ആലപ്പുഴ
‘പത്രം വായിക്കാനും ശ്രദ്ധേയമായവ കുറിച്ചുവയ്‌ക്കാനും മക്കൾക്ക് പ്രചോദനമായത് ദേശാഭിമാനി അക്ഷരമുറ്റമാണ്. ഇരട്ടകളായ ഇരുവർക്കും ചേട്ടൻ അദ്വൈതാണ് മാതൃക’. സെന്റ് ജോസഫ്‌സ് എച്ച്‌എസ്‌എസിൽ സാമൂഹ്യശാസ്‌ത്ര ക്വിസ് വേദിക്ക് പുറത്തിരുന്ന് മക്കളുടെ മികവിന് ദേശാഭിമാനി കരുത്തായത് എങ്ങനെയെന്ന് കെ എൽ പ്രീത പറയുമ്പോൾ മത്സരത്തിൽ കുതിയ്‌ക്കുകയായിരുന്നു മകൾ അനന്യ.
തിരുവനന്തപുരം ചാലാംകോണം മടവൂർ ഗീതഭവനിൽ പി എസ് അനന്യ സാമൂഹ്യശാസ്‌ത്ര ക്വിസിൽ രണ്ടാം സ്ഥാനംനേടി. ശാസ്‌ത്രക്വിസിൽ സഹോദരൻ പി എസ് ആദിദേവിന് എ ഗ്രേഡുമുണ്ട്. രണ്ടാംക്ലാസ് മുതൽ അക്ഷരമുറ്റം ടാലന്റ്‌ഫെസ്റ്റിൽ മത്സരിക്കുന്നവരാണ് പത്താംക്ലാസുകാരായ ഇരുവരും. അന്യന മൂന്ന് തവണ സംസ്ഥാന വിജയിയായി. ആദിദേവ് ഒരുതവണയും. സംസ്ഥാന സ്കൂൾ ശാസ്‌ത്രോത്സവത്തിൽ ശാസ്‌ത്രക്വിസിൽ മൂന്ന് തവണ ആദിദേവ് ഒന്നാംസ്ഥാനം നേടി. യുവജന ക്ഷേമ ബോർഡിന്റെ ക്വിസ് മത്സരത്തിലും ഇരുവരുടെയും ടീം ഒന്നാമതായി.
ആറ്റിങ്ങൽ ഇളമ്പ ജിഎച്ച്‌എസ്‌എസിലെ അധ്യാപകൻ എസ് സുനിൽകുമാറിന്റെയും തിരുവനന്തപുരം മടവൂർ എൽപി സ്‌കൂൾ അധ്യാപിക കെ എൽ പ്രീതയുടെയും മക്കളാണ്. സഹോദരൻ അദ്വൈത് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..