23 December Monday
രക്ഷാപ്രവർത്തനം അതിസാഹസികം

കായലിൽച്ചാടിയ മധ്യവയസ്‌കനെ 
ബോട്ട്‌ ജീവനക്കാർ രക്ഷിച്ചു

സ്വന്തം ലേഖകൻUpdated: Monday Nov 11, 2024

കായലിൽ ചാടിയ വ്യക്തിയെ റിയാസ്‌ ലൈഫ്‌ ബോയയിൽ കിടത്തി 
കരയിലേക്ക്‌ അടുപ്പിക്കുന്നു

ചേർത്തല
പാലത്തിൽനിന്ന്‌ കായലിലേക്ക്‌ ചാടിയ മധ്യവയസ്‌കനെ ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ട്‌ ജീവനക്കാർ അതിസാഹസികമായി രക്ഷിച്ചു. ഉദയംപേരൂർ പൂത്തോട്ട പാലത്തിൽനിന്ന്‌ ഞായർ ഉച്ചയ്‌ക്കാണ്‌ എറണാകുളം തമ്മനം സ്വദേശി ചാടിയത്‌. -പൂത്തോട്ട–-പാണാവള്ളി ഫെറി സർവീസ്‌ ബോട്ട്‌ യാത്രക്കാരാണ്‌ ഒരാൾ കായലിൽ ചാടുന്നതും മുങ്ങിത്താഴുന്നതും കണ്ടത്. അവർ ഒച്ചവച്ച്‌ സംഭവം ബോട്ട്‌ ജീവനക്കാരെ അറിയിച്ചു. മുങ്ങുന്നയാളുടെ അടുത്തേക്ക്‌ ഉടൻ ബോട്ട്‌ അടുപ്പിച്ചു. ലാസ്‌കർ പൂച്ചാക്കൽ അരങ്കശേരി റിയാസ്‌ കായലിലേക്ക്‌ ബോട്ടിലെ ലൈഫ്‌ ബോയ എറിഞ്ഞുവെങ്കിലും അതിൽപിടിച്ച്‌ രക്ഷപ്പെടാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു വെള്ളത്തിലേക്ക്‌ ചാടിയവ്യക്തി. 
ഇതോടെ റിയാസ്‌ കായലിലേക്ക്‌ ചാടി അവശനായ ആളെ ലൈഫ്‌ ബോയയിൽ കിടത്തി കരയിലേക്ക്‌ അതിസാഹസികമായി അടുപ്പിച്ചു. അപ്പോഴേക്കും റിയാസും ക്ഷീണിതനായി. പൂത്തോട്ട ജെട്ടിയിലുണ്ടായിരുന്ന മറ്റൊരു ലാസ്‌കർ റോഷൻ പരിശ്രമിച്ചാണ്‌ ഇരുവരെയും കരകയറ്റിയത്‌. കായലിൽചാടിയ വ്യക്തിയെ പൊലീസെത്തി കൊണ്ടുപോയി. 
റിയാസിന്റെയും റോഷന്റെയും അവസരോചിതവും അതിസാഹസികവുമായ രക്ഷാപ്രവർത്തനമാണ്‌ അത്യാഹിതം ഒഴിവാക്കിയത്‌. എൻജിഒ യൂണിയൻ ഏരിയ കമ്മിറ്റിയംഗമാണ്‌ റിയാസ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top