02 October Wednesday

യുവഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധം ഉയരണം: സി എസ് സുജാത

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

കൊൽക്കത്തയിൽ യുവഡോക്ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതിനെതിരെ 
കായംകുളം നഗരത്തിൽ എഐഡിഡബ്ല്യുഎ നടത്തിയ പ്രതിഷേധപ്രകടനം

ആലപ്പുഴ
കൊൽക്കത്തയിൽ യുവഡോക്ടറുടെ ക്രൂരമായ ബലാത്സംഗക്കൊലക്കെതിരെ നാടെങ്ങും അതിശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത പറഞ്ഞു. കൊൽക്കത്ത സംഭവത്തിനെതിരെ കായംകുളം നഗരത്തിൽ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ നടത്തിയ പ്രതിഷേധപ്രകടനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സുജാത. സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് അതീവ ഗുരുതരസംഭവമാണ്.  ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും തൊഴിലാളികളുടെയും ഡോക്ടർമാരുൾപ്പെടെയുള്ള സ്ത്രീ ജീവനക്കാരുടെയും സുരക്ഷ തുടർച്ചയായി അവഗണിക്കപ്പെടുന്നു. ഇവിടെ 36 മണിക്കൂർ വരെ ഡ്യൂട്ടി ചെയ്യാൻ ഡോക്ടർ നിർബന്ധിതയായി. പക്ഷേ അവർക്ക് വിശ്രമിക്കാൻ  സുരക്ഷിത സ്ഥലമില്ല.  ആശുപത്രിയിൽ ഡോക്ടർമാർക്ക് ഇരിക്കാൻ പ്രത്യേക മുറിയില്ല.  ഇത്രയും പൈശാചികമായ കുറ്റകൃത്യം സംഭവിച്ചിട്ടും ഇതൊരു ആത്മഹത്യയായി പ്രഖ്യാപിക്കാനാണ് ആശുപത്രി അധികൃതർ ശ്രമിച്ചത്. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാരുടെ ഇടപെടലും ജനരോഷവും കാരണം സത്യം പുറത്തുവന്നു.  കുറ്റക്കാർക്കെതിരെ ഉടൻ കേസെടുത്ത് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് സുജാത ആവശ്യപ്പെട്ടു. 
    സംഭവത്തെ കുറിച്ച് ശരിയായ അന്വേഷണം നടത്തണം. ഇത്തരം ക്രൂരമായ കുറ്റകൃത്യത്തിനെതിരെ സമൂഹമെന്ന നിലയിൽ ഉണർന്നു പ്രവർത്തിക്കാനും പ്രതിഷേധിക്കാനും നമുക്ക് സാധിക്കണം.  രാജ്യത്തെ എല്ലാ സ്ത്രീകൾക്കും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള പോരാട്ടത്തിൽ എല്ലാവരും അണിചേരണമെന്നും സുജാത അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top