14 November Thursday
വരുന്നു സാമൂഹ്യനീതി സെൽ

സേവന സാഫല്യത്തിലേക്ക്‌ നയിക്കാൻ
വിദ്യാർഥി കേഡറ്റുകൾ

സ്വന്തം ലേഖകൻUpdated: Monday Nov 11, 2024
ആലപ്പുഴ
നിരാലംബരായവരിലേക്ക്‌ സർക്കാർ സേവനങ്ങൾ എത്തിക്കാൻ കോളേജ്‌ വിദ്യാർഥികളെ ഉൾപ്പെടുത്തി സാമൂഹ്യനീതി സെൽ രൂപീകരിച്ചു. 10 കോളേജുകളിലായി 250 വിദ്യാർഥികളാണ്‌ ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയത്‌.  
കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ, കുറ്റകൃത്യങ്ങൾക്ക് ഇരയായവർ, മുൻതടവുകാർ, ആശ്രിതർ എന്നിവർക്കായി ആവിഷ്‌കരിച്ച സർക്കാർ പദ്ധതികളിൽ കൂടുതൽ ഗുണഭോക്താക്കളെ ഉറപ്പാക്കുകയാണ്‌ സാമൂഹ്യനീതി കേഡറ്റുകളുടെ ചുമതല. എൻഎസ്എസ് വളന്റിയർമാരും സോഷ്യൽ സയൻസ്, സൗഹൃദക്ലബ് അംഗങ്ങളും സന്നദ്ധരായ വിദ്യാർഥികളും കേഡറ്റുകളാകും. 
പദ്ധതി മാനദണ്ഡങ്ങളിൽ അവബോധം സൃഷ്‌ടിക്കൽ, അനുബന്ധരേഖകൾ സംഘടിപ്പിക്കൽ, സുനീതി പോർട്ടലിൽ അപേക്ഷ സമർപ്പണം, യുഡിഐഡി രജിസ്ട്രേഷൻ തുടങ്ങിയവയിൽ കേഡറ്റുകൾ പിന്തുണ ഉറപ്പാക്കും. ഭരണഘടന, നിയമം, സർക്കാർ പദ്ധതികൾ എന്നിവയിൽ അവബോധം നൽകി നിയോജക മണ്ഡലങ്ങളിൽ സാമൂഹ്യനീതിവകുപ്പിന്റെ പിന്തുണ സംവിധാനമായി വളർത്തും.
 സാമൂഹ്യനീതി, ആരോഗ്യം, പൊലീസ്, പട്ടികജാതി–--വർഗം എന്നീ വകുപ്പുകളിലെയും നിയമസേവന അതോറിറ്റിയിലെയും റിസോഴ്സ് പേഴ്സൺമാരാകും പരിശീലകർ. അനാഥാലയങ്ങൾ, സർക്കാർ ആശുപത്രികൾ, വയോജന മന്ദിരങ്ങൾ, ഭിന്നശേഷിക്കാരുടെ ക്ഷേമസ്ഥാപനങ്ങൾ, മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രങ്ങൾ, ലഹരിവിമോചന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സന്ദർശനത്തിലും സേവനങ്ങളിലും കേഡറ്റുകളെ പങ്കാളികളാക്കും. ആവശ്യങ്ങളും പ്രശ്നങ്ങളും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ശ്രദ്ധയിൽ കൊണ്ടുവരുവാനും കേഡറ്റുമാരെ ഉപയോഗിക്കും. ഓരോ മാസവും  എംഎൽഎയുടെ അധ്യക്ഷതയിൽ സെൽ പ്രവർത്തനങ്ങൾ വിലയിരുത്തും. 
എംഎൽഎമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും രക്ഷാധികാരികളും കലക്‌ടർ ചെയർമാനും ജില്ലാ പൊലീസ് മേധാവി വൈസ്ചെയർമാനും ജില്ലാ സാമൂഹ്യനീതി ഓഫീസർ കൺവീനറും വിവിധ വകുപ്പുമേധാവികൾ അംഗങ്ങളുമായ മേൽനോട്ടസമിതി പ്രവർത്തനങ്ങൾ വിലയിരുത്തും.  യൂണിഫോമുകൾ കലക്‌ടറുടെ ചേംബറിൽ എച്ച് സലാം എംഎൽഎ വിതരണംചെയ്‌തിരുന്നു.\

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top