ആലപ്പുഴ
ജില്ലയിൽ 22ന് നടക്കുന്ന തദ്ദേശ അദാലത്തിലേക്ക് ഓൺലൈനായി ഇതുവരെ 800 അപേക്ഷകൾ ലഭിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കാൻ മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയിലാണ് അദാലത്ത് നടത്തുക.ആലപ്പുഴ എസ്ഡിവി സെന്റിനറി ഹാളിൽ രാവിലെ 8.30നാണ് അദാലത്ത്. അദാലത്ത് വേദിയിൽ ലഭിക്കുന്ന പരാതികൾ സ്വീകരിക്കാനും പരിഹരിക്കാനുമുള്ള സംവിധാനം ഒരുക്കും.
ബിൽഡിങ് പെർമിറ്റുമായി ബന്ധപ്പെട്ട 130 പരാതികൾ ലഭിച്ചു. പബ്ലിക് അമിനിറ്റീസ് എന്ന വിഭാഗത്തിലാണ് ഏറ്റവും അധികം പരാതികൾ ഓൺലൈനായി ലഭിച്ചത്. 483 പരാതികളാണ് ഈ വിഭാഗത്തിൽ ലഭിച്ചത്.
അദാലത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ കലക്ടർ അലക്‌സ് വർഗീസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. അദാലത്ത് ദിവസം സെന്റീനറി ഹാളിന് സമീപം മെഡിക്കൽ സംഘത്തിന്റെയും ആംബുലൻസിന്റെയും സേവനം ജില്ല മെഡിക്കൽ ഓഫീസർ ഉറപ്പുവരുത്തും. അഗ്നി രക്ഷാസേനയുടെ സേവനവും സജ്ജമാക്കും. അദാലത്ത് ദിവസത്തേക്കുള്ള പാർക്കിങ് പ്ലാൻ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ തയാറാക്കാനും തീരുമാനിച്ചു. കുടിവെള്ളം ലഭ്യമാക്കാനും ലഘുഭക്ഷണം വാങ്ങി കഴിക്കുന്നതിനുള്ള കഫേകൾ ഏർപ്പെടുത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ചെയർപേഴ്സണായിട്ടുള്ള സംഘാടക സമിതിയും പ്രവർത്തിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..