05 December Thursday

പി പി സീതാമണി,പിഒ വേമ്പനാട്‌ കായൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

ആർ ബ്ലോക്കിലെ വേമ്പനാട് കായൽ സബ് പോസ്റ്റ്‌ ഓഫീസിലെ 
ബ്രാഞ്ച് പോസ്റ്റ്‌ മാസ്റ്റർ പി പി സീതാമണി ജോലിക്കിടെ

 അഞ്‌ജലി ഗംഗ

ആലപ്പുഴ 
സമയം പകൽ 1.30, വേമ്പനാട്ട്‌ കായലിലെ വെള്ളം വെയിലേറ്റ്‌ വെട്ടിത്തിളങ്ങുന്നു. ആ കാഴ്‌ചയെ കീറിമുറിച്ചാണ്‌ ജലഗതാഗതവകുപ്പിന്റെ എട്ടാം നമ്പർ ബോട്ടെത്തുന്നത്‌. ആർ ബ്ലോക്കിലെ പോസ്‌റ്റ്‌ ഓഫീസെത്തുന്നതിന്‌ മുമ്പ്‌ നീട്ടിയൊരു ഹോൺ. ബ്രാഞ്ച്‌ പോസ്‌റ്റ്‌ മാസ്‌റ്ററായ പി പി സീതാമണിയോട്‌ ‘ഞങ്ങളെത്തി’ എന്ന്‌ ബോട്ടിലെ ജീവനക്കാർ പറയുന്നതിങ്ങനെയാണ്‌. തപാലുകൾ ഏറ്റുവാങ്ങാൻ സീതാമണി ജെട്ടിയിലുണ്ടാകും. 
  അവലൂക്കുന്ന്‌ പോസ്‌റ്റ്‌ ഓഫീസിന്റെ സബ്‌ ബ്രാഞ്ചായ  കായലിലെ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ വിശേഷങ്ങളുമായി ബോട്ടെത്തുന്നത്‌ 34 വർഷമായി തുടരുന്ന കഥയാണ്‌. ആലപ്പുഴ ബോട്ട്‌ ജെട്ടിയിൽനിന്ന്‌ പകൽ 11.30ന്‌ പുറപ്പെട്ട്‌ ഒന്നിന്‌ ആർ ബ്ലോക്കിൽ ബോട്ടെത്തും. 688006 എന്ന പിൻകോഡിലൂടെ നാളിതുവരെ സീതാമണിയിലൂടെ കടന്നുപോയ തപാലുകൾക്ക്‌ കണക്കില്ല. നടന്നും തോണി തുഴഞ്ഞ്‌ അക്കരെയെത്തിയും തപാലുകൾ സ്വീകർത്താക്കളിലേക്കെത്തിക്കും. പുറത്തേക്ക്‌ പോകേണ്ട തപാലുകളൊരുക്കി ബോട്ട്‌ ജെട്ടിയിൽ കാത്തുനിൽക്കും. 2.30ന്റെ 58–-ാം നമ്പർ ബോട്ടിലൂടെ ആർ ബ്ലോക്കിലെ തപാൽ അക്കരെയെത്തിക്കും. 
  ‘തപാലിന്റെ തലയെടുപ്പ്‌ കാലത്ത്‌ തോണി തുഴഞ്ഞാണ്‌ കത്തുകളെത്തിച്ചിരുന്നത്‌. ഇന്ന്‌ ഫോണിന്റെ ഉപയോഗം കൂടിയില്ലേ..  എഴുത്തുകുത്തുകളും കുറഞ്ഞു. ഇപ്പോൾ അപ്പോയിന്റ്‌മെന്റ്‌ കിട്ടിയാൽ ഓർഡറൊക്കെ വിളിച്ചുപറയണമെന്ന്‌ ആവശ്യപ്പെടുന്നവരുണ്ട്‌’ –- സീതാമണി പറയുന്നു. പകൽ 10.30ന്‌ ജോലിക്ക്‌ എത്തണമെങ്കിൽ ബോട്ടിന്‌ എട്ട്‌ രൂപ കൊടുക്കണം. 9.30ന്‌ വീട്ടിലെ ജോലിതീർത്ത്‌ ഇറങ്ങി നടക്കും. ഒരു മണിക്കൂറിൽ പോസ്‌റ്റ്‌ ഓഫീസിലെത്തും. തപാൽ ഓഫീസിന്റെ സമീപത്തെ ജെട്ടിയിൽ താങ്ങുകുറ്റി ഇല്ലാത്തതിനാൽ ബോട്ട്‌ അടുപ്പിക്കാറില്ല.   തപാലുകൾ ബോട്ടിൽനിന്ന്‌ എറിഞ്ഞുകൊടുക്കും. തിരിച്ചും. വെള്ളം കയറിയാൽ നീന്തിയാണ്‌ തപാലുകൾ നനയാതെയെത്തിക്കുന്നത്‌. ഇതിന്‌ പരിഹാരം കാണണമെന്നാണ്‌ സീതാമണിയുടെ അഭ്യർഥന. 2018ലെ പ്രളയത്തിൽ 15 ദിവസം പ്രവർത്തനം മുടങ്ങി. മുങ്ങിയ വീടിന്‌ സമീപം ഷെഡ്‌ കെട്ടി പോസ്‌റ്റ്‌ ഓഫീസ്‌ തുറന്നു. 
  ‘ആദ്യകാലത്ത്‌ ഒരു പോസ്‌റ്റ്‌മാനുണ്ടായിരുന്നു. ആർ ബ്ലോക്കിൽ ആളുകളുടെ എണ്ണം കുറഞ്ഞതോടെ ബ്രാഞ്ച്‌ പോസ്‌റ്റ്‌ മാസ്‌റ്റർ മതിയെന്ന്‌ വകുപ്പ്‌ തീരുമാനിച്ചു. ഏഴിന്‌ 34 വർഷം തികഞ്ഞു. ഈ തപാൽ ഓഫീസും ഇവിടുത്തെ ദിനചര്യകളും ജീവിതത്തിന്റെ ഭാഗമായി’  –- ചെറുചിരിയോടെ സീതാമണി പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top