23 December Monday

നെട്ടായങ്ങളിൽ തീപടർത്താൻ കൊമ്പന്മാർ

ഫെബിൻ ജോഷിUpdated: Monday Nov 11, 2024
ആലപ്പുഴ
പുന്നമടയിൽ ഇഞ്ചോടിഞ്ച്‌ നീണ്ട പോരിനും തർക്കത്തിനുമൊടുവിൽ  കോടതികയറിയ നെഹ്‌റുട്രോഫി മത്സരത്തിന്‌ പിന്നാലെ വള്ളംകളി ലോകത്തെ ആവേശത്തിലാക്കാൻ, നെട്ടായങ്ങളിൽ തീപടർത്താൻ ഒമ്പത്‌ ജലരാജാക്കന്മാരുടെ പോര്‌ ശനിയാഴ്‌ച താഴത്തങ്ങാടിയിൽ ആരംഭിക്കും. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ 2024 എഡിഷനിൽ ആറ്‌ മത്സരങ്ങളാണ്‌. 16ന്‌ താഴത്തങ്ങാടിയിൽ ആരംഭിച്ച്‌ ഡിസംബർ 21ന്‌ പ്രസിഡന്റ്‌സ്‌ ട്രോഫിയോടെ സമാപിക്കും. 
 
നാല്‌ മത്സരങ്ങൾക്ക്‌ ആലപ്പുഴയും ഒന്നുവീതം മത്സരങ്ങൾക്ക്‌ കോട്ടയവും കൊല്ലവും വേദിയാകും. കഴിഞ്ഞവർഷംവരെ സിബിഎല്ലിന്റെ ഭാഗമായിരുന്ന നെഹ്‌റുട്രോഫിയെ ഇക്കുറി സിബിഎല്ലിന്റെ ഭാഗമായി കണക്കാക്കില്ല. എന്നാൽ ഈ വർഷത്തെ നെഹ്‌റുട്രോഫിയിൽ സമയത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാമതെത്തിയ ആദ്യ ഒമ്പത്‌ സ്ഥാനക്കാരാണ്‌ സിബിഎല്ലിൽ മാറ്റുരയ്‌ക്കുക. 16ന്‌ താഴത്തങ്ങാടി (കോട്ടയം), 23ന്‌ കൈനകരി (ആലപ്പുഴ), 30ന്‌ പാണ്ടനാട്‌ (ആലപ്പുഴ), ഡിസംബർ ഏഴിന്‌ കരുവാറ്റ (ആലപ്പുഴ), 14ന്‌ കായംകുളം (ആലപ്പുഴ), 21ന്‌ പ്രസിഡന്റ്‌സ്‌ ട്രോഫി (കൊല്ലം) എന്നിങ്ങനെയാണ്‌ മത്സരക്രമം. 
  ആദ്യമത്സരമായ ‘താഴത്തങ്ങാടി വള്ളംകളി’യിൽ നെഹ്‌റുട്രോഫി ജലോത്സവ വിജയികളായ ഒമ്പത്‌ ചുണ്ടൻവള്ളങ്ങൾക്ക്‌ പുറമെ പതിനഞ്ചിലധികം ചെറുവള്ളങ്ങളും മത്സരിക്കും. ചുണ്ടൻവള്ളങ്ങളുടെ മാസ്ഡ്രിൽ, കലാപരിപാടികൾ എന്നിവ നടക്കും. കോട്ടയം വെസ്‌റ്റ്‌ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള സംഘാടകസമിതിയാണ് ചെറുവള്ളങ്ങളുടെ മത്സര സംഘാടകർ. 

മൂർച്ചകൂട്ടി ജലരാജാക്കന്മാർ

സിബിഎൽ സീസണിലെ ആദ്യമത്സരത്തിന്‌ ആറ്‌ ദിവസം മാത്രം ശേഷിക്കെ അവസാനഘട്ട ഒരുക്കങ്ങളിലാണ്‌ ജലരാജാക്കന്മാർ. പ്രമുഖ ടീമുകളെല്ലാം പ്രഖ്യാപനം വന്നയുടനെ പരിശീലനം ആരംഭിച്ചിരുന്നു. സീസൺ നഷ്‌ടമാകില്ലെന്ന ടൂറിസംമന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ വാക്കുകളിലെ പ്രതീക്ഷയിലായിരുന്നു ക്ലബ്ബുകൾ. പ്രഖ്യാപനം വന്നതോടെ പുന്നമടയിൽകണ്ട വീറും വാശിയും ആറ്‌ നെട്ടായങ്ങളിലും ആവർത്തിക്കാനുറപ്പിച്ചാണ്‌ കഠിന പരിശീലനം. 
നെഹ്‌റുട്രോഫി ഫൈനലിൽ ഏറ്റുമുട്ടിയ കാരിയും വീരുവും നടുഭാഗവും നിരണവും തന്നെയായിരിക്കും ലീഗിലെയും ഹോട്ട്‌ ഫേവറീറ്റുകൾ. തലവടി ചുണ്ടനും ആരാധകരുണ്ട്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top