22 December Sunday
മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്‍

വിദ്യാലയങ്ങളും ടൂറിസം കേന്ദ്രങ്ങളും 
അയൽക്കൂട്ടങ്ങളും ‘ഹരിത’മാകും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

 ആലപ്പുഴ

‘മാലിന്യമുക്ത നവകേരളം’ ജനകീയ കാമ്പയിന്റെ ജില്ലാ നിർവഹണ സമിതി രൂപീകരിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്‌സനും കലക്ടർ കൺവീനറുമായ  സമിതിയുടെ പ്രവർത്തനങ്ങളുടെ ഏകോപനം ഹരിത കേരളം മിഷനും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും ചേർന്ന് നടത്തും.  ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയായി. 
 കലക്ടർ അലക്‌സ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, അംഗങ്ങളായ ബിനു ഐസക് രാജു, ആർ റിയാസ്, ടി എസ് താഹ, ഇന്ദിരാ ദാസ്, ജിൻസി ജോളി, നവകേരളം കർമ പദ്ധതി ജില്ലാ കോ–- ഓർഡിനേറ്റർ കെ എസ് രാജേഷ്, ഡെപ്യൂട്ടി  ഡയറക്ടർ സി അലക്‌സ് എന്നിവർ പങ്കെടുത്തു.
 
ഒക്ടോബർ 2 മുതൽ പരിപാടികൾ 
ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടുമുതൽ 2025 മാർച്ച് 30 അന്താരാഷ്ട്ര ‘സീറോ വേസ്റ്റ് ’ദിനം വരെ സംസ്ഥാനതലത്തിൽ ജനപങ്കാളിത്തത്തോടെ വിപുലമായ പരിപാടികൾ നടത്തും. ഹരിത കേരളം മിഷന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും നേതൃത്വത്തിൽ സമഗ്രമായ കർമപദ്ധതി രൂപീകരിക്കും. കാമ്പയിന്റെ ഭാഗമായി വിദ്യാലയങ്ങൾ, ഓഫീസുകൾ, ടൂറിസം കേന്ദ്രങ്ങൾ, അയൽക്കൂട്ടം എന്നിവ ഹരിതപദവിയിലേക്കുയർത്തും. ശുചിത്വമാലിന്യ സംസ്‌കരണ മേഖലയിൽ വിവിധ ഘടകങ്ങൾ ഏകോപിപ്പിച്ച് വാർഡ്  മുതൽ ജില്ല വരെ പ്രവർത്തനങ്ങൾ നടപ്പാക്കും. ജില്ലയിലെ പ്രധാന ടൗണുകളും ജങ്‌ഷനുകളും ശുചിത്വമുള്ളതാക്കും. നീർച്ചാലുകൾ വീണ്ടെടുക്കും. കേരളപ്പിറവി ദിനത്തിന് മുൻപായി പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയാക്കും. 
 ജില്ലാതലത്തിലും ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒക്ടോബർ രണ്ടിന് മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ മികച്ച മാതൃകകളുടെ ഉദ്ഘാടനംനടത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top