15 November Friday
ശാസ്‌ത്രോത്സവത്തിന്‌ നാടൊരുങ്ങി

ശാസ്‌ത്രജ്ഞരേ 
ഇതിലേ ഇതിലേ...

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്‍കൂൾ ശാസ്‍ത്രമേളയുടെ മുന്നോടിയായി നഗരത്തിൽ സംഘടിപ്പിച്ച വിളംബര ഘോഷയാത്രയിലെ ബാൻഡ് സംഘം

 സ്വന്തം ലേഖിക

ആലപ്പുഴ
ആലപ്പുഴ നഗരത്തിൽ ആഘോഷസായാഹ്നമൊരുക്കി സംസ്ഥാന സ്കൂൾശാസ്ത്രോത്സവ വിളംബര ജാഥ. വാദ്യമേളങ്ങളുടെയും അമ്മൻകുടത്തിന്റെയും ബാൻഡ് സെറ്റിന്റെയും അകമ്പടിയോടെ തുടങ്ങിയ ജാഥയിൽ  1000ത്തോളം വിദ്യാർഥികളും 200ലധികം അധ്യാപകരും അണിനിരന്നു. വിളംബര ഘോഷയാത്രക്ക് മുന്നോടിയായി വ്യാഴം രാവിലെ  ഇട്ടി അച്യുതൻ വൈദ്യരുടെ ചേർത്തല കടക്കരപ്പള്ളിയിലെ സ്മൃതി കുടീരത്തിൽ നിന്നും ആരംഭിച്ച പതാക ജാഥ ദലീമ എംഎൽഎ ഉദ്ഘാടനം ചെയ്തു. തുടർന്ന്   ചേർത്തല, അരൂർ, ആലപ്പുഴ മണ്ഡലങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ട് ആലപ്പുഴ മുനിസിപ്പൽ ശതാബ്ദി മന്ദിരത്തിൽ സംഗമിച്ചു.
ഹരിത വിപ്ലവത്തിന്റെ നായകൻ എം എസ് സ്വാമിനാഥന്റെ  മങ്കൊമ്പ് തറവാട് വീട്ടിൽ നിന്നും ആരംഭിച്ച ദീപശിഖാറാലി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം വി പ്രിയ ഉദ്ഘാടനം ചെയ്തു.  കുട്ടനാട്, ഹരിപ്പാട്, അമ്പലപ്പുഴ മണ്ഡലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശതാബ്ദി മന്ദിരത്തിൽ എത്തിച്ചേർന്നു.
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ്‌ നേടുന്ന ജില്ലക്ക് ശാസ്ത്രമേള സംഘാടകസമിതി ഏർപ്പെടുത്തി പ്രത്യേകം രൂപകൽപ്പന ചെയ്ത എജ്യുക്കേഷൻ മിനിസ്റ്റേഴ്സ് ട്രോഫിയും വഹിച്ചുള്ള വാഹന ഘോഷയാത്ര ഗവ. വിഎച്ച്എസ്എസ് മുളക്കുഴയിൽ നിന്ന് ആരംഭിച്ചു. ട്രോഫി വരവേൽപ് ചടങ്ങ് എസ്ഐഇടി ഡയറക്ടർ ബി അബുരാജ് ഉദ്ഘാടനം ചെയ്തു. മുളക്കുഴ  പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ സദാനന്ദൻ  അധ്യക്ഷനായി.തുടർന്ന് ചെങ്ങന്നൂർ , മാവേലിക്കര, കായംകുളം മണ്ഡലങ്ങളിലൂടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ശതാബ്ദി മന്ദിരത്തിൽ എത്തിയത്. മൂന്ന് ജാഥകളും ശതാബ്ദി മന്ദിരത്തിൽ എത്തിച്ചേർന്നതിനെ തുടർന്നാണ് വിളംബരജാഥ ആരംഭിച്ചത്.
ആലപ്പുഴ നഗരസഭ ശതാബ്‌ദി മന്ദിരത്തിൽ നിന്നും വൈകിട്ട് ആരംഭിച്ച വിളംബര ഘോഷയാത്ര എച്ച് സലാം എംഎൽഎ  ഫ്ലാഗ് ഓഫ് ചെയ്തു.  സംഘാടകസമിതി ചെയർമാൻ മന്ത്രി  സജി ചെറിയാൻ, പി പി ചിത്തരഞ്ജൻ എംഎൽഎ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി രാജേശ്വരി, ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൻ കെ കെ ജയമ്മ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  ടി എസ് താഹ, ആർ റിയാസ്, വിദ്യാഭ്യാസ ഉപഡയറക്ടർ ഇ എസ് ശ്രീലത എന്നിവർ ഘോഷയാത്രയിൽ  പങ്കെടുത്തു. 
സംസ്ഥാന സ്കൂൾ കായിക മേളയിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി ആലപ്പുഴയുടെ അഭിമാനമായി മാറിയ സെന്റ്‌ ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആർ ശ്രേയ പതാകയേന്തി. മേളയുടെ ദീപശിഖക്ക് പിറകിലായി അത്‌ലീറ്റുകളും അണിനിരന്നു.
ജില്ലാ സ്‌പോർട്സ് കൗൺസിൽ കായികതാരങ്ങളും സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്ത ആലപ്പുഴ ജില്ലയിലെ കായിക താരങ്ങളും റോവിങ് താരങ്ങളും അണിനിരന്നു.നഗരത്തിലെ വിവിധ വിദ്യാലയങ്ങളിലെ എൻസിസി, എസ്‌പിസി, സ്‌കൗട്ട് ആൻഡ്‌ ഗൈഡ് വിദ്യാർഥികളുടെ മാർച്ച് പാസ്റ്റും വിളംബരജാഥക്ക് മിഴിവേകി. വിളംബരഘോഷയാത്ര ശാസ്‌ത്രോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ്‌ ജോസഫ്‌സ്‌ സ്‌കൂളിൽ സമാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top