കായംകുളം
രാജ്യത്തെ കുത്തകകൾക്കായാണ് ബിജെപി ഭരിക്കുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത പറഞ്ഞു. സിപിഐ എം ആലപ്പുഴ, ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന കെ കെ ചെല്ലപ്പന്റെ 10–-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി മുതുകുളത്ത് സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു സുജാത. ആഗോള പട്ടിണിസൂചികയിൽ ഇന്ത്യ 105–-ാം സ്ഥാനത്താണ്. തൊഴിലില്ലായ്‌മ രാജ്യത്ത് രൂക്ഷമാകുന്നു. ജോലിയിൽനിന്ന് ആളുകളെ പിരിച്ചുവിടുന്നു. കർഷകരുടെ ജീവിതം തകരുന്നു. ഇങ്ങനെ അസ്വസ്ഥത കുമിഞ്ഞുകൂടി ആളുകൾ തെരുവിലിറങ്ങുന്ന ഘട്ടത്തിലാണ് ബിജെപി ജാതിയും മതവും എടുത്ത് പ്രയോഗിക്കുന്നത്.
കത്തുന്ന മണിപ്പുരിൽ പ്രധാനമന്ത്രി ഇതുവരെ പോയില്ല. ഉത്തർപ്രദേശിൽ ഓരോഭാഗത്തും അവർ പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ആധുനിക കേരളം രൂപപ്പെടുത്തുന്ന എൽഡിഎഫ് സർക്കാരിനെ തകർക്കുകയെന്ന അജൻഡ ബിജെപിക്കും കോൺഗ്രസിനുമുണ്ട്. എൽഡിഎഫ് സർക്കാരിന് തുടർച്ചയുണ്ടാകുമെന്ന് ഈ ശക്തികൾ വിചാരിച്ചില്ല. തുടർഭരണം ഉണ്ടായപ്പോൾ സർക്കാരിനെ അട്ടിമറിക്കാൻ കഴിയുമോയെന്ന ശ്രമത്തിലാണെന്നും സുജാത പറഞ്ഞു.
ജില്ലാ സെക്രട്ടറിയറ്റംഗം കെ എച്ച് ബാബുജാൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ഗാനകുമാർ, ഷെയ്ഖ് പി ഹാരിസ്, ഏരിയ സെക്രട്ടറിമാരായ പി അരവിന്ദാക്ഷൻ, കെ വിജയകുമാർ, എസ് നസീം, ബി അബിൻഷ, സി അജികുമാർ, കെ വാമദേവൻ, എ അജിത്ത്, എം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും നടന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..