21 December Saturday
ആലപ്പുഴ ബൈപ്പാസ്‌ രണ്ടാംഘട്ട നിർമാണം

സ്വപ്‌നദൂരം താണ്ടിയത്‌ അതിവേഗം

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

ആലപ്പുഴ ബൈപ്പാസിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉയരപ്പാതയുടെ ഉപരിതല കോൺക്രീറ്റിങ്ങും പുരോഗമിക്കുന്നു

 ആലപ്പുഴ

പതിറ്റാണ്ടുകളുടെ കാത്തിരിപ്പില്ല, തർക്കങ്ങളില്ല.. ആലപ്പുഴ ബൈപ്പാസിന്റെ രണ്ടാംഘട്ട നിർമാണം പുരോഗമിക്കുന്നത്‌ അതിവേഗം. കളർകോട് നിന്നും ആരംഭിച്ച് കൊമ്മാടിയിൽ അവസാനിക്കുന്ന ബൈപ്പാസിന്റെ ഉപരിതല കോൺക്രീറ്റിങ്‌ ജോലികൾ പുരോഗമിക്കുകയാണ്‌. 
   വിജയ് പാർക്കിന്‌ തെക്ക്‌ തൂണുകൾക്ക്‌ മുകളിലാണ് കോൺക്രീറ്റ്‌ ചെയ്യുന്നത്‌. സ്‌പാനുകളും ഗർഡറുകളും സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി. പാലത്തിന്റെ മൂന്ന്‌ സ്‌പാനുകൾ ഒരു ഘട്ടമായാണ്‌ കോൺക്രീറ്റ്‌ ചെയ്യുന്നത്‌. ആകെ 95 സ്‌പാനുകളാണുള്ളത്. സ്ലാബ് കോൺക്രീറ്റ് ചെയ്ത് 28 ദിവസം കഴിഞ്ഞാകും തട്ട് ഇളക്കുക. നിലവിൽ ഒരു സ്ലാബ്‌ കോൺക്രീറ്റ്‌ ചെയ്യാൻ 15 ദിവസം വേണം. കൂടുതൽ തൊഴിലാളികളെത്തുന്നതോടെ ഇത്‌ മൂന്നു ദിവസമായി കുറയും.
ഒരു സ്‌പാനിൽ സമാന്തരമായി നാലു ഗർഡറുകളാണ് സ്ഥാപിച്ചിരിക്കുന്നത്‌. അതിന് മുകളിൽ 220 മില്ലീമീറ്റർ കനത്തിലാണ് ഹൈ ഗ്രേഡ് കോൺക്രീറ്റിൽ ഡെക്ക്‌ സ്ലാബുകൾ നിർമിക്കുന്നത്‌. പിന്നീട്‌ ക്രാഷ്‌ ബാരിയറുകളും സ്ഥാപിക്കും. ഉപരിതല കോൺക്രീറ്റ് നടത്തി ബാരിയറുകൾ സ്ഥാപിച്ച്‌ ടാറിങ്‌ പൂർത്തിയാക്കുന്നതോടെ ദേശീയപാതയുടെ ഭാഗമായ രണ്ടാമത്തെ ബൈപ്പാസും ഗതാഗതയോഗ്യമാകും. നിലവിൽ 12 മീറ്റർ വീതിയിലുള്ള രണ്ടുവരിപ്പാതയിലാണ്‌ ഗതാഗതം. 14 മീറ്റർ വീതിയിൽ മൂന്നുവരിപ്പാത കൂടി വരുന്നതോടെ ബൈപ്പാസിൽ അഞ്ചുവരി ഗതാഗതം സാധ്യമാകും.  
നിലവിൽ 75 ശതമാനം ജോലികൾ പൂർത്തിയായി. പ്രതികൂല കാലാവസ്ഥയും ഉത്സവകാലമായതിനാൽ തൊഴിലാളിയുടെ കുറവുമെല്ലാം നിർമാണവേഗം കുറച്ചു. 6.8 കിലോമീറ്ററാണ്‌ ബൈപ്പാസിന്റെ ആകെ നീളം. 3.43 കിലോ മീറ്റർ മൂന്നുവരി ഉയരപ്പാതയാണ്‌ നിർമിക്കുന്നത്‌. 382 കോടിയാണ്‌ നിർമാണച്ചെലവ്‌.​ ബീച്ചിലേക്ക്‌ ഉൾപ്പെടെ ഇരുസൈഡിലേക്കും റാമ്പുകളുമുണ്ടാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top