ആലപ്പുഴ
സംസ്ഥാന ശാസ്‌ത്രോത്സവത്തിൽ ഒന്നാമതെത്തുന്ന ജില്ലയ്ക്കായി ഇതാദ്യമായി ഏർപ്പെടുത്തിയ എജ്യൂക്കേഷൻ മിനിസ്റ്റേഴ്‌സ് ട്രോഫി നഗരിയിലെത്തി. ഇത്തവണ സംസ്ഥാന ശാസ്‌ത്രോത്സവത്തിലെ മത്സരാർഥി കൂടിയായ കറ്റാനം വെട്ടിക്കോട്ട് നന്ദനത്തിൽ അഭിനന്ദു എസ് ആചാര്യയാണ് ട്രോഫി തയ്യാറാക്കിയത്. ആലപ്പുഴയുടെ സാംസ്‌കാരിക പൈതൃകം അടയാളപ്പെടുത്തിയ ട്രോഫിയാണ് തയ്യാറായിരിക്കുന്നത്.
തേക്കിൻ തടിയും പിച്ചളയും ചേർത്ത് നിർമിച്ച രണ്ടടി ഉയരമുള്ള ട്രോഫിക്ക് അഞ്ചു കിലോഗ്രാം ഭാരമുണ്ട്. ആലപ്പുഴയുടെ പൈതൃകമായ ചുണ്ടൻവള്ളവും വീടുവഞ്ചിയും വിളക്കുമാടവും തെങ്ങുമെല്ലാം ഇണക്കിച്ചേർത്ത് നിർമിച്ച ട്രോഫിയിൽ രണ്ടു കുട്ടികൾ ചേർന്ന് താങ്ങിനിർത്തിയ വളയത്തിനുള്ളിൽ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ പതിച്ചിട്ടുണ്ട്. ഇത് ഓരോ വർഷവും മാറ്റാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ട്രോഫി കമ്മിറ്റി കൺവീനറായ മഹേഷ് എം ചേപ്പാടാണ് ശിൽപനിർമാണത്തിൽ പ്രശസ്തനായ അഭിനന്ദുവിനെ സംഘാടക സമിതിക്കു വേണ്ടി ദൗത്യം ഏൽപ്പിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കിയ ട്രോഫിക്ക് മുളക്കുഴ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ വരവേൽപ് നൽകി.
ട്രോഫി കമ്മിറ്റിക്ക് നേതൃത്വം നൽകുന്ന ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം ജോർജ് എസ്ഐഇടി ഡയറക്ടർ ബി അബുരാജിന് ട്രോഫി കൈമാറി. കലോത്സവ മാതൃകയിലാണ് ഓവറോൾ ജേതാക്കളാവുന്ന ജില്ലക്ക് പ്രത്യേക ട്രോഫി നൽകുന്നത്.
മുളക്കുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന വരവേൽപ് ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സദാനന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം സി കെ ഹേമലത, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ മോഹൻ, എഇഒ റീന, സ്‌കൂൾ പ്രിൻസിപ്പൽ ബി അംബിക, ജി കൃഷ്ണകുമാർ, കെ പി പ്രദീപ്, ബീന ചിറമേൽ, ഡി സുനിൽ കുമാർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..