26 December Thursday
തിരിഞ്ഞുനോക്കാതെ റെയിൽവേ

ട്രെയിൻ കാത്തുനിന്ന യുവഡോക്‌ടറെ 
തെരുവുനായ കടിച്ചു

സ്വന്തം ലേഖികUpdated: Monday Nov 11, 2024

ഡോ. മുഹമ്മദ്‌ ഷഹബാസിന്റെ 
മുറിവേറ്റ കാൽപ്പാദം

 

ആലപ്പുഴ
ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ കാത്തുനിൽക്കുമ്പോൾ യുവ ഡോക്‌ടറെ തെരുവുനായ കടിച്ചു. റബർ ഫാക്‌ടറി ജങ്‌ഷൻ ആലുങ്കൽ ഹൗസിൽ ഡോ. മുഹമ്മദ്‌ ഷഹബാസിനെയാണ്‌  ആക്രമിച്ചത്‌. ശനി രാത്രി 12നാണ്‌ സംഭവം. സുഹൃത്തിന്റെ കല്ല്യാണത്തിന്‌ കോഴിക്കോട്‌ പോകാൻ പ്ലാറ്റ്‌ഫോം ഒന്നിൽ അന്ത്യോദയ എക്‌സ്‌പ്രസ്‌ കാത്തുനിൽക്കുമ്പോഴാണ്‌ തെരുവുനായ കാലിന്‌ ഇരുഭാഗത്തും ആഴത്തിൽ കടിച്ചത്‌. കടിയേറ്റ ഷഹബാസ്‌ രാത്രി തന്നെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെത്തി പേവിഷ പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ്‌ എടുത്തു. 
‘മുറിവ്‌ കഴുകാൻ വെള്ളവും സോപ്പും തന്നത്‌ റെയിൽവേ സ്‌റ്റേഷനിലെ ശുചീകരണ തൊഴിലാളികളാണ്‌. ആശുപത്രിയിൽ എത്തിക്കാനും വിവരങ്ങൾ തിരക്കാനും റയിൽവേ അധികൃതർ എത്തിയില്ല. വീട്ടിൽനിന്ന്‌   സഹോദരൻ എത്തിയാണ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌’ –- ഷഹബാസ്‌ പറഞ്ഞു. തെരുവുനായകളെ നീക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സ്‌റ്റേഷൻ മാനേജർ മുൻസിപ്പാലിറ്റിക്കും കലക്‌ടർക്കും പരാതി നൽകിയിരുന്നുവെന്നാണ്‌ റയിൽവേയുടെ വാദം. ‘റയിൽവേ സ്‌റ്റേഷനിലെ നായകളടക്കം 1058 എണ്ണത്തിന്‌ നഗരസഭാ പരിധിയിൽ പേവിഷ പ്രതിരോധ വാക്‌സിൻ നൽകിയിരുന്നു. നായകളെ കൊന്നൊടുക്കാൻ നിയമമില്ല. മാറ്റിപാർപ്പിക്കാൻ ഷെൽട്ടറുകളുമില്ല. വന്ധ്യംകരക്കുന്നതിന്‌ എബിസി പദ്ധതി അടക്കം കൃത്യമായി മുനിസിപ്പാലിറ്റി ചെയ്യുന്നുണ്ട്‌’ –- നഗരസഭാധ്യക്ഷ കെ കെ ജയമ്മ പറഞ്ഞു. 
ഷഹബാസ്‌ റെയിൽവേ അധികൃതർക്ക്‌ പരാതി നൽകി. ‘ഇനിയൊരാൾക്കും ഈ ദുരനുഭവം ഉണ്ടാകാതിരിക്കാനാണ്‌ പരാതി നൽകുന്നത്‌. അധികൃതർ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ്‌ കരുതുന്നത്‌’ –- ഷഹബാസ് പറഞ്ഞു. ഇതുവരെ എട്ടുപേരെ ഇതേ തെരുവുനായ കടിച്ചതായി റിപ്പോർട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top