കായംകുളം
സിപിഐ എം കായംകുളം ഏരിയ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം. പ്രതിനിധി സമ്മേളനം പി എച്ച് ജാഫർകുട്ടി നഗറിൽ (കദീശ പള്ളി ഓഡിറ്റോറിയം) ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്‌തു. വെള്ളിയാഴ്‌ച പ്രതിനിധി സമ്മേളനം തുടരും. 16ന് പൊതുസമ്മേളനത്തോടെ സമാപിക്കും.
പ്രകടനമായെത്തിയ പ്രതിനിധികൾ സമ്മേളന നഗരിയിൽ പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. മുതിർന്ന അംഗം കെ ജയപ്രകാശ് പതാക ഉയർത്തി. എസ് സുനിൽ കുമാർ രക്തസാക്ഷി പ്രമേയവും എസ് നസിം അനുശോചന പ്രമേയവും ഐ റഫീഖ് അനുസ്‌മരണ പ്രമേയവും അവതരിപ്പിച്ചു. പുരോഗമന കലാസാഹിത്യ സംഘം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഒരുക്കിയ സ്വാഗതഗാനാലാപനത്തോടെ പ്രതിനിധികളെ വരവേറ്റു. സ്വാഗതസംഘം കൺവീനർ ജി ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. ഷേക് പി ഹാരിസ് (കൺവീനർ), ബി അബിൻഷാ, എം ജെനുഷ, സി എ അഖിൽകുമാർ എന്നിവരാണ് പ്രസീഡിയം. മറ്റ് സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.
ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഉച്ചയ്‌ക്കുശേഷം പൊതുചർച്ച നടന്നു. കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ എച്ച് ബാബുജാൻ, കെ പ്രസാദ്, എ മഹേന്ദ്രൻ, എം സത്യപാലൻ, ജി ഹരിശങ്കർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ഗാനകുമാർ, എൻ ശിവദാസൻ എന്നിവർ പങ്കെടുക്കുന്നു.
ലോക്കൽ സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുത്ത 150 പ്രതിനിധികളും 20 ഏരിയ കമ്മിറ്റി അംഗങ്ങളുമടക്കം 170 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. വെള്ളിയാഴ്‌ച മറുപടിക്കുശേഷം പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.
തിങ്കൾ പകൽ മൂന്നിന് ചുവപ്പുസേനാ മാർച്ച്, ബഹുജനറാലി, പൊതുസമ്മേളനം എന്നിവ നടക്കും. കായംകുളം ജിഡിഎം ഗ്രൗണ്ട് പരിസരത്തുനിന്ന് മാർച്ചും റാലിയും ആരംഭിക്കും. എം ആർ രാജശേഖരൻ നഗറിൽ (എൽമെക്‌സ് ഗ്രൗണ്ട്) ചേരുന്ന പൊതുസമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം ചെയർപേഴ്സൺ പി ശശികല അധ്യക്ഷയാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..