മുഹമ്മ
ലോക ഭക്ഷ്യദിനത്തിൽ വിശപ്പ് രഹിത മാരാരിക്കുളം പദ്ധതിയിലൂടെ 400 അശരണർ വിദ്യാർഥികളുടെ കരുതലിന്റെയും സ്നേഹത്തിന്റെയും രുചി നുണയും. ബുധനാഴ്ച ഭക്ഷ്യദിനം ആചരിക്കുമ്പോൾ മുഹമ്മ, മണ്ണഞ്ചേരി, ആര്യാട് പ്രദേശത്ത് വിശപ്പ് എന്തെന്നറിഞ്ഞ അശരണർക്കും അനാഥലയങ്ങളിലെ അന്തേവാസികൾക്കും അന്നം നൽകുന്നത് മുഹമ്മ എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ എൻ എസ് എസിന്റെ രണ്ട് യൂണിറ്റുകൾ.
ഇതിലേയ്ക്കായി അരിയും പച്ചക്കറികളും കൈമാറി. മണ്ണഞ്ചേരിയിലെ പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ ജനകീയഅടുക്കളയിൽ നിന്നാണ് ഇവർക്ക് ഭക്ഷണം എത്തിച്ചു നൽകുക. ഏഴുവർഷത്തിലേറെയായി മുടങ്ങാതെ വിശപ്പ് രഹിത മാരാരിക്കുളം പദ്ധതി മുന്നോട്ടു പോകുമ്പോൾ ഇതിന് പിന്തുണ നൽകുകകൂടിയാണ് വിദ്യാർഥികൾ. കൂടാതെ ബുധനാഴ്ച ചേർത്തലയിൽ വിശപ്പ് രഹിത പദ്ധതിയിലൂടെ എൻ എസ് എസ് വളന്റിയർമാർ ഭക്ഷണപ്പൊതികളും നൽകും.
സ്കൂളിൽ ചേർന്ന ചടങ്ങിൽ പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് രക്ഷാധികാരി ആർ റിയാസ് അരി ഏറ്റുവാങ്ങി. പി ടി എ പ്രസിഡന്റ് കെ എസ് ലാലിച്ചൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയ, പ്രഥമാധ്യാപിക നിഷ ദയാനന്ദൻ, പ്രോഗ്രാം ഓഫീസർമാരായ എ വി വിനോദ് , കെ ആർ സുചിത്ര, മുൻ പ്രോഗ്രാം ഓഫീസർ എൽ അർച്ചന, സീനിയർ അസിസ്റ്റന്റ് എസ് പ്രവീൺ, ജോസ് ചാക്കോ, വളന്റിയർ ലീഡർമാരായ ശ്രീഹരി സുരേഷ്, എ എം ശ്രീഹരി, ആദിത്യ ഷിബു, സി എ അശ്വതി എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..