സ്വന്തം ലേഖകൻ
ആലപ്പുഴ
ക്രിസ്‌മസിനെയും പുതുവത്സരത്തെയും വരവേൽക്കാൻ അണിഞ്ഞൊരുങ്ങി വിപണി. മുല്ലയ്‌ക്കൽ ചിറപ്പിനുള്ള ഒരുക്കങ്ങളും അവസാനഘട്ടത്തിലെത്തിയതോടെ നഗരം ആഘോഷലഹരിയിലായി. ബീച്ചുഫെസ്റ്റുകളുമായി പുതുവത്സരത്തെയും ക്രിസ്‌മസിനെയും വരവേൽക്കാൻ തീരദേശവും ഒരുങ്ങുകയാണ്. ജില്ലയെ കാത്തിരിക്കുന്നത് ഇനി ആഘോഷങ്ങളുടെ ദിനങ്ങൾ.
ജില്ലയിലെ പ്രധാന വാണിജ്യകേന്ദ്രമായ മുല്ലയ്‌ക്കൽ തെരുവിന്റെ ഇരുവശവും ക്രിസ്‌മസിനോടനുബന്ധിച്ച ഉൽപ്പന്നങ്ങളാൽ നിറഞ്ഞു. ചിറപ്പിന്റെ ഭാഗമായ ഒരുക്കങ്ങൾക്കൊപ്പം വർണനക്ഷത്രങ്ങളും പുൽക്കൂടുകളും മഞ്ഞുപെയ്യുന്ന ക്രിസ്‌മസ് ട്രീയും നിറഞ്ഞതോടെ വാണിജ്യത്തെരുവിന് ഉത്സവാന്തരീക്ഷം ലഭിച്ചു.
പതിവുപോലെ നക്ഷത്രങ്ങൾ തന്നെയാണ് ഇക്കുറിയും വിപണിയിലെ താരം. പേപ്പർ നക്ഷത്രങ്ങളെ വിപണിയിലെ ന്യൂജെൻ ഫൈബർ നിയോൺ നക്ഷത്രങ്ങളും 6 പ്ലസ് 6 നക്ഷത്രമാലയും ഇക്കുറി മറികടക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. മിന്നിമിന്നി കത്തുന്ന ആറ് വലിയ നക്ഷത്രവും ആറ് ചെറിയ നക്ഷത്രവും ഉൾപ്പെടുന്ന മാലയാണ് 6+6 സ്റ്റാർ. പേപ്പർ നക്ഷത്രങ്ങൾ 50 രൂപയിൽ തുടങ്ങുമ്പോൾ ഒരടിയോളം വലിപ്പമുള്ള പ്ലാസ്റ്റിക് നക്ഷത്രത്തിന് 400 രൂപയോളം വിലവരും. എൽഇഡി നക്ഷത്രങ്ങൾ 200ൽ തുടങ്ങും. ഫൈബറിൽ നിർമിച്ച നിയോൺ സ്റ്റാറുകൾക്ക് വലിപ്പമനുസരിച്ചാണ് വില.
പുൽക്കൂട് വിപണിയിലും ഫൈബർ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. പുൽക്കൂട് അലങ്കാരവും രൂപങ്ങളും കൂടിയാകുമ്പോൾ വിലയൽപ്പം കൂടുമെന്ന് മാത്രം. ഫൈബറിൽ നിർമിച്ച 10 സെന്റിമീറ്റർ വലിപ്പമുള്ള പുൽക്കൂട് സെറ്റിന് 2000ന് അടുത്ത് വിലവരും. വിപണിയിൽ നിലവിലുള്ള പ്ലാസ്റ്റർ ഓഫ് പാരീസ് സെറ്റുമുണ്ട്. മഞ്ഞുപോലെ വെള്ളം ചീറ്റുന്ന മിസ്റ്റ് ട്രീയാണ് ക്രിസ്‌മസ് ട്രീ വിപണിയിലെ ന്യൂജെൻതാരം. വില 10,000 കടക്കും. സാന്താക്ലോസ് വസ്‌ത്രങ്ങൾക്ക് പുറമേ ചുവപ്പും വെള്ളയും നിറങ്ങളിലുള്ള കുട്ടികളുടെയും മുതിർന്നവരുടെയും വസ്‌ത്രങ്ങളും വിപണിയിൽ ഇടംനേടിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..