ചേർത്തല
സംസ്ഥാന സ്‌കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ കബഡിയിൽ ആലപ്പുഴയ്‌ക്ക് സ്വർണത്തിളക്കം. സ്‌കൂൾമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് കബഡിയിൽ ആലപ്പുഴയുടെ പെൺതാരങ്ങൾ കിരീടം നേടുന്നത്. 2001-ൽ സീനിയർ ആൺകുട്ടികളുടെ വിജയത്തിനുശേഷം 23 വർഷം പിന്നിട്ടാണ് കബഡിയിൽ ജില്ല സ്വർണം നേടുന്നത്. ചേർത്തല ഗവ. എച്ച്‌എസ്‌എസിലെ ഗൗരിശങ്കരി, എസ് അനശ്വര, ദേവനന്ദന എന്നിവർ ദേശീയ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൽ ഇടംനേടി.
ആദ്യ റിസർവായി സ്വീറ്റി സണ്ണിയെയും തെരഞ്ഞെടുത്തു. 12 അംഗ ജില്ലാ ടീമിൽ ഏഴുപേരും ചേർത്തല സ്‌കൂളിലെ താരങ്ങളായിരുന്നു. ഇവിടത്തെ ബി ഋതു, അനുലക്ഷ്‌മി, ഗൗരിപാർവതി എന്നിവരും ടീമിലുണ്ടായിരുന്നു. ഇവർ ഏഴുപേരാണ് അന്തിമപോരാട്ടത്തിന് കളത്തിലിറങ്ങിയത്.
പൂച്ചാക്കൽ ശ്രീകണ്‌ഠേശ്വരം സ്‌കൂളിലെ ഭാഗ്യശ്രീ, തൃച്ചാറ്റുകുളം എൻഎസ്എസ് എച്ച്എസ്എസിലെ ആര്യനന്ദ എസ് നായർ, കായംകുളം കട്ടച്ചിറ ജോൺ കെന്നഡി മെമ്മോറിയൽ സ്‌കൂളിലെ ആർദ്ര ബി വിജയൻ, ബുധനൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എസ് ആര്യ, റോമ പോൾ എന്നിവർ ജില്ലാ ടീമിൽ ഉൾപ്പെട്ടു. സീനിയർ മത്സരത്തിൽ പ്രോമിസിങ് താരമായി തെരഞ്ഞെടുത്ത ഗൗരിശങ്കരിയാണ് ടീമിനെ നയിച്ചത്.
ചേർത്തല സെവൻഹീറോസ് താരങ്ങളാണ് ചേർത്തല സ്‌കൂളിലെ ഏഴുപേരും. കായികാധ്യാപകൻ പി പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. 2001-ൽ ചാമ്പ്യന്മാരായ ജില്ലാ ടീമംഗങ്ങളായ എസ് മുകേഷ്, സുജീഷ് എന്നിവരും കൃഷ്‌ണദാസ് റോയിയും പരിശീലനസംഘത്തിൽ ഉൾപ്പെട്ടു. സബിത രതീഷായിരുന്നു ടീം മാനേജർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..