കൊച്ചി
സിനിമ സ്റ്റൈൽ അറസ്റ്റ്, രക്ഷപ്പെടൽ, തിരച്ചിൽ, വീണ്ടും അറസ്റ്റ്. നാലുമണിക്കൂർ നീണ്ട നാടകീയരംഗങ്ങൾക്കൊടുവിലാണ് കുറുവ മോഷണസംഘത്തിലെ സന്തോഷിനെയും മണികണ്ഠനെയും ശനി രാത്രി പൊലീസ് പിടികൂടിയത്. കുണ്ടന്നൂർ–-തേവര പാലത്തിനടിയിൽ പ്രത്യേകകൂടാരം ഒരുക്കിയാണ് സംഘം കഴിഞ്ഞിരുന്നത്. രണ്ടു പുരുഷന്മാർ അടക്കം ഏഴ് മുതിർന്നവരും കുഞ്ഞുങ്ങളും സംഘത്തിലുണ്ടായിരുന്നു. മൂന്നു മാസംമുമ്പാണ് ഇവർ ഇവിടെയെത്തിയത്.
പാലത്തിനടിയിൽ കാടുമൂടിയ പ്രദേശത്തോടുചേർന്ന് ചതുപ്പില്‍ തറനിരപ്പിൽ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കൂടാരം നിർമിച്ചായിരുന്നു താമസം. കൂടാരത്തിനകത്ത് നിലത്ത് പ്രത്യേകം കുഴിയെടുത്ത് ഒളിയിടമൊരുക്കി. ഇതരസംസ്ഥാനക്കാരായ കുട്ടവഞ്ചി മത്സ്യത്തൊഴിലാളികൾ വർഷങ്ങളായി ഉപജീവനത്തിന് താമസിക്കുന്ന പ്രദേശയമായതിനാൽ നാട്ടുകാർക്കടക്കം സംശയം തോന്നിയില്ല. ആക്രി പെറുക്കി ജീവിക്കുന്നവരാണെന്നാണ് മത്സ്യത്തൊഴിലാളികളെ ധരിപ്പിച്ചത്. ഇവർ വലിയ ശല്യമായിരുന്നെന്നും തമ്മിൽ വഴക്കിടാറുണ്ടെന്നും തങ്ങളോടും മോശമായാണ് പെരുമാറിയതെന്നും ഇവിടെയുള്ള താമസക്കാരി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..