21 December Saturday

അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കാൻ ചിലർ 
ശാസ്ത്രസ്ഥാപനങ്ങളെ ഉപയോഗിക്കുന്നു: മുഖ്യമന്ത്രി

സ്വന്തം ലേഖികUpdated: Saturday Nov 16, 2024

സംസ്ഥാന ശാസ്‍ത്രോത്സവത്തിന്റെ ഉദ്‌ഘാടനവേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കുന്നു. എച്ച് സലാം എംഎല്‍എ, മന്ത്രിമാരായ പി പ്രസാദ്, സജി ചെറിയാന്‍ എന്നിവര്‍ സമീപം

 

ആലപ്പുഴ 
ഭരണഘടനാസ്ഥാനങ്ങളിൽ ഇരിക്കുന്നവർ തന്നെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കാൻ ശ്രമിക്കുമ്പോൾ വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിന്‌  നിർണായക പങ്കുവഹിക്കാൻ ശാസ്ത്രോത്സവങ്ങൾക്കാകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. 56–-ാമത്‌ കേരള സ്‌കൂൾ ശാസ്‌ത്രോത്സവം, വൊക്കേഷണൽ എക്‌സ്‌പോ ആൻഡ്‌ കരിയർ ഫെസ്റ്റ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും അശാസ്ത്രീയതയ്ക്കും മേൽക്കൈ ഉണ്ടാക്കാൻ ചില ശക്തികൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. ശാസ്ത്രസ്ഥാപനങ്ങളെപ്പോലും തെറ്റായ രീതിയിൽ ഉപയോഗിച്ചുകൊണ്ടാണിത്‌ ചെയ്യുന്നത്‌. ഒരുവശത്ത്, അശാസ്ത്രീയതകളെ ശാസ്ത്രീയ സത്യങ്ങളായി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുകയും മറുവശത്ത്, പരിണാമസിദ്ധാന്തം അടക്കമുള്ളവയെ പുസ്തകങ്ങളിൽനിന്ന്‌ ഒഴിവാക്കുകയുമാണ്‌ ഇക്കൂട്ടർ. അതിനാൽ, വർഷംതോറും നടത്തുന്ന മത്സരങ്ങൾ എന്നതിലുപരി സാമൂഹ്യപുരോഗതിക്കായി ശാസ്‌ത്രബോധം സൃഷ്‌ടിക്കുന്ന ഇടമായി ശാസ്‌ത്രോത്സവം മാറണം.
ശാസ്ത്രബോധത്തിന്‌ ഇടമില്ലാതിരുന്ന കാലത്ത്‌ നവോത്ഥാന, പുരോഗമന പ്രസ്ഥാനങ്ങളാണ് മനുഷ്യരെ ശാസ്ത്രചിന്തയിലേക്കു കൈപിടിച്ചുയർത്തിയത്. ആ പുരോഗതി നിലനിർത്താനാണ്‌ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്‌. ശാസ്ത്രമുൾപ്പെടെ ഏതു മേഖലയിലും മുന്നോട്ടു പോകണമെങ്കിൽ മികച്ച ഗവേഷണങ്ങൾ നടക്കേണ്ടതുണ്ട്. രാജ്യത്ത്‌ ആകെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 0.7 ശതമാനം മാത്രമാണ് ഗവേഷണത്തിനായി ചെലവഴിക്കുന്നത്. എന്നാൽ കേരളം വേറിട്ടു നിൽക്കുകയാണ്‌. സംസ്ഥാന ബജറ്റിൽ 3,500 കോടി രൂപയുടെ പ്രത്യേക റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്‌ ബജറ്റ് മുന്നോട്ടുവച്ചു.  ഗവേഷണഫലത്തിലെ അറിവുകൾ പൊതുസമൂഹത്തിന് ഉപകരിക്കുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളുമായി പരിവർത്തനം ചെയ്യുന്നതിന്‌ ട്രാൻസ്‌ലേഷണൽ റിസർച്ച് ലാബുകളും രൂപീകരിച്ചു. 10 സർവകലാശാലകളിലായി 200 കോടി രൂപ മുതൽമുടക്കിലാണ് ഇവ ഒരുക്കുന്നത്. ലോകത്തുണ്ടാകുന്ന ഏതു വിജ്ഞാനത്തെയും  കേരളത്തിൽ നിന്നുകൊണ്ടുതന്നെ സ്വാംശീകരിക്കാൻ കഴിയണമെന്നാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌. അതിനോടൊപ്പം തദ്ദേശീയമായ ജ്ഞാനോൽപാദനവും വേണം. അതിന്‌ സഹായകരമാകുന്ന തരത്തിൽ സംസ്ഥാനത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റും.  
ശാസ്ത്രഗവേഷണങ്ങൾ മനുഷ്യന്റെ നല്ല ഭാവിക്ക്‌ ഉപയോഗിക്കുന്നതിനോടൊപ്പം ലോകത്തിന്റെ ഹരിത ഭാവി കൂടി ലക്ഷ്യമിടുന്നതായിരിക്കണം. അതിനുതകുന്ന ചർച്ചകൾ ശാസ്ത്രോത്സവങ്ങളുടെ ഭാഗമായി ഉയർന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top