22 December Sunday
അരൂക്കുറ്റി–-എറണാകുളം യാത്ര

ബോട്ട്‌ പരീക്ഷണയോട്ടം നടത്തി

സ്വന്തം ലേഖകൻUpdated: Saturday Sep 14, 2024

ജലഗതാഗതവകുപ്പ് പരീക്ഷണയോട്ടത്തിൽ അരൂക്കുറ്റി ജെട്ടിയിൽ ബോട്ട്‌ അടുത്തപ്പോൾ

ചേർത്തല
അരൂക്കുറ്റിയെ എറണാകുളവുമായി ബന്ധിപ്പിക്കുന്ന പുതിയ ബോട്ട്‌ സർവീസിന്‌ പരീക്ഷണയോട്ടം നടന്നു. പാണാവള്ളി സ്‌റ്റേഷനിലെ എസ്‌ -35 സ്റ്റീൽബോട്ടാണ് പരീക്ഷണയോട്ടം നടത്തിയത്. അരൂക്കുറ്റി ജെട്ടിയിൽ ബോട്ട് സുരക്ഷിതമായി അടുപ്പിക്കാമെന്ന്‌ കണ്ടെത്തി. അരൂക്കുറ്റി–-തേവര സർവീസ് തുടങ്ങാൻ വഴിയൊരുക്കുന്നതായി പരീക്ഷണം.
അരൂക്കുറ്റി–-പനങ്ങാട്‌ സർവീസ് പരീക്ഷണയോട്ടം പരാജയമായി. ബോട്ടിന് പനങ്ങാട് ജെട്ടിയിൽ അടുക്കാൻ ആഴക്കുറവ്‌ തടസമായി. ജെട്ടിക്ക് 20 മീറ്ററോളം അകലെ ബോട്ട് എത്തിയെങ്കിലും ലാൻഡിങ് കേന്ദ്രത്തിലേക്ക് അടുപ്പിക്കാനായില്ല. ഈസമയം ചെളി ഉയർന്നുവന്നു. ഇവിടത്തെ എക്കൽ നീക്കംചെയ്‌ത്‌ മണ്ണുമാറ്റി ബോട്ടുചാൽ സുഗമമാക്കിയാലേ ബോട്ട് സർവീസ്‌ സാധ്യമാകൂ. 
രണ്ട്‌ സാധ്യതകളും പ്രയോജനപ്പെടുത്തുക ലക്ഷ്യമാക്കി മുന്നോട്ടു പോകാമെന്ന് ജലഗതാഗത വകുപ്പ് മേധാവി ഷാജി വി നായർ അറിയിച്ചു. ഭാരമേറിയ സ്റ്റീൽബോട്ടോ, വേഗ ബോട്ടോ അരൂക്കുറ്റിയിൽനിന്ന്‌ എറണാകുളം തേവര ജെട്ടിയിലേക്ക് സർവീസ്‌ നടത്തുന്നതിലെ സാധ്യതയാകും ആദ്യം പരിശോധിക്കുക. അരൂർ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട ഗതാഗതക്കുരുക്ക്‌ കണക്കിലെടുത്ത്‌ യാത്രക്കാർക്ക് എറണാകുളത്തേക്ക് എത്താനുള്ള ബദൽമാർഗമാക്കാൻ സാധ്യതയേറെയാണ്‌. 
സിപിഐ എം അരൂക്കുറ്റി ലോക്കൽ കമ്മിറ്റിയുടെയും ദലീമ എംഎൽഎയുടെയും ഇടപെടലിലാണ്‌ ജലഗതാഗത സൗകര്യം ഏർപ്പെടുത്താൻ നടപടി തുടങ്ങിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top