21 November Thursday

വിഷ്‌ണുവിന്റെ കുടുംബത്തിന്‌ അതിജീവനം ഉറപ്പാക്കും: മന്ത്രി ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

തിരുവനന്തപുരം

ആലപ്പുഴ ജില്ലയിൽ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച് ഗൃഹനാഥൻ ജീവനൊടുക്കിയ കുടുംബത്തിന്റെ അതിജീവനവും ക്ഷേമവും ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന്‌  മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 
   ജില്ലാ സാമൂഹ്യനീതി ഓഫീസർ സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യം അതിജീവിക്കാനും സമൂഹത്തിൽ ഒറ്റയ്‌ക്കല്ലെന്ന വിശ്വാസം സൃഷ്ടിക്കാനുമാണ് അടിയന്തര നടപടികൾ കൈക്കൊള്ളുന്നതെന്ന്‌ മന്ത്രി പറഞ്ഞു. ചലനശേഷി കുറഞ്ഞ വിഷ്ണുവിനെ രണ്ടാഴ്ചയിലൊരിക്കൽ  വീട്ടിലെത്തി പരിശോധിച്ച് വൈദ്യസഹായം നൽകാൻ ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന ക്രമീകരണം ഒരുക്കും. കുടുംബാംഗങ്ങൾക്ക് കൗൺസലിങ്‌ നൽകും. 
വിഷ്ണുവിന് ഭിന്നശേഷി പെൻഷൻ നൽകി വരുന്നുണ്ട്. ലൈഫ് ഭവനപദ്ധതിയിൽ ഗുണഭോക്തൃ പട്ടികയിലുള്ള കുടുംബത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തുടർനടപടി വേഗത്തിലാക്കാൻ പഞ്ചായത്തിന്‌ നിർദേശം നൽകും. 
  സുരേഷ് ജോലി ചെയ്തിരുന്ന കോമളപുരം സ്പിന്നിങ്‌ മില്ലിലെ ജനറൽ മാനേജരുമായി ആശ്രിതനിയമനത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. പി എഫ് ആനുകൂല്യങ്ങൾ  വേഗം ലഭ്യമാക്കാൻ  നടപടി  ഉറപ്പാക്കി. സ്ഥാപനത്തിലെ ജീവനക്കാരും തൊഴിലാളികളും ഒരു ദിവസത്തെ വേതനം കുടുംബത്തിന് നൽകുമെന്ന്‌ അറിയിച്ചിട്ടുണ്ട്. വീടുനിർമിക്കാൻ സർക്കാർ സഹായത്തിന് പുറമെ വേണ്ടിവരുന്ന തുക കണ്ടെത്താൻ സ്പിന്നിങ്‌ മില്ലുകളുടെ എം ഡിയുമായി ചർച്ച ചെയ്‌ത്‌ നടപടിയെടുക്കും. 
സ്ഥിരം ജോലി ലഭിക്കുംവരെ വിഷ്ണുവിന്റെ അമ്മയ്ക്ക് സ്വയം തൊഴിൽ കണ്ടെത്താൻ സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന സ്വാശ്രയ പദ്ധതിയിൽ ധനസഹായം നൽകാനും പരിരക്ഷ പദ്ധതി പ്രകാരം  ആശ്വാസധനം ലഭ്യമാക്കാനും നടപടിയുണ്ടാകും. പദ്ധതികൾക്ക്‌ അപേക്ഷ  നൽകാൻ സഹായത്തിന്‌ സായംപ്രഭ ഹോംകെയർ ഗിവർക്ക് ചുമതല നൽകിയിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top