സ്വന്തം ലേഖകൻ
മങ്കൊമ്പ്
സിപിഐ എം കുട്ടനാട് ഏരിയ സമ്മേളനത്തിന് രാമങ്കരിയിൽ പ്രൗഢഗംഭീര തുടക്കം. പി കെ കമലാസനൻ നഗറിൽ (ക്രിസ് ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു. പ്രകടനമായെത്തിയ പ്രതിനിധികൾ മാമ്പുഴക്കരി ജങ്‌ഷനിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മുതിർന്ന അംഗം കെ മോഹൻലാൽ പതാക ഉയർത്തി. പ്രസാദ് ബാലകൃഷ്ണൻ രക്തസാക്ഷി പ്രമേയവും പി കെ വേണുഗോപാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എൻ പി വിൻസന്റ്(കൺവീനർ), പി വി രാമഭദ്രൻ, എം ടി ചന്ദ്രൻ, എം വി പ്രിയ, ജോബി തോമസ് എന്നിവരാണ് പ്രസിഡീയം. വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. സ്വാഗതസംഘം കൺവീനർ സി പി ബ്രീവൻ സ്വാഗതം പറഞ്ഞു.
ഏരിയ സെക്രട്ടറി ജി ഉണ്ണികൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കെ രാഘവൻ, പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കെ അശോകൻ, കെ കെ ഷാജു എന്നിവർ പങ്കെടുത്തു. 10 ലോക്കൽ സമ്മേളനങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 100 പ്രതിനിധികളും 19 ഏരിയ കമ്മിറ്റി അംഗങ്ങളും അടക്കം 119 പേർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
ഉച്ചയ്‌ക്കുശേഷം പൊതുചർച്ച ആരംഭിച്ചു. സമ്മേളനം വെള്ളിയാഴ്ചയും തുടരും. ചർച്ചയ്ക്കും മറുപടിക്കും ശേഷം പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.
സമ്മേളനത്തിന് സമാപനംകുറിച്ച് വൈകിട്ട് നാലിന് പ്രകടനവും ചുവപ്പുസേനാ പരേഡും പൊതുസമ്മേളനവും നടക്കും. കോടിയേരി ബാലകൃഷ്ണൻ നഗറിൽ (രാമങ്കരി ലോക്കൽ കമ്മിറ്റി ഓഫീസിന് സമീപം) ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..