09 November Saturday

കയർതൊഴിലാളികൾക്ക് 
തൊഴിലും വരുമാനവും ഉറപ്പാക്കണം

സ്വന്തം ലേഖകൻUpdated: Saturday Nov 9, 2024

സിപിഐ എം മാരാരിക്കുളം ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ ഉദ്‌ഘാടനംചെയ്യുന്നു

 

മാരാരിക്കുളം 
കയർതൊഴിലാളികൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുന്നതിന് കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം മാരാരിക്കുളം ഏരിയ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. കയർ വ്യവസായം ഗുരുതര പ്രതിസന്ധിയിലാണ്. കയർഫെഡ് വഴി കയറ്റുമതിക്കാർ ആവശ്യത്തിന് ഓർഡർ നൽകാത്തതും  ഉൽപ്പന്നങ്ങൾ പൂർണമായും കോർപറേറ്റുകൾ എടുക്കാത്തതും വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. കേന്ദ്രസർക്കാർ നിലപാടുമൂലം എംഡിഎ കുടിശ്ശിക നൽകുന്നില്ല. ഇക്കാരണങ്ങളാലാണ് തൊഴിലാളികൾക്ക് തൊഴിലും വരുമാനവും ലഭിക്കാത്തത്.
കയർവ്യവസായം നവീകരിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്. എന്നാൽ കയറ്റുമതിക്കാർ പലകാരണങ്ങൾ പറഞ്ഞ് വ്യവസായം തമിഴ്നാട്ടിലേക്ക് കൊണ്ടു പോകുന്നത് തുടരുന്നു. ഇവർ തൊഴിലാളികൾക്ക് അർഹതപ്പെട്ട  ആനുകൂല്യം നൽകുന്നില്ല. കൂലിവർധന നടപ്പാക്കുന്നില്ല. ഇതിനാൽ തൊഴിലാളികളുടെ രക്ഷയ്ക്ക് ഉടൻ  നടപടി സ്വീകരിക്കണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു.
ചെളിയും എക്കലും നിറഞ്ഞു ആഴം കുറഞ്ഞ വേമ്പനാട് കായലിനെ സംരക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പ്ലാസ്‌റ്റിക്കും മാലിന്യങ്ങളും നിറഞ്ഞ കായലിൽ ജോലിക്കുപോകാൻ കഴിയാതെ കക്ക–-മത്സ്യത്തൊഴിലാളികൾ ബുദ്ധിമുട്ടുന്നു. മത്സ്യത്തിന്റെയും കക്കയുടെയും ലഭ്യത കുറയുന്നതിനാൽ തൊഴിലാളികൾക്ക്‌ വരുമാനം ഇല്ലാത്ത അവസ്ഥയാണ്.
കടലോര, കായലോര മത്സ്യത്തൊഴിലാളി മേഖലയെ സംരക്ഷിക്കുക, കക്കാ സഹകരണസംഘങ്ങൾക്ക് പ്രവർത്തന ഗ്രാന്റ്‌ അനുവദിക്കുക, പാതിരപ്പള്ളിയിലെ ഹോംകോ നവീകരണം ഉടൻ പൂർത്തിയാക്കുക, തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രതിസന്ധി പരിഹരിക്കുക,  കുടിവെള്ളക്ഷാമം പരിഹരിക്കുക, കേരളത്തിലെ ഗ്രന്ഥശാലാ സെക്രട്ടറിമാർക്ക് അലവൻസ് അനുവദിക്കുക, കോമളപുരം സ്‌പിന്നിങ്‌ മില്ലിൽ ബനിയൻ ഫാക്‌ടറി ആരംഭിക്കുക, ചുമട്ടുതൊഴിലാളി നിയമം ഭേദഗതി ചെയ്യുക, പട്ടികജാതി വിഭാഗങ്ങൾക്ക്‌  അനുവദിച്ചിട്ടുള്ള സംവരണം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം  ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
വെള്ളി രാവിലെ ഏരിയ സെക്രട്ടറി പി രഘുനാഥും ജില്ലാ സെക്രട്ടറി ആർ നാസറും ചർച്ചകൾക്ക് മറുപടി പറഞ്ഞു. മന്ത്രി സജി ചെറിയാൻ, ജി വേണുഗോപാൽ, പി പി ചിത്തരഞ്‌ജൻ, കെ ആർ ഭഗീരഥൻ, കെ ഡി മഹീന്ദ്രൻ, കെ ജി രാജേശ്വരി എന്നിവർ സംസാരിച്ചു. കെ എസ് വേണുഗോപാൽ ക്രഡൻഷ്യൽ  റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ജോയിന്റ് സെക്രട്ടറി ജി രാജീവ്‌ നന്ദി പറഞ്ഞു.
സമ്മേളനത്തിന് സമാപനംകുറിച്ച് റാലിയും ചുവപ്പുസേന മാർച്ചും പൊതുസമ്മേളനവും നടന്നു. മണ്ണഞ്ചേരി വള്ളക്കടവിൽനിന്ന്‌ റാലി ആരംഭിച്ചു. കോടിയേരി ബാലകൃഷ്‌ണൻനഗറിൽ ( അമ്പനാകുളങ്ങര എസ്എൻഡിപി മൈതാനം) പി പി ചിത്തരഞ്‌ജൻ എംഎൽഎ ചുവപ്പുസേനയുടെ സല്യൂട്ട് സ്വീകരിച്ചു.
പൊതുസമ്മേളനം പാർടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ ഉദ്ഘാടനംചെയ്‌തു. സ്വാഗതസംഘം ചെയർമാൻ ജി വേണുഗോപാൽ അധ്യക്ഷനായി. കെ ആർ ഭഗീരഥൻ, കെ ഡി മഹീന്ദ്രൻ, കെ ജി രാജേശ്വരി, ആർ രാഹുൽ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി രഘുനാഥ് സ്വാഗതം പറഞ്ഞു. എം എസ് സന്തോഷ്‌ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top