23 December Monday
സിഗ്‌നൽ തകരാർ

ട്രെയിനുകൾ വൈകിയത്‌ 
മണിക്കൂറുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024

സിഗ്നൽ തകരാറിനെത്തുടർന്ന്‌ ഏറനാട്‌ എക്‌സ്‌പ്രസും ജനശതാബ്‌ദിയും എറണാകുളത്ത് പിടിച്ചിട്ടപ്പോൾ

ആലപ്പുഴ
സിഗ്നൽ തകരാറിലായതിനെ തുടർന്ന്‌ മംഗളൂരു–-തിരുവനന്തപുരം ഏറനാട്‌ എക്‌സ്‌പ്രസ്‌ എറണാകുളത്ത്‌ പിടിച്ചിട്ടത്‌ 2.15 മണിക്കൂർ.  4.20ന്‌ എറണാകുളം സൗത്ത്‌ സ്‌റ്റേഷനിൽനിന്ന്‌ പുറപ്പെടെണ്ട ട്രെയിൻ കുമ്പളത്ത്‌ സിഗ്നൽ തകരാറിലായതിനാലാണ്‌ 6.39 വരെ പിടിച്ചിട്ടത്‌. രണ്ടേകാൽ മണിക്കൂറിനിടെയുള്ള ട്രെയിനായതിനാൽ കാലുകുത്താൻ ഇടമില്ലാത്തവിധം യാത്രക്കാരുമായാണ്‌ പുറപ്പെട്ടത്‌. 
 5.25ന്‌ എറണാകുളത്തുനിന്ന്‌ പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ ജനശതാബ്‌ദി, 6.25ന്റെ എറണാകുളം–-കായംകുളം പാസഞ്ചർ എന്നിവയിലെ യാത്രക്കാരാണ്‌ ട്രെയിനുകൾ വൈകുന്നതിനാൽ ഏറനാടിനെ ആശ്രയിച്ചത്‌. 5.25ന്‌ പുറപ്പെടേണ്ട ജനശതാബ്‌ദി 6.57നാണ്‌ എറണാകുളം സൗത്ത്‌ വിട്ടത്‌. ഏറനാട്‌ തുറവൂരും ജനശതാബ്‌ദി കുമ്പളത്തും പിടിച്ചിട്ടശേഷമാണ്‌ വന്ദേഭാരത്‌ കടത്തിവിട്ടത്‌. ഇതോടെ 6.25ന്റെ കായംകുളം പാസഞ്ചർ എറണാകുളത്ത്‌ കുടുങ്ങി. വന്ദേഭാരത്‌ എറണാകുളത്ത്‌ എത്തിയതിന്‌ ശേഷമാണ്‌ പാസഞ്ചർ സർവീസ്‌ നടത്തിയത്‌. വൈകിട്ട്‌ ആറോടെ പ്രശ്‌നം പരിഹരിച്ചെങ്കിലും ഏഴിനാണ്‌ സർവീസ്‌ പൂർണമായി ആരംഭിച്ചത്‌.
വൈകിട്ട്‌ നാലിന്‌ ശേഷമാണ്‌ സിഗ്നലിൽ തകരാറുണ്ടായതെന്നാണ്‌ റെയിൽവേ അധികൃതർ പറയുന്നത്‌.  വടക്കോട്ടുള്ള ചെന്നൈ സെൻട്രൽ എക്‌സ്‌പ്രസും കണ്ണൂർ എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസും ഒന്നര മണിക്കൂറിലധികം വൈകി. എന്നാൽ  തകരാറിനെക്കുറിച്ച്‌ റെയിൽവേയ്‌ക്ക്‌ നേരത്തെ വിവരം ലഭിച്ചിരുന്നതാണെന്നും അനാസ്ഥയാണ്‌ ഇത്തരം സംഭവങ്ങൾക്ക്‌ കാരണമെന്നും യാത്രക്കാർ ആരോപിച്ചു. ട്രെയിനുകൾ വൈകുന്ന പശ്ചാത്തലത്തിൽ ആവശ്യമായ അറിയിപ്പുകൾ നൽകിയില്ലെന്നും ആദ്യം പുറപ്പെടുന്ന ട്രെയിൻ എതാണെന്ന്‌ അനൗൺസ്‌ ചെയ്യുന്നതിലടക്കം ഉണ്ടായ വീഴ്‌ച വളരെയധികം ബുദ്ധിമുട്ടിച്ചതായും യാത്രക്കാർ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top