ഫെബിൻ ജോഷി
ആലപ്പുഴ
കർക്കടക മാസത്തിൽ കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തിയ 40 നാലമ്പല ദർശന ട്രിപ്പുകളിലൂടെ സമാഹരിച്ചത് 10,50,320 രൂപ. ജില്ലയിൽ നിന്നും കോട്ടയം -പാലാ രാമപുരം നാലമ്പല ദർശനത്തിന് 25 ട്രിപ്പുകളും തൃശൂർ നാലമ്പല ദർശനത്തിന് 15 ട്രിപ്പുകളുമാണ് നടത്തിയത്. മാവേലിക്കര ഡിപ്പോ കൂടുതൽ ട്രിപ്പുകൾ നടത്തിയപ്പോൾ ഹരിപ്പാട് ഡിപ്പോ കൂടുതൽ കലക്ഷൻ നേടി. 1634 പേർ യാത്രയുടെ ഭാഗമായി. കഴിഞ്ഞ മൂന്നു വർഷമായി ജില്ലയിലെ ഏഴ് ഡിപ്പോകളിൽനിന്ന് 99 നാലമ്പല ദർശന യാത്രകളാണ് ബജറ്റ് ടൂറിസം സെൽ നടത്തിയത്. 2022ൽ 30, 2023ൽ 29 എന്നിങ്ങനെ 59 ട്രിപ്പുകൾ നടത്തി. ഈ മാസം ഇതുവരെ നടത്തിയ പഞ്ചപാണ്ഡവ ക്ഷേത്ര ദർശനത്തിലൂടെ 2,12,520 രൂപയും ജില്ലയിലെ ബജറ്റ് ടൂറിസം സെൽ വരുമാനം നേടി. ഹരിപ്പാട് -ഡിപ്പോയിൽനിന്ന് 149 പേരുമായി മൂന്ന് ട്രിപ്പും മാവേലിക്കര ഡിപ്പോയിൽനിന്ന് 104 യാത്രക്കാരുമായി രണ്ട് ട്രിപ്പുമാണ് നടത്തിയത്. 840 രൂപയാണ് ടിക്കറ്റ് നിരക്ക്.
വള്ളസദ്യ ഉണ്ണാം;
മഹാഭാരത ഐതിഹ്യമറിയാം
ആറന്മുള സദ്യയോടൊപ്പം പഞ്ചപാണ്ഡവക്ഷേത്രങ്ങളിൽ ദർശനത്തിന് അവസരമൊരുക്കുകയാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലെ വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് "മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർഥയാത്ര’ എന്ന ടാഗ് ലൈനിൽ യാത്ര സംഘടിപ്പിക്കുന്നത്. തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നിവയാണ് ക്ഷേത്രങ്ങൾ. ധർമപുത്രൻ, ഭീമസേനൻ, അർജുനൻ, നകുലൻ, സഹദേവൻ എന്നിവർ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഇവിടങ്ങളിൽ പ്രതിഷ്ഠ എന്നാണ് സങ്കൽപ്പം. കുന്തി പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന മുതുകുളം പാണ്ഡവർകാവ് ദേവി ക്ഷേത്രവും കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും സന്ദർശിക്കും. വനവാസകാലത്ത് പാണ്ഡവർ ഇവിടെയെത്തിയെന്നും മൺപാത്ര നിർമാണത്തിന് ഉപയോഗിച്ചിരുന്ന ചെളി കൊണ്ട് കുന്തി തേവാരമൂർത്തിയായ ദുർഗാദേവിയുടെ വിഗ്രഹം നിർമിച്ച് ആരാധിച്ചു എന്നുമാണ് ഐതിഹ്യം. കൗരവർ കണ്ടെത്തുമെന്ന് ഭയന്ന് പാണ്ഡവർ അപൂർണമാക്കി ഉപേക്ഷിച്ചതാണ് കവിയൂർ തൃക്കക്കുടി ഗുഹാക്ഷേത്രം എന്നും കരുതപ്പെടുന്നു.
ആറന്മുള വള്ളസദ്യയിലെ ചടങ്ങുകൾ കാണുന്നതിനും 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിലും തീർഥാടകർക്ക് പങ്കെടുക്കാം. പ്രസിദ്ധമായ ആറൻമുളക്കണ്ണാടിയുടെ നിർമാണം നേരിൽ കാണാനും സൗകര്യമുണ്ടാകും. ഒക്ടോബർ രണ്ടു വരെയാണ് ട്രിപ്പുകൾ. ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങളുടെയും വഴിപാടുകളുടെയും ക്ഷേത്രനിർമിതിയുടെയും വിശദവിവരങ്ങളടങ്ങിയ ഓഡിയോ ടൂർ ഗൈഡും ലഭിക്കും.
ചേർത്തല ഡിപ്പോയിൽനിന്ന് 19നും -24നും 31 നും- സെപ്തംബർ 10നും 28നും പഞ്ചപാണ്ഡവ ക്ഷേത്രദർശന ട്രിപ്പുകളുണ്ട്. ഹരിപ്പാട് ഡിപ്പോ–-21, 23, സെപ്തംബർ 5 തീയതികളിലും മാവേലിക്കര–-28, സെപ്തംബർ ആറ്, 29 -തീയതികളിലും ആലപ്പുഴ–-30, സെപ്തംബർ 12 -തീയതികളിലും പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം നടത്തും. കൂടുതൽ വിവരങ്ങൾക്ക്: ജില്ലാ കോ–-ഓർഡിനേറ്റർ ഐ ഷെഫീക്ക്–- 9846475874.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..