ചേർത്തല/തകഴി
ആരോരും അറിയാതെ വീട്ടിൽ പ്രസവിച്ച അവിവാഹിത യുവതിയും ആൺസുഹൃത്തും കൂട്ടാളിയും ചേർന്ന് കുഞ്ഞിനെ മറവുചെയ്‌തു. സംഭവത്തിൽ യുവതിക്കും, തകഴി വിരുപ്പാല രണ്ടുപറ പുത്തൻപറമ്പ് തോമസ് ജോസഫ് (24), തകഴി ജോസഫ്‌ഭവനിൽ അശോക് ജോസഫ് (30) എന്നിവരുടെ അറസ്‌റ്റ് പൂച്ചാക്കൽ പൊലീസ് രേഖപ്പെടുത്തി.
സംഭവത്തിൽ പൊലീസ് വിശദീകരണം: യുവതി ഫോറൻസിക് സയൻസ് പഠനത്തിന് ജയ്‌പുരിൽ പോയപ്പോഴാണ് അവിടെ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് വിദ്യാർഥിയായിരുന്ന തോമസ് ജോസഫുമായി സൗഹൃദത്തിലായത്. പിന്നീട് തിരുവനന്തപുരത്ത് ഇന്റേൺഷിപ്പിനിടെ സൗഹൃദം ബലപ്പെടുകയും ഗർഭിണിയാകുകയുംചെയ്‌തു. ഗർഭഛിദ്രത്തിന് മരുന്ന് കഴിച്ച് സുരക്ഷിതയെന്ന് ധരിച്ച് കഴിയുകയായിരുന്നു. ആറുമാസം പിന്നിട്ടപ്പോഴാണ് ഗർഭം നിലനിൽക്കുന്നത് മനസിലാക്കിയത്. എട്ടിന് പുലർച്ചെ വീട്ടിലാണ് പ്രസവം നടന്നത്. ഇതൊന്നും വീട്ടുകാരറിഞ്ഞില്ല. വയറുവേദനയുണ്ടായതിനാൽ വൈകിട്ട് പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും മറ്റെവിടെയെങ്കിലും കാണിക്കാൻ അധികൃതർ നിർദേശിച്ചു.
ഒമ്പതിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറെ വീട്ടിലെത്തി കണ്ടു. ഡോക്‌ടറുടെ നിർദേശപ്രകാരം ആശുപത്രിയിലെത്തുകയും യുവതി പ്രസവിച്ചതായി കണ്ടെത്തുകയുംചെയ്‌തു. ഡോക്‌ടറുടെ ആവശ്യപ്രകാരം രക്ഷിതാക്കളെ വിളിച്ചുവരുത്തിയപ്പോഴാണ് അവർ സംഭവം അറിഞ്ഞത്.
കുഞ്ഞിനെക്കുറിച്ച് പരസ്‌പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതോടെ ഡോക്‌ടർ പൂച്ചാക്കൽ പൊലീസിന് വിവരം കൈമാറുകയായിരുന്നു. പൊലീസെത്തി ചോദിച്ചപ്പോൾ കുഞ്ഞിനെ അമ്മത്തൊട്ടിലിന് കൈമാറിയെന്നാണ് യുവതി ആദ്യം പറഞ്ഞത്. വിശദ ചോദ്യംചെയ്യലിൽ ആൺസുഹൃത്തിന്റെ പങ്കാളിത്തം വെളിപ്പെടുത്തി. പ്രസവിച്ചപ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നെന്നും മരിച്ചെന്നും ഉൾപ്പെടെ മൊഴിമാറ്റം ആവർത്തിച്ചു.
ഞായർ രാവിലെ തോമസിനെയും അശോകിനെയും പൊലീസ് കസ്‌റ്റഡിയിലെടുത്തു. കുഞ്ഞിന്റെ മൃതദേഹം തകഴിയിൽ മറവുചെയ്‌തതായി ഇവർ പൊലീസിനോട് വെളിപ്പെടുത്തി. തോമസുമായി എത്തിയ പൊലീസ് കുന്നുമ്മേൽ കൊല്ലനോടി പാടശേഖരത്തിന് സമീപം കുഴിച്ചിട്ടനിലയിൽ മൃതദേഹം കണ്ടെത്തി.
ഇൻക്വസ്‌റ്റിനുശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്‌ച പോസ്‌റ്റ്‌മോർട്ടത്തിലൂടെയാകും കുഞ്ഞിനെ കൊന്നതാണോയെന്ന് വ്യക്തമാകൂ. മറുപിള്ള ഉദരത്തിൽ ശേഷിച്ചതാണ് യുവതിക്ക് വേദന അനുഭവപ്പെട്ടതും ചികിത്സതേടാൻ കാരണമായതും. മൃതദേഹം മറവുചെയ്യാൻ തോമസിനെ സഹായിച്ചയാളാണ് സുഹൃത്ത് അശോക്. എറണാകുളത്ത് ആശുപത്രിയിൽ കഴിയുന്ന യുവതി പൊലീസ് നിരീക്ഷണത്തിലാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..