29 December Sunday

നവ സാഹിതീചിന്തകളുടെ 90 ‘പ്രഭാവർഷങ്ങൾ’

ആർ ശിവപ്രസാദ്‌Updated: Friday Aug 14, 2020
ചാരുംമൂട് 
നവഭാവുകത്വമുള്ള സാഹിത്യവിമർശനത്തിലൂടെ മലയാള സാഹിത്യലോകത്ത്‌ ചിരപ്രതിഷ്‌ഠ നേടിയ പ്രൊഫ. പ്രയാർ പ്രഭാകരന്‌ വെള്ളിയാഴ്‌ച നവതി. ഭാരതീയ സാഹിത്യത്തിലും സംസ്‌കൃതിയിലും പാരാവാരമായി പരന്നൊഴുകുന്നതാണ്‌  പ്രയാറിന്റെ തൂലിക. മാർക്‌സിയൻ സാഹിത്യ സമീപനത്തെ അംഗീകരിക്കുന്നവരും എതിർക്കുന്നവരും ഒരുപോലെ വായിക്കേണ്ടതാണ് പ്രയാർ കൃതികളെന്ന് ഇ എം എസ് രേഖപ്പെടുത്തിയിട്ടുണ്ട്‌. 
     വാഗ്മിയും നാടക–-ചലച്ചിത്രഗാന രചയിതാവും എം ജി ആറിന്റെ പ്രഥമ മലയാള സിനിമയുടെ തിരക്കഥാകൃത്തുമായിരുന്ന സ്വാമി ബ്രഹ്മവ്രതന്റെയും ലക്ഷ്‌മിക്കുട്ടിയമ്മയുടേയും മകനായി‌ 1930 ആഗസ്‌ത്‌ 14 ന് കൊല്ലം പ്രയാറിലാണ്‌ ജനനം.  
 20-ാം വയസിൽ ശൂരനാട് ഗവ.ഹൈസ്‌കൂളിൽ അധ്യാപകനായി. തിരുവനന്തപുരം ട്രെയിനിങ്‌ കോളേജിൽ നിന്ന് ബിഎഡും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് എംഎ യും നേടി. 1964ൽ കൊല്ലം എസ് എൻ വനിതാ കോളേജിൽ അധ്യാപകനായി.തുടർന്ന് കൊല്ലം എസ് എൻ കോളേജായി തട്ടകം. എസ് എൻ ട്രസ്‌റ്റിന്റെ ഒട്ടുമിക്ക കോളേജുകളിലും  അധ്യാപകനായിരുന്നു. സ്വന്തം വിദ്യാർഥിയെ മാനേജ്മെന്റ് അകാരണമായി പുറത്താക്കിയപ്പോൾ  കോളേജിൽ ഏഴുനാൾ സത്യഗ്രഹമിരുന്ന വിട്ടുവഴ്‌ചയില്ലാത്ത പോരാളിയായും കേരളം പ്രയാറിനെ അറിയും. പ്രതികാര നടപടിയായിരുന്നു തുടരെയുള്ള സ്ഥലം മാറ്റങ്ങൾ. കോളേജ് അധ്യാപക സംഘടനയായ എകെപിസിടിഎ യുടെ സംഘാടകനായിരുന്നു. കൊല്ലം എസ് എൻ കോളേജ് മലയാള വിഭാഗം തലവനായാണ് വിരമിച്ചത്. സി പി ഐ എം ചുനക്കര ലോക്കൽ കമ്മിറ്റി അംഗമായിരിക്കെ  സമരത്തിൽ പങ്കെടുത്ത്‌ നാലുനാൾ ജയിൽവാസമനുഭവിച്ചു. 
 ഭാരതീയ സാഹിത്യ ശാസ്‌ത്ര പഠനമാണ് പ്രയാറിന്റെ ആദ്യകൃതി. കവി ഭാരതീയ സാഹിത്യ ശാസ്‌ത്രങ്ങളിൽ, അനുഭൂതിയുടെ അനുപല്ലവി, പ്രതിഭയുടെ പ്രകാശഗോപുരങ്ങൾ, ആശാൻ കവിതയുടെ ഹൃദയതാളം, സൗന്ദര്യബോധത്തിൽ ഒരു കന്നിക്കൊയ്‌ത്ത്‌, ഭരതമുനിയുടെ നാട്യശാസ്‌ത്രത്തിലൂടെ, വേദങ്ങൾ ആത്മവിദ്യയുടെ ആദിമരേഖ, നാരായണ ഗുരു: അഭേദ ദർശനത്തിന്റെ ദീപ്തസൗന്ദര്യം എന്നിവയാണ് പ്രധാന കൃതികൾ.
 അബുദാബി ശക്തി അവാർഡ്, വീണപൂവ് ശതാബ്‌ദി സമ്മാൻ, പ്രൊഫ. പ്രസന്നൻ സ്‌മാരക സാഹിത്യ പുരസ്‌കാരം, തിരുവനന്തപുരം ഗുരുദേവൻ ബുക്ക് ട്രസ്‌റ്റ്‌ പുരസ്‌കാരം, ഡോ.സുകുമാർ അഴീക്കോട് വിചാരവേദി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം എന്നിവയാണ്‌ പ്രധാന അംഗീകാരങ്ങൾ.    
മാവേലിക്കര ഗവ.ഹൈസ്‌കൂൾ റിട്ട. പ്രഥമാധ്യാപികയും ചുനക്കര പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എൽ വസുന്ധതിയാണ്‌ ഭാര്യ. സാഹിത്യ വിശാരദ്‌ പഠനത്തിൽ ഗുരുവായിരുന്ന കെ കെ പണിക്കരുടെ മകളാണ് വസുന്ധതി. ഭാര്യയ്‌ക്ക്‌ ചുനക്കര ഗവ.ഹൈസ്‌കൂളിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെയാണ്  പ്രയാർ ഇവിടെ സ്ഥിരതാമസമാക്കിയത്. മക്കൾ: ഹീര(അധ്യാപിക, കായംകുളം ഗവ.ഹൈസ്‌കൂൾ), മീര(രജിസ്‌ട്രാർ കൊച്ചി ശാസ്‌ത്ര–-സാങ്കേതിക സർവകലാശാല), ഹരി(ഫേബിയൻ ബുക്‌സ്‌), ഹാരി(മാധ്യമ പ്രവർത്തകൻ).  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top