ചെങ്ങന്നൂർ
‘‘നിങ്ങൾ കേൾക്കുന്ന വാർത്തകൾ റേഡിയോ അങ്ങാടി 4017ൽനിന്ന്...’’–- ഉച്ചഭക്ഷണത്തിനുശേഷം ക്ലാസ് മുറിയിലെ സ്‌പീക്കറുകളിൽനിന്ന് റേഡിയോ ജോക്കികളുടെ ശബ്ദം എത്തിയതോടെ അങ്ങാടിക്കൽ തെക്ക് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കൗതുകപൂർവം കാതോർത്തിരുന്നു. തുടർന്ന് ദിനപത്രങ്ങളിലെ പ്രധാന വാർത്തകളും ഗാനങ്ങളുമെല്ലാം കുട്ടിപ്രേക്ഷകരിലേക്ക്. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച കുട്ടിറേഡിയോ ആണ് വിദ്യാർഥികളിൽ കൗതുകമാകുന്നത്. മാധ്യമ പ്രവർത്തകരായ അനീഷ് ടി കുറുപ്പ്, ജി അനൂപ്, ബി സുദീപ് എന്നിവർ ചേർന്ന് റേഡിയോ അങ്ങാടി ഉദ്ഘാടനംചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് പി ഡി സുനീഷ്‌കുമാർ അധ്യക്ഷനായി.
വെള്ളി പകൽ 12.30 മുതൽ രണ്ടുവരെയുള്ള ഒഴിവുസമയം വിജ്ഞാനത്തിനും വിനോദത്തിനും ഉയോഗിക്കുന്നതിനായി പ്രിൻസിപ്പൽ എം നിശാന്ത് മോഹൻ, അധ്യാപകരായ വി സി ഗീത, ജെ ജോൺ മാത്യു എന്നിവരാണ് പദ്ധതിക്ക് രൂപം നൽകിയത്. അങ്ങാടിക്കൽ തെക്ക് എന്ന സ്ഥലപ്പേരിലെ അങ്ങാടിയും സ്കൂളിന്റെ ഔദ്യോഗിക നമ്പരായ 4017 ഉം ചേർന്നപ്പോൾ റേഡിയോ അങ്ങാടി 4017 എന്ന പേര് പിറന്നു. പ്രിൻസിപ്പലിന്റെ ഓഫീസിനോട് ചേർന്നാണ് ആംപ്ലിഫയറും സൗണ്ട് ബോക്‌സുകളും മൈക്കുകളും ഉൾപ്പെട്ട റേഡിയോ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
റേഡിയോ ജോക്കികളായ സൂര്യ സജീവ്, പി ആർ രേവതി എന്നിവരുടെ നേതൃത്വത്തിൽ പ്രക്ഷേപണം ചെയ്യുന്ന പരിപാടികൾ ക്ലാസ് മുറികളിൽ സ്ഥാപിച്ച സ്പീക്കറുകളിലുടെ വിദ്യാർഥികളിലേക്കെത്തും. -വിദ്യാർഥികൾ രചിച്ച കഥ, കവിത, പുസ്‌തകങ്ങളുടെ ആസ്വാദനക്കുറിപ്പുകൾ, പ്രഭാഷണങ്ങൾ എന്നിവയ്ക്കൊപ്പം ഗാനങ്ങളും ആലപിക്കാം.
അവതരണത്തിന് മുമ്പ് ചുമതലയുള്ള അധ്യാപകർ സ്‌ക്രീനിങ് നടത്തും. നിങ്ങൾ ആവശ്യപ്പെട്ട ഗാനങ്ങൾ എന്ന പ്രത്യേക പരിപാടിയുമുണ്ട്. ഇതിനായി ഗാനങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള നിർദേശങ്ങൾ വിദ്യാർഥികൾക്ക് റേഡിയോ റൂമിനു പുറത്തെ പ്രത്യേക പെട്ടിയിൽ നിക്ഷേപിക്കാം. തെരഞ്ഞെടുക്കുന്നവ പ്രക്ഷേപണംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..