ആലപ്പുഴ
തൂശനിലയിൽ വിളമ്പുന്ന ഓണസദ്യയ്‌ക്ക് മുന്നിലിരിക്കുമ്പോൾ വിഭവങ്ങൾക്കും സന്തോഷത്തിനും കുറവുണ്ടാകില്ല. ക്ഷേമപെൻഷനുകൾ കൈകളിലെത്തിച്ചും വിലവർധന തടയാൻ ശക്തമായി വിപണിയിൽ ഇടപെട്ടും കീശകീറാതെ പൊന്നോണക്കാലം മലയാളിക്ക് സമ്മാനിക്കുകയാണ് ജനകീയ സർക്കാർ. സബ്‌സിഡി നിരക്കിൽ പച്ചക്കറി വിപണിയിലെത്തിച്ച് അതിൽ പങ്കാളികളാകുകയാണ് സംസ്ഥാന കൃഷി വകുപ്പിന് കീഴിലെ ഹോർട്ടികോർപ്പും. 30 ശതമാനം വരെ സബ്‌സിഡി നിരക്കിലാണ് ഇവിടെ വിൽപ്പന.
ജില്ലയിൽ ഹോർട്ടികോർപ്പ് നേരിട്ടുനടത്തുന്ന ഏഴ് സ്‌റ്റാളുകളുണ്ട്. ആലപ്പുഴയിൽ ഡിടിപിസി ജങ്ഷൻ, തിരുവമ്പാടി, പാതിരപ്പള്ളി, കലവൂർ, ചേർത്തല, തലവടി, കളർകോട് എന്നിവിടങ്ങളിലാണ് സ്‌റ്റാളുകൾ. ഇതിന് പുറമേ ആലപ്പുഴയിലും ചേർത്തലയിലും സപ്ലൈകോ നടത്തുന്ന ഓണം ഫെയറുകളിലും ഹോർട്ടികോർപ്പിന് കൗണ്ടറുകളുണ്ട്. കൃഷിവകുപ്പുമായി സഹകരിച്ച് 80 മാർക്കറ്റുകളും ഹോർട്ടികോർപ്പ് നടത്തുന്നുണ്ട്. സപ്ലൈകോ നിയമസഭ മണ്ഡലങ്ങളിൽ തുറന്ന ഓണവിപണികളിലും ഹോർട്ടികോർപ്പ് സ്റ്റാളുകളുണ്ട്.
ജില്ലയ്‌ക്ക് പുറമെ മലപ്പുറം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽനിന്നും കർഷകരിൽനിന്ന് നേരിട്ട് സംഭരിച്ചും ഉള്ളിയും കിഴങ്ങും സവാളയുമടക്കം ഇതരസംസ്ഥാനങ്ങളിൽനിന്ന് സംരഭിച്ചുമാണ് വിപണിയിൽ എത്തിക്കുന്നത്. പൊതുവിപണിയിൽ ലഭിക്കുന്നതിനെക്കാൾ മികച്ചവിലയും കർഷകർക്ക് നൽകുന്നു.
നിരക്ക്
പൊതുമാർക്കറ്റിനും
താഴെ
ഹോർട്ടികോർപ്പ് സ്റ്റാളുകളിലൂടെ പച്ചക്കറി നൽകുന്നത് 80 മുതൽ രണ്ട് രൂപ വരെ വിലക്കുറവിൽ. ഇഞ്ചിക്ക് പൊതുവിപണിയിൽ 200 രൂപയുള്ളപ്പോൾ 120 രൂപയാണ് ഹോർട്ടികോർപ്പിന്റെ വില. ബീറ്റ്‌റൂട്ടിന് 27 രൂപ വിലക്കുറവ് ലഭിക്കും.
65 രൂപയോളം പൊതുവിപണിയിൽ വാങ്ങുമ്പോൾ 28 രൂപയാണ് ഹോർട്ടികോർപ്പ് വില. ഉരുളക്കിഴങ്ങിന് 25 രൂപയോളം വിലകുറയും. ഉള്ളി പൊതുവിപണിയിൽ 70 രൂപ വിലയുള്ളപ്പോൾ 52 രൂപയ്‌ക്ക് ലഭിക്കും. വഴുതന, വെണ്ട, പാവയ്‌ക്ക, മുളക്, പടവലം, മാങ്ങ, കാരറ്റ്, കാബേജ്, ബീൻസ്, കോവക്ക, വെള്ളരി, തക്കാളി, മുരിങ്ങയ്‌ക്ക, ചേമ്പ്, ചേന എന്നിവയെല്ലാം വിലക്കുറവിൽ ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..