22 December Sunday
ഒറ്റദിവസം 
3 രക്ഷാദൗത്യം

കര തൊട്ടത് 41 ജീവൻ

ഫെബിൻ ജോഷിUpdated: Saturday Oct 12, 2024

ഫിഷറീസ് വകുപ്പ് രക്ഷിച്ച കാർത്തികസ്വാമി ബോട്ടിലെ ജീവനക്കാർ

 ആലപ്പുഴ

അപ്രതീക്ഷിതമായാണ്‌ കടൽ കൂടിയത്‌. കുത്തിമറിയുന്ന കടലിൽ മൂന്നിടങ്ങളിൽ ജീവൻ കൈയിൽ പിടിച്ച്‌ മത്സ്യത്തൊഴിലാളികൾ കാത്തിരുന്നു. ആഞ്ഞടിച്ച തിരകളെ കീറിമുറിച്ച്‌ സേനയുടെ രക്ഷാകരങ്ങൾ മൂന്നിടങ്ങളിലേക്കുമെത്തി. പിന്നെ സുരക്ഷിതരായി കരയിലേക്ക്‌. അവിടെനിന്ന്‌ തീരത്ത്‌ ഉറ്റവരെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരിലേക്ക്‌. ഒറ്റദിവസം, തോട്ടപ്പള്ളി ഫിഷറീസ് സ്‌റ്റേഷനലിലെ ഫിഷറീസ്‌ റെസ്‌ക്യൂ സേന മൂന്ന്‌ രക്ഷാപ്രവർത്തനങ്ങളിൽനിന്നായി കടലിൽനിന്ന്‌ രക്ഷിച്ചത്‌ 41 ജീവൻ. എൻജിൻ തകരാറിലായി കായംകുളം, തോട്ടപ്പള്ളി തീരങ്ങളിൽ ഒഴുകി നടന്ന ബോട്ടും രണ്ടുവള്ളങ്ങളുമാണ്‌ സുരക്ഷിത തീരംതൊട്ടത്‌. ഫിഷറീസ്‌ റെസ്‌ക്യൂ ബോട്ടിലെ ലൈഫ്‌ ഗാർഡുമാരായ എം ജോർജ്‌, ആർ ജയൻ, ആർ രാഹുൽ, സ്രാങ്ക്‌ സുരേഷ്‌, ഡ്രൈവർ രമേശൻ, സീ റെസ്‌ക്യു സ്‌ക്വാഡ്‌ അംഗങ്ങളായ വി പി സെബാസ്‌റ്റ്യൻ, സാലസ് ജോൺ എന്നിവരാണ്‌ രക്ഷാപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌. 
പ്രാണനുവേണ്ടി ‘പാർഥസാരഥി’ –- രാവിലെ 7.19
വെള്ളി രാവിലെ ഏഴിനുശേഷമാണ്‌ സഹായം അഭ്യർഥിച്ചുള്ള ആദ്യ സന്ദേശം തോട്ടപ്പള്ളിയിലെ ഫിഷറീഷ്‌ സ്‌റ്റേഷനിലേക്ക്‌ എത്തുന്നത്‌. കായംകുളം തീരത്ത്‌ എൻജിൻ തകരാറായി ഒഴുകിനടന്ന്‌ മുങ്ങിത്തുടങ്ങിയ -കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള "പാർഥസാരഥി’യെന്ന ഇൻബോർഡ് വള്ളമാണ്‌ സഹായമഭ്യർഥിച്ചത്‌. 10 ഭാഗം വള്ളത്തിൽ 30 ജീവനായിരുന്നു ആ സമയം അനിശ്ചിതത്വത്തിന്റെ നൗകയിൽ. 7.19ന്‌ മൂന്ന്‌ ലൈഫ്‌ ഗാർഡുമാരും തീരസേനയിലെ പൊലീസ്‌ ഉദ്യോഗസ്ഥനും സ്രാങ്കും ഡ്രൈവറുമുൾപ്പെടുന്ന ഫിഷറീസ്‌ റെസ്‌ക്യൂ ബോട്ട്‌ കായംകുളം ഹാർബറിൽനിന്ന് പുറപ്പെട്ടു. ആശങ്കയുടെ നിമിഷങ്ങളെ പിന്നിലാക്കി 8.34ന്‌ മുങ്ങിത്തുടങ്ങിയ വള്ളവും കെട്ടിവലിച്ച്‌, 30 ജീവനക്കാരുമായി കായംകുളം ഹാർബറിൽ സേനയുടെ ബോട്ട്‌ എത്തി. 
കാർത്തികസ്വാമിയെ കാത്തത്‌ റെസ്‌ക്യൂ വള്ളം –- രാവിലെ 7.40
പാർഥസാരഥിയ്‌ക്കായി ഫിഷറീസ്‌ റെസ്‌ക്യൂ സേന ബോട്ട്‌ പുറപ്പെട്ടതിന്‌ പിന്നാലെയാണ്‌ തോട്ടപ്പള്ളി തീരത്ത്‌ ആലപ്പുഴ സ്വദേശിയുടെ എൻജിൻ തകരാറിലായി "കാർത്തിക സ്വാമി’ എന്ന ഫൈബർ വള്ളം അഞ്ച്‌ മത്സ്യത്തൊഴിലാളികളുമായി ഒഴുകിനടക്കുന്ന വിവരം കൺട്രോൾ റൂമിൽ എത്തുന്നത്‌. കടലിൽ എട്ട്‌ ഭാഗം വെള്ളത്തിലായിരുന്നു വള്ളത്തിന്റെ സ്ഥാനം. ഉടൻ ഫിഷറീസ്‌വകുപ്പിന്റെ റെസ്‌ക്യൂ വള്ളം തോട്ടപ്പള്ളി ഹാർബറിൽനിന്ന് 7.40ന്‌ കടലിലിറങ്ങി. അരമണിക്കൂറിനുള്ളിൽ വള്ളത്തിലെ മത്സ്യത്തൊഴിലാളികൾ തോട്ടപ്പള്ളി ഹാർബറിൽ.  തകരാറിലായ വള്ളവും സേന ഹാർബറിൽ എത്തിച്ചു. 
ജി വി ആർ തീരത്തേക്ക്‌ 
–- പകൽ 12.05
പകൽ 12-ഓടെയാണ്‌ മൂന്നാമത്തെ സഹായസന്ദേശം എത്തുന്നത്‌. കായംകുളം തീരത്ത്‌ ഏഴര ഭാഗം വെള്ളത്തിൽ കൊല്ലം സ്വദേശിയുടെ ബോട്ട്‌ എൻജിൻ തകരാറിലായി ഒഴുകിനടക്കുന്ന വിവരമെത്തുന്നത്‌. ആറ്‌ തൊഴിലാളികളായിരുന്നു ബോട്ടിൽ. 12.05ന്‌ റെസ്‌ക്യൂ ബോട്ട്‌ കായംകുളം ഹാർബറിൽനിന്ന്‌ പുറപ്പെട്ടു. 12.52ന്‌  ജി വി ആർ ബോട്ടും മത്സ്യത്തൊഴിലാളികളും കയംകളും ഹാർബറിൽ കരതൊട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top