മാവേലിക്കര
സംസ്ഥാനത്തെ മികച്ച ഭിന്നശേഷി സൗഹൃദ സർക്കാർ ഓഫീസെന്ന പുരസ്‌കാരനേട്ടം സ്വന്തമാക്കി മാവേലിക്കര സബ് ആർടി ഓഫീസ്. തൃശൂരിൽ സാമൂഹ്യനീതിമന്ത്രി ആർ ബിന്ദുവിൽനിന്ന് ജോയിന്റ് ആർടിഒ എം ജി മനോജ്, എംവിഐ കെ എസ് പ്രമോദ്, എഎംവിഐ സജു പി ചന്ദ്രൻ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി. പ്രശസ്‌തിപത്രവും 25,000 രൂപയും ശിൽപ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
കഴിഞ്ഞ ഒരുവർഷത്തിനിടയിൽ ജോയിന്റ് ആർടിഒ എം ജി മനോജിന്റെ നേതൃത്വത്തിൽ ഓഫീസ് നടത്തിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്‌കാരം. പരുമല പള്ളിയിലടക്കം മെഴുകുതിരി വിറ്റിരുന്ന ഭിന്നശേഷിക്കാരായ സുഗതനെയും മകൾ അതുല്യയെയും സ്വകാര്യ ബസിൽനിന്നിറക്കിവിട്ട സംഭവത്തിൽ ഓഫീസ് നടത്തിയ മാതൃകാ ഇടപെടൽ സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവകേരളസദസിൽ ഗതാഗതമന്ത്രി ഇവർക്ക് ലൈസൻസ് കൈമാറി.
ലൈസൻസ് എടുക്കാൻ ഓഫീസിലെത്തിയ ഭിന്നശേഷിക്കാരിയായ യുവതിക്ക് ഉപജീവനത്തിനായി ലോട്ടറി വ്യാപാരം തുടങ്ങാൻ സഹായം ചെയ്‌തു. ഭിന്നശേഷിക്കാരനായ അനൂപിന് സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്താൻ അവസരം നൽകി. ഉജ്വലബാല്യം പുരസ്‌കാരം നേടിയ മുഹമ്മദ് യാസായിരുന്നു റിപ്പബ്ലിക് ദിനത്തിൽ ഓഫീസിൽ മുഖ്യാതിഥി. മാതൃകാപരമായി ഭിന്നശേഷി സൗഹൃദ ഓഫീസ് സംവിധാനമൊരുക്കിയതും നേട്ടത്തിലേക്കെത്തിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..