23 December Monday

കുഞ്ഞൻമാരല്ല സുഡുവിന്റെ കാറുകൾ

നെബിൻ കെ ആസാദ്‌Updated: Saturday Aug 10, 2024

ഒരൊന്നൊന്നര കാർ... ചേർത്തല സുഡൂസ് കസ്റ്റം കാർ നിർമാണശാലയിൽ നിർമിച്ച കുഞ്ഞൻ കാറുകളുമായി രാകേഷ് ബാബു ഫോട്ടോ: കെ എസ്‌ ആനന്ദ്‌

ആലപ്പുഴ
വമ്പൻ കാറുകളുടെ ചെറുപതിപ്പുകളുടെ നിർമാണവുമായി സമൂഹമാധ്യമങ്ങളിൽ തിളങ്ങി യുവാവ്‌. ചേർത്തല കളവംകോടം ഇന്ദ്രധനുസിൽ രാകേഷ് ബാബുവാണ്‌ (സുഡു) കുഞ്ഞൻ കാറുകൾ നിർമിച്ച്‌ ലോകശ്രദ്ധ നേടിയത്‌. സുഡു എന്ന വിളിപ്പേരും ചേർത്ത്‌ സുഡൂസ്‌ കസ്‌റ്റം എന്ന പേരിൽ ചേർത്തലയിൽ കുഞ്ഞൻകാറുകളുടെ നിർമാണശാലയും തുടങ്ങി. പിന്നീട്‌ ഇതേപേരിൽ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടും തുറന്നു. വില്ലീസ് ജീപ്പ്, ലാൻഡ് റോവർ ഡിഫൻഡർ, ഫോക്‌സ്‌വാഗൺ കോംബി 1, ബീറ്റിൽ, പോർഷെ 911, ഷെൽബി കോബ്ര, ഫെറാറി തുടങ്ങിയ കാറുകളുടെ ചെറുപതിപ്പുകൾ നിർമിച്ചു. ‘വേലയില്ലാ പട്ടതാരി’ സിനിമയിലെ മോഫ കണ്ട്‌ ഇഷ്‌ടപ്പെട്ട്‌ അതും തയ്യാറാക്കി. കാർ പ്രവർത്തിപ്പിക്കുന്ന വീഡിയോ ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ചപ്പോൾ 2.14 കോടി ആളുകളാണ്‌ കണ്ടത്‌.  ‘പാൽ തൂ ജാൻവർ’ മലയാള സിനിമയിൽ ടൈറ്റിൽ സോങ്ങിലും കാറുകൾ ഉപയോഗിച്ചു. 
സുഡു നിർമിച്ച കാറിനെക്കുറിച്ചറിഞ്ഞ്‌ പോർഷെയുടെ കൊച്ചിയിലെ ഡീലർമാരെത്തി കാർ നിർമാതാക്കൾക്ക് ചിത്രങ്ങൾ പങ്കുവച്ചു. ആവശ്യക്കാരുടെ താൽപ്പര്യത്തിനനുസരിച്ച്‌ വലിപ്പത്തിൽ മാറ്റം വരുത്തിയാണ്‌ വാഹനങ്ങൾ നിർമിക്കുന്നത്‌.  കുട്ടികൾക്കായാണ്‌ മിക്കവരും കാറുകൾ കൊണ്ടുപോകുന്നത്‌. വീടുകളിലും സ്ഥാപനങ്ങളിലും പ്രദർശനത്തിനായും വാങ്ങുന്നു. കുഞ്ഞൻകാറുകളുടെ നിർമാണത്തിന്‌ പുറമെ കേടായ  ബൈക്കുകൾ പഴയ രൂപത്തിലാക്കി നൽകുന്നുമുണ്ട്‌. 
‌ആദ്യം നിർമിച്ചത്‌ 
ഓപ്പൺ ജീപ്പ്‌
വളരെ കുഞ്ഞുപ്രായത്തിൽ കാറുകളോട്‌ താൽപ്പര്യമുള്ള ആളായിരുന്നു സുഡു. കടകളിലും സിനിമകളിലുമൊക്കെ കളിപ്പാട്ടക്കാറുകൾ കാണുമ്പോൾ സ്വന്തമാക്കാൻ കഴിയാത്തതിന്റെ വിഷമമുണ്ടായിരുന്നു. ‘എനിക്ക്‌ കിട്ടാതിരുന്നത്‌ വരുംതലമുറയ്‌ക്ക്‌ ലഭിക്കണമെന്ന ആഗ്രഹത്തിനു പുറത്താണ്‌ കാറുകൾ നിർമിച്ചുതുടങ്ങിയത്‌’–-സുഡു പറഞ്ഞു. സ്‌കൂൾ പഠനകാലത്ത്‌ കാർഡ് ബോർഡിൽ ചെറു കളിപ്പാട്ടങ്ങളിലാണ്‌ വണ്ടികൾ നിർമിച്ചുതുടങ്ങിയത്. 
അച്ഛൻ സുരേഷിന്‌ സ്വന്തമായി വെൽഡിങ്‌ ഷോപ്പുണ്ടായിരുന്നു. ഇവിടെനിന്ന്‌ വെൽഡിങ്‌ പഠിച്ചു. ഐടിഐ പഠനകാലത്ത്‌ വാഹനങ്ങളുടെ ചെറുപതിപ്പുകൾ നിർമിച്ചു. ഇരുചക്ര വാഹനത്തിന്റെ എൻജിൻ ഉപയോഗിച്ച്‌ ഓപ്പൺ ജീപ്പാണ്‌ ആദ്യം നിർമിച്ചത്. പിന്നീട്‌ ബീറ്റിലിന്റെ ചെറുപതിപ്പുണ്ടാക്കി. വൈദ്യുത സൈക്കിളിന്റെ ഭാഗങ്ങൾ ഉപയോഗിച്ച്‌ വോക്‌സ്‌വാഗൻ കോംബി എന്ന വാനിന്റെ ചെറുരൂപമുണ്ടാക്കിയത്‌ ഏറെ ശ്രദ്ധനേടി. 
ഒരു കൂട്ടിയെ മുന്നിലിരുത്തി മുതിർന്നയാൾക്ക്‌ ഓടിക്കാൻ പറ്റുന്ന രീതിയിലായിരുന്നു നിർമാണം. ജിഐ ഷീറ്റുകളിലാണ്‌ വാഹനങ്ങളുടെ ബോഡി നിർമാണം. മോട്ടോറും ബാറ്ററിയും ഘടിപ്പിക്കും. പെട്രോളിലും വൈദ്യുതിയിലുമോടുന്ന വാഹനങ്ങളാണ്‌ മിക്കതും. സുഹൃത്തുക്കളായ ആൽവിനും സഞ്‌ജയിയും സഹായത്തിനുണ്ട്‌. അമ്മ:- ഇന്ദു. ഭാര്യ:- മേഘ. മകൾ:- അൻവി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top