17 December Tuesday
പ്രതികാരത്തിൽ വലഞ്ഞ്‌ എസ്‌എസ്‌കെ

ഭിന്നശേഷിക്കുട്ടികളോടും കേന്ദ്രത്തിന്റെ ക്രൂരത

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2024
നെബിൻ കെ ആസാദ്‌
ആലപ്പുഴ
പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിടാത്തതിലുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടിയിൽ വലഞ്ഞ്‌ ആലപ്പുഴ സമഗ്ര ശിക്ഷ കേരളവും. വിവിധ പദ്ധതികൾക്കുള്ള കേന്ദ്രവിഹിതം വൈകിക്കുന്നതിനാൽ ഓരോ വർഷവും വിദ്യാർഥികളുടെ എണ്ണത്തിന്‌ ആനുപാതികമായി സ്‌കൂളുകൾക്ക്‌ നൽകേണ്ട ഗ്രാന്റടക്കം വിവിധ പദ്ധതികളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്‌. 
കുട്ടികളുടെ മാനസികവികാസത്തിന് പര്യാപ്തമായ 13 പ്രവർത്തന ഇടങ്ങൾ സജ്ജമാക്കുന്ന സ്റ്റാർസ് വർണക്കൂടാരം പദ്ധതിയിൽ ഈ അധ്യയനവർഷം 40 സ്‌കൂളിന്‌ ഫണ്ട്‌ പാസായെങ്കിലും ഒരു സ്‌കൂളിനും നൽകാനായിട്ടില്ല. കഴിഞ്ഞ വർഷം 38 സ്‌കൂളിന്‌ ഫണ്ട്‌ പാസായി. എന്നാൽ എട്ട്‌ സ്‌കൂളിന്‌ മാത്രമാണ്‌ മുഴുവൻ തുകയും നൽകാനായത്‌. ബാക്കി 30 സ്‌കൂളിനും അവസാന ഗഡു 2,50,000 രൂപ ഇതുവരെ നൽകാൻ കഴിഞ്ഞില്ല. ഈയിനത്തിൽ മാത്രമായി 75,00,000 രൂപയാണ്‌ ആകെ ലഭിക്കാനുള്ളത്‌. 
ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിന്‌ ചെലവഴിക്കേണ്ട എസ്‌എസ്‌കെ പദ്ധതി വിഹിതമടക്കം കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്‌. ഫണ്ട്‌ ലഭിക്കാത്തതിനാൽ ശ്രവണ സഹായി, വീൽച്ചെയർ, ബെഡ്‌ തുടങ്ങിയ സഹായ ഉപകരണങ്ങളുടെ വിതരണവും മുടങ്ങി. രണ്ട്‌ കോടി രൂപയോളമാണ്‌ ഈയിനത്തിൽ ലഭിക്കാനുള്ളത്‌. ഭിന്നശേഷി വിദ്യാർഥികൾക്കുള്ള പദ്ധതികളുടെ ആസൂത്രണവും അവതാളത്തിലായി. 
ജില്ലയിൽ 331 സർക്കാർ സ്‌കൂളിനാണ്‌ എസ്‌എസ്‌കെ ഗ്രാന്റ്‌‌ നൽകുന്നത്‌. എൽപി –-187, യുപി –- 78, ഹൈസ്‌കൂൾ – -15, ഹയർസെക്കൻഡറി –- 51 എന്നിങ്ങനെ. 30 കുട്ടിവരെയുള്ള സ്‌കൂളിന്‌ 10,000, 100 കുട്ടിവരെ 25,000, -250 കുട്ടിവരെ 50,000, 1000 കുട്ടിവരെ 75,000, 1,000ന്‌ മുകളിൽ ഒരുലക്ഷം എന്നിങ്ങനെയാണ്‌ ഗ്രാന്റ്‌‌. ഇത്തവണ ഒരു സ്‌കൂളിനും ഗ്രാന്റ്‌‌ നൽകാനായില്ല. 
പഠനപോഷണ പരിപാടികളായ ഹലോ ഇംഗ്ലീഷ്, ഉല്ലാസഗണിതം, പെൺകുട്ടികൾക്കുള്ള സ്വയംപ്രതിരോധ പരിശീലനം, ഓട്ടിസം സെന്ററുകളുടെ നവീകരണം തുടങ്ങിയവയും കേന്ദ്രം മുടക്കി. ജില്ലയിലെ ബിആർസി ട്രെയിനർമാർ, സ്‌പെഷ്യൽ എഡ്യുക്കേറ്റർമാർ തുടങ്ങി 450ഓളം എസ്‌എസ്‌കെ ജീവനക്കാരുടെ ശമ്പളവും അനിശ്ചിതമായി വൈകുകയാണ്‌. സംസ്ഥാന സർക്കാർ മുൻകൂറായി പണം അനുവദിച്ചാണ്‌ ഓരോ മാസവും ശമ്പളം ലഭ്യമാക്കുന്നത്‌. ഒരു ബിആർസിയിൽ രണ്ടു വീതം സ്‌കൂളുകൾ പിഎം ശ്രീയിലാക്കണമെന്നാണ്‌ കേന്ദ്രനിർദേശം. പ്രധാനമന്ത്രിയുടെ ചിത്രം സഹിതമുള്ള ബ്രാൻഡിങ്ങാണ്‌ ആവശ്യം. പിഎം ശ്രീ സ്‌കൂളുകളിലെ സിലബസ്‌ ഉൾപ്പെടെ തീരുമാനിക്കുന്നതും കേന്ദ്രമായിരിക്കും. 60:40 എന്ന അനുപാതത്തിലാണ്‌ എസ്‌എസ്‌കെ പദ്ധതിയിലെ കേന്ദ്ര– സംസ്ഥാന വിഹിതം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top