ്‍ലാമിയുടെ അക്ഷേപം സിപിഐ എമ്മിന്‌ ബിജെപിയുമായി ബന്ധമുണ്ടെന്നാണ്‌. 218 സിപിഐ എം പ്രവർത്തകരാണ്‌ കേരളത്തിൽ മാത്രം ആർഎസ്‌എസിന്റെ കൊലക്കത്തിക്ക്‌ ഇരയായത്‌. ആർഎസ്‌എസുമായി സിപിഐ എമ്മിന്റെ അകലം ഹൃദയരക്തംകൊണ്ട്‌ വരച്ച ലക്ഷ്‌മണരേഖയ്‌ക്ക്‌ അപ്പുറമാണ്‌. എന്നാൽ കോൺഗ്രസും സംഘപരിവാറും ഒന്നിച്ചതിന്‌ ഉദാഹരണങ്ങൾ ഏറെയുണ്ട്‌. വിമോചനസമരശേഷം പട്ടാമ്പിയിൽ ഇ എം എസിനെ തോൽപ്പിക്കാനായി ജനസംഘത്തിന്റെ സ്ഥാനാർഥി മത്സരത്തിൽനിന്ന്‌ പിന്മാറിക്കൊടുത്തു. 1971ൽ പാലക്കാട്ട്‌ എ കെ ജിയെ തോൽപ്പിക്കാൻ ആർഎസ്‌എസിന്റെ ജില്ലാ കാര്യവാഹക്‌മാരിൽ ഒരാളെ സ്ഥാനാർഥിയാക്കിയ ചരിത്രമാണ്‌ കോൺഗ്രസിന്റേത്‌.  
   ജമാഅത്തെ ഇസ്ലാമി ഈ നാടിന്‌ യോജിക്കുന്നതല്ല എന്ന്‌ പറയുന്നതാണ്‌ അവർക്ക്‌ സിപിഐ എമ്മിനോടുള്ള ദേഷ്യത്തിന്‌ പിന്നിൽ. വിഭജനകാലം മുതൽ ഇന്ത്യ ഹിന്ദുക്കൾക്കും പാക്കിസ്ഥാൻ മുസ്ലിങ്ങൾക്കും എന്ന നിലപാടായിരുന്നു ജമാഅത്തെ ഇസ്ലാമിക്ക്‌. എന്നാൽ ഒരുമതത്തോടും പ്രത്യേക മമത കാണിക്കാത്ത ഭരണകൂടമുള്ള മതേതരഇന്ത്യ വേണം എന്നതായിരുന്നു സിപിഐ എമ്മിന്റെ നിലപാട്‌. 
    മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്നതാണ്‌ ഈ നാടിന്റെ രാഷ്‌ട്രീയം. മതവിശ്വാസിയായി ജീവിക്കുന്നതിന്‌ എല്ലാ സഹായവുംചെയ്യുമ്പോൾ തന്നെ തൊഴിലാളികളുടെയും കർഷകരുടെയുമെല്ലാം അവകാശങ്ങൾക്കായി പോരടിക്കുകയും ചെയ്യുന്നതാണ്‌ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനമെന്നും ഐസക്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top