24 November Sunday
വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി നാടിന് സമർപ്പിച്ചു

വരുന്നു, ഇരപ്പൻപാറയിലും 
ടൂറിസം ഡെസ്‌റ്റിനേഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2024

നിർമാണം പൂർത്തീകരിച്ച വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ചാരുംമൂട്
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും, താമരക്കുളം പച്ചക്കാട് ഫാർമേഴ്‌സ് ക്ലബ്ബും ചേർന്ന്‌ നടപ്പാക്കുന്ന വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി ‘ഗ്രീൻഫോറസ്‌റ്റ്‌' എം എസ് അരുൺകുമാർ എംഎൽഎ നാടിന് സമർപ്പിച്ചു. വാട്ടർ ടൂറിസവും ഓപ്പൺ ജിമ്മും ഫുഡ് കോർട്ടും തുറന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് രജനി അധ്യക്ഷയായി. കുട്ടികളുടെ പാർക്ക് താമരക്കുളം പഞ്ചായത്ത് പ്രസിഡന്റ്‌ ജി വേണു ഉദ്ഘാടനംചെയ്‌തു. 
കലക്‌ടർ അലക്‌സ് വർഗീസ് മുഖ്യാതിഥിയായി. സംസ്ഥാന സർക്കാരിന്റെ പ്രാദേശിക വികസനത്തിന്റെ ഭാഗമായാണ് ടൂറിസം പദ്ധതികൾ വിപുലമാക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. വയ്യാങ്കരച്ചിറയുടെ അടിസ്ഥാനസൗകര്യ വികസനത്തിന് രണ്ടുകോടി രൂപ സംസ്ഥാന സർക്കാർ ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്. താമരക്കുളത്തുതന്നെ ഇരപ്പൻപാറയിലും ടൂറിസം ഡെസ്‌റ്റിനേഷൻ പദ്ധതിയുടെ ഭാഗമായി വികസനം വരും. 60 ശതമാനം സംസ്ഥാന സർക്കാരും 40 ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനവും ചെലവഴിച്ചായിരിക്കും ഇരപ്പൻപാറയിൽ പദ്ധതി നടപ്പാക്കുന്നതെന്നും എംഎൽഎ പറഞ്ഞു. 
100 ഏക്കറോളം വിസ്‌തൃതിയുള്ള പ്രകൃതിരമണീയമായ ജലാശയമാണ് താമരക്കുളം പഞ്ചായത്തിലെ വയ്യാങ്കരച്ചിറ. ടൂറിസം പദ്ധതി പ്രവർത്തനങ്ങളുടെ നടത്തിപ്പിന്‌ ഡിടിപിസിക്ക് കൈമാറിയതാണ്. ചിറയിൽ മത്സ്യകൃഷി നടത്തിയ പ്രദേശവാസികൾ ചേർന്നുള്ള പച്ചക്കാട് ഫാർമേഴ്‌സ് ക്ലബ്ബിനാണ് നിർമാണച്ചുമതല ലഭിച്ചത്. വയ്യാങ്കരച്ചിറയുടെ ഓളപ്പരപ്പിലൂടെ ബോട്ടിലും കുട്ടവഞ്ചിയിലും വള്ളങ്ങളിലൂടെയുമുള്ള യാത്രയാണ് പ്രധാന ആകർഷണം. 
കുട്ടികളുടെ പാർക്ക് നവീകരിച്ച് വിവിധ റൈഡുകൾ ഉൾപ്പെടുത്തി ആകർഷകമായിട്ടുണ്ട്. പെഡൽ ബോട്ടിങ്, കയാക്കിങ്, ഓപ്പൺ ജിം, ഫുഡ്കോർട്ട്, ലൈവ് ഫിഷിങ് സൗകര്യങ്ങളും സന്ദർശകരെ ആകർഷിക്കും. പ്രവേശന പാസിന് 20 രൂപയാണ്. കുട്ടികളുടെ പാർക്കിലെ റൈഡുകൾക്ക് 50 രൂപയും ബോട്ട്, പെഡൽ ബോട്ട്, കയാക്കിങ്, കുട്ടവഞ്ചി എന്നിവയ്‌ക്ക് ഒരാൾക്ക് 100 രൂപ വീതവുമാണ് ഫീസ്. 10 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇളവ് നൽകും. 
ഡിടിപിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രദീപ് പദ്ധതി വിശദീകരിച്ചു. ശാന്തി സുഭാഷ്, ഷൈജ അശോകൻ, പി ബി ഹരികുമാർ, ആർ ദീപ, ദീപ ജ്യോതിഷ്, ശോഭ സജി, വി പ്രകാശ്, എസ് ശ്രീജ, ആത്തുക്ക ബീവി, ടി മൻമഥൻ, ഫാർമേഴ്സ് ക്ലബ്‌ പ്രസിഡന്റ്‌ കെ ശിവൻകുട്ടി, സെക്രട്ടറി പ്രതീപ്, ബി പ്രസന്നൻ, പി രഘു, ജി വിജയൻ, സിനോജ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top