12 December Thursday

സ്‌നേഹത്തണലൊരുക്കി 
സ്‌നേഹിതയുടെ 
7 വർഷങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 10, 2024
ആലപ്പുഴ
സ്ത്രീകൾക്കും കുട്ടികൾക്കും സഹായവും പിന്തുണയും ഉറപ്പാക്കാൻ കുടുംബശ്രീ ജില്ലയിൽ ആരംഭിച്ച സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് എട്ടാം വയസിലേക്ക്‌. 2017 ഡിസംബർ ഒമ്പതിന്‌ പ്രവർത്തനമാരംഭിച്ച ഹെൽപ്പ്‌ ഡെസ്‌ക്‌ ആയിരക്കണക്കിന്‌ പേർക്കാണ്‌ ആശ്രയമായത്‌. അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ആവശ്യമായ വൈകാരിക, സാമൂഹ്യ പിന്തുണ ഉറപ്പാക്കാൻ 24 മണിക്കൂറും സ്നേഹിത സജ്ജമാണ്‌. ഏഴു വർഷത്തിനിടെ 2,641 കേസുകൾ രജിസ്റ്റർചെയ്‌തു. ഹെൽപ്പ്‌ ഡെസ്‌കിൽ നേരിട്ടെത്തി 1,245 പേരും, ടോൾഫ്രീ നമ്പറിൽ 1,396 പേരും പരാതികൾ നൽകി. ഇതിൽ 287 എണ്ണം ഗാർഹിക പീഡന പരാതികളും 17 എണ്ണം ലൈംഗികാതിക്രമ പരാതികളുമാണ്‌. കുട്ടികൾക്ക്‌ എതിരെയുള്ള അതിക്രമങ്ങൾക്ക്‌ 40 കേസുകളും രജിസ്‌റ്റർചെയ്‌തു.
വനിതാ ശിശുക്ഷേമം, പൊലീസ്, തദ്ദേശം വകുപ്പുകളുമായി സംയോജിച്ചാണ് ഹെൽപ്പ്‌ ഡെസ്‌ക്‌ പ്രവർത്തനം. അതിക്രമങ്ങളെ അതിജീവിച്ച്‌ സ്നേഹിതയിലെത്തുന്നവർക്ക്‌ മാനസികമായ പിന്തുണ, നിയമ സഹായം, കൗൺസിലിങ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാക്കും. ബോധവൽക്കരണ പരിപാടികളും നടത്തുന്നുണ്ട്. ഇതുവരെ 2,362 കൗൺസിലിങ്‌ സെഷനുകൾ ജില്ലയിലെ സ്‌നേഹിത കൗൺസിലർമാർ പൂർത്തിയാക്കി.
തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പഞ്ചായത്തുതലത്തിൽ പ്രവർത്തിക്കുന്ന വിജിലന്റ്‌ ഗ്രൂപ്പുകൾ, ജെൻഡർ റിസോഴ്സ് സെന്ററുകൾ എന്നിവ വഴി, അതിക്രമങ്ങൾക്കിരയായ സ്ത്രീകൾക്കും കുട്ടികൾക്കും സ്നേഹിതയുടെ ഷോർട്ട് സ്റ്റേ ഹോമിൽ സുരക്ഷിത താമസവും ലഭിക്കും. രാത്രിയിൽ ഒറ്റയ്ക്കും പരീക്ഷ, ജോലി എന്നിവയുമായി ബന്ധപ്പെട്ട്‌ യാത്ര ചെയ്യേണ്ടിവരുന്ന സ്ത്രീകൾക്കും താമസ സൗകര്യം നൽകും. 903 പേരാണ്‌ താമസ സൗകര്യം ഇതുവരെ ഉപയോഗിച്ചത്‌. 
അതിക്രമങ്ങളെ അതിജീവിച്ചെത്തുന്ന സ്ത്രീകളുടെ അതിജീവനം, ഉപജീവനം, സുരക്ഷ എന്നിവയ്ക്കായി സർക്കാർ, -സർക്കാർ ഇതര സ്ഥാപനങ്ങളുടെ സേവനവും ഉറപ്പുവരുത്തുന്നു. അഞ്ച് സേവനദാതാക്കൾ, രണ്ട് കൗൺസിലർമാർ, രണ്ട് സെക്യൂരിറ്റി ഓഫീസർമാർ, കെയർ ടേക്കർ, ഓഫീസ് അസിസ്റ്റന്റ്‌ എന്നിങ്ങനെ 11  ജീവനക്കാരാണ്‌ ജില്ലയിൽ സ്‌നേഹിതയെ നയിക്കുന്നത്‌. വിളിക്കാം, സ്‌നേഹിതയെ: 180042520002 (ടോൾഫ്രീ), 0477 2230912, സ്‌നേഹിത ജെൻഡർ ഹെൽപ്പ്‌ ഡെസ്‌ക്‌, വെള്ളക്കിണർ, ആലപ്പുഴ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top