ഹരിപ്പാട്
പ്രകൃതിദുരന്തത്തിനിരയായ വയനാടിനെ പുനർനിർമിക്കാൻ സഹായം തേടി സമീപിച്ച യുവതയ്‌ക്ക് മണ്ണാറശാല ശ്രീനാഗരാജക്ഷേത്രം നൽകിയത് സ്വർണപ്പതക്കം. സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയും (ആരാഴി പള്ളി) ഡാണാപ്പടി ജുമാ മസ്‌ജിദും നൽകിയത് വീട് നിർമാണത്തിനുള്ള തുക. ഡിവൈഎഫ്‌ഐയുടെ റീബിൽഡ് വയനാട് കാമ്പയിനോട് മതമൈത്രി ഹൃദയം ചേർത്തപ്പോൾ വിരിഞ്ഞത് ഒരുമയുടെ വസന്തം.
മണ്ണാറശാല ദേവസ്വം ട്രസ്റ്റ് അംഗങ്ങളായ എസ് നാഗദാസ്, എസ് ശ്യാം സുന്ദർ എന്നിവർ നൽകിയ സ്വർണപ്പതക്കം ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുരേഷ്‌കുമാർ ഏറ്റുവാങ്ങി. ആരാഴി പള്ളി വികാരി കെ പി വർഗീസ്, ഡാണാപ്പടി ജുമാ മസ്ജിദ് ഖത്തീബ് ഷാഫി ബാഖവി എന്നിവർ വീട് നിർമാണത്തിന് നൽകിയ തുക ബ്ലോക്ക് പ്രസിഡന്റ് അനസ് എ നസീം ഏറ്റുവാങ്ങി.
ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി വിഷ്‌ണു ഓമനക്കുട്ടൻ, ട്രഷറർ അഭിജിത് ലാൽ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി എം ചന്ദ്രൻ, ലോക്കൽ സെക്രട്ടറി കെ മോഹനൻ, എം എസ് വി അംബിക, ആർ സിന്ധു, രാജേഷ് ശർമ, ഷെഫീഖ് എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..