19 September Thursday

മായില്ല, മറയില്ല യെച്ചൂരി

സ്വന്തം ലേഖകൻUpdated: Saturday Sep 14, 2024

സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ സീതാറാം യെച്ചൂരിയുടെ ചിത്രത്തിന് മുന്നിൽ 
ജില്ലാ സെക്രട്ടറി ആർ നാസറിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു

തിരുവനന്തപുരം
പ്രിയ സഖാവ്‌ സീതാറാം യെച്ചൂരിയുടെ ഛായാചിത്രത്തിനുമുന്നിൽ ഒരുപിടി പൂക്കളുമായി നിന്നവരുടെ ഉള്ളിലേക്ക്‌ ഓടിയെത്തിയത്‌ അദ്ദേഹവുമൊത്തുള്ള നിമിഷങ്ങൾ. കമ്മിറ്റികളിൽ, യോഗങ്ങളിൽ, പാർടി ക്ലാസ്സുകളിൽ, പൊതുയോഗങ്ങളിൽ, സൗഹൃദങ്ങളിൽ.. ആത്മബന്ധമുള്ളവർ. ഓർക്കാൻ ഒരുപിടി അനുഭവമുള്ളവർ, അവർക്കൊന്നും യെച്ചൂരി ഇനിയില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാത്തതുപോലെ. നേതാക്കൾ, പ്രവർത്തകർ, ഇതര പാർടികളിൽനിന്നുള്ളവർ തുടങ്ങി വെള്ളിയാഴ്‌ചയും എ കെ ജി സെന്ററിലേക്ക്‌ എത്തിയവർ ഏറെ. 
   പൊളിറ്റ്‌ബ്യൂറോയിൽ ദീർഘകാലം സീതാറാം യെച്ചൂരിയുടെ സഹപ്രവർത്തകനായിരുന്ന എസ്‌ രാമചന്ദ്രൻ പിള്ള, സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ തോമസ്‌ ഐസക്‌, സി എസ്‌ സുജാത, പി സതീദേവി, കെ എൻ ബാലഗോപാൽ, എൽഡിഎഫ്‌ കൺവീനർ ടി പി രാമകൃഷ്‌ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങൾ, മന്ത്രിമാർ, എംഎൽഎമാർ തുടങ്ങിയവർ രാവിലെതന്നെ ഛായാചിത്രത്തിനു മുന്നിൽ പൂക്കൾ അർപ്പിച്ച്‌ മുഷ്‌ടിചുരുട്ടി.  ഇതര രാഷ്‌ട്രീയപാർടികളുടെ നേതാക്കളും എത്തിയിരുന്നു. കൂടാതെ, ജീവിതത്തിന്റെ നാനാതുറകളിലുള്ള സാധാരണക്കാരുൾപെടെയുള്ളവരും  ഛായാചിത്രത്തിനുമുന്നിൽ ആദരാഞ്ജലിയർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരുൾപെടെ പ്രധാന നേതാക്കളെല്ലാം ഡൽഹിയിലേക്ക്‌ പോയി. എം വി ഗോവിന്ദൻ വ്യാഴാഴ്‌ച യെച്ചൂരിയെ ചികിത്സിച്ചിരുന്ന എയിംസിൽ എത്തി അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. അദ്ദേഹം കേരളത്തിലേക്ക്‌ തിരിച്ച ശേഷമായിരുന്നു  യെച്ചൂരിയുടെ വേർപാട്‌. 
കഴിഞ്ഞദിവസം യെച്ചൂരി അന്തരിച്ചു എന്ന വാർത്തയറിഞ്ഞയുടൻ കേരളത്തിലുടനീളം സിപിഐ എം പതാകകൾ പകുതി താഴ്‌ത്തിക്കെട്ടിയിരുന്നു. ഒരാഴ്‌ച ദുഃഖാചരണമാണ്‌.  ഛായാചിത്രങ്ങൾ സ്ഥാപിച്ചും കറുത്ത കൊടി കെട്ടിയും നാട്‌ ദുഃഖാചരണത്തിൽ പങ്കുചേരുന്നു. പലയിടത്തും മൗനജാഥകൾ നടന്നു. ശനിയാഴ്‌ച മൃതദേഹം ന്യൂഡൽഹിയിലെ എയിംസിന്‌ കൈമാറുന്നതോടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം സർവകക്ഷി മൗനജാഥകളും അനുശോചനയോഗങ്ങളും ചേരും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top