24 November Sunday

കളമൊഴിഞ്ഞത്‌ കഞ്ഞിക്കുഴിയുടെ
‘ദ്രോണാചാര്യൻ’

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2024
കെ എസ് ലാലിച്ചൻ
കഞ്ഞിക്കുഴി
കഞ്ഞിക്കുഴിയിലെ ഒരു സർക്കാർ വിദ്യാലയത്തിന്‌ കായിക ഭൂപടത്തിൽ  ഇടം നേടി കൊടുത്ത‌ കായികാധ്യാപകൻ കെ കെ പ്രതാപൻ കളമൊഴിഞ്ഞു.  1990 മുതൽ 2017 വരെ ചാരമംഗലം ഗവ. ഡി വി എച്ച് എസ് എസിൽ ജോലി നോക്കി. ഇക്കാലയളവിലാണ് സ്കൂൾ ടീം തുടർച്ചയായി ഉപജില്ലയിലും റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിലും ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയത്.‌ 
പ്രതാപൻ കായികാധ്യാപകനായി ചുമതലയേറ്റതോടെയാണ് സ്കൂളിന്റെ കായികമേഖലയിലെ പ്രതാപകാലം തുടങ്ങുന്നത്. ആദ്യമൊക്കെ പ്രതാപൻ വീടുകളിൽ ചെന്ന് കുട്ടികളെ കൂട്ടിക്കൊണ്ടു വന്നാണ് പരിശീലനം നൽകിയത്.മൂന്നു നാലുവർഷം പിന്നിട്ടതോടെ രക്ഷകർത്താക്കൾ കുട്ടികളെ സ്കൂളിലെത്തിച്ച് പ്രതാപന്റെ ശിഷ്യരാക്കി. കാൽനൂറ്റാണ്ടിനിടയിൽ 23 വർഷവും സ്കൂൾ ഉപജില്ലാ കായികമേളയിൽ ചാമ്പ്യൻഷിപ്‌ കരസ്ഥമാക്കി. 25 വർഷവും ജില്ലാ അമച്വർമീറ്റിൽ ഓവറോൾ ചാമ്പ്യൻഷിപ്‌. എട്ടുവർഷം റവന്യു ജില്ലയിലെ ബെസ്റ്റ് സ്കൂളിനുള്ള ട്രോഫി-യും- ലഭിച്ചു.
പ്രതാപന്റെ ശിക്ഷണത്തിൽ പരിശീലനം ലഭിച്ച് സ്കൂളിൽ നിന്നിറങ്ങിയ 115 കായികതാരങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാർ സർവീസിലായി. ഇവരിൽ 36 പേർ കായികാധ്യാപകരാണ്‌. രണ്ടായിരത്തിലേറെ പേർക്ക് പൊലീസ്, എക്സൈസ്, അഗ്‌നിരക്ഷസേന കായികക്ഷമതാ പരീക്ഷകളിൽ സൗജന്യ പരിശീലനം നൽകി. ഇവരിൽ 1000 പേർക്ക് ജോലി ലഭിച്ചു. ഒളിമ്പ്യൻ കെ ജെ മനോജ് ലാൽ , കെ ബി ശിവദേവൻ, സിനിമോൾ, ഇ എം ഇന്ദുലേഖ തുടങ്ങി പ്രശസ്തരായ കായികതാരങ്ങൾ പ്രതാപന്റെ ശിക്ഷണത്തിൽ ഡിവിഎച്ച്എസ്എസിലെ ട്രാക്കിൽ ഓടിയും ചാടിയും വളർന്നവരാണ്. മുഹമ്മ എ ബി വിലാസം സ്‌കൂളിലെ കായികാധ്യാപകനും സംസ്ഥാന അധ്യാപക അവാർഡ്‌ ജേതാവുമായ വി സവിനയനും  കെ കെ പ്രതാപന്റെ ശിഷ്യനാണ്‌. കെ കെ പ്രതാപന്റെ രണ്ട്‌ മക്കളും കായികതാരങ്ങളാണ്.‌
ദീർഘദൂര ഓട്ടക്കാരനായിരുന്ന കെ കെ പ്രതാപന്റെ  സ്കൂൾ വിദ്യാഭ്യാസകാലം ദുരിതങ്ങൾ നിറഞ്ഞതായിരുന്നു.  പഠനശേഷം അച്ഛനോടൊപ്പം ചെത്തുതൊഴിലിൽ ഏർപ്പെട്ടു.  കായിക മേഖലയിൽ  ഗുരുവായിരുന്ന  ആർ ശശിയാണ്‌  പ്രതാപനെ ഈ  തൊഴിൽ മേഖലയിൽ നിന്നും മാറ്റി കോഴിക്കോട് ഗവ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ ചേർത്തു പഠിപ്പിച്ചത്‌ .  1989 ൽ ഇറവങ്കര സ്കൂളിൽ കായികാധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഒരു വർഷത്തിന്‌ ശേഷം ഡി വി ഹയർ സെക്കൻഡറി സ്‌കൂളിലും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top